വി. മുരളീധരൻ ഷെയ്ഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ യുഎഇ സാംസ്കാരിക വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ, തൊഴിലാളി ക്ഷേമപദ്ധതികൾ, അന്താരാഷ്ട്രപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഹ്രസ്വസന്ദർശനത്തിനായി തിങ്കളാഴ്ച യുഎഇയിലെത്തിയ മുരളീധരനെ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ സ്വീകരിച്ചു.

ബുധനാഴ്ച ജബൽ അലി ഡൽഹി പബ്ലിക്ക് സ്കൂളിൽ ബ്ലൂ കോളർ തൊഴിലാളികൾക്കായുള്ള നൈപുണി വികസനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം മുരളീധരൻ നിർവഹിക്കും. വൈകിട്ട് നാലിനാണ് ചടങ്ങ്. വ്യാഴാഴ്ച രാവിലെ 11ന് അജ്മാനിലെ ബാഹി അജ്മാൻ പാലസിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ പീപ്പിൾ ഫോറം കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

അജ്മാൻ റൂളേഴ്സ് കോർട്ട് ചെയർമാൻ ഷെയ്ഖ് മാജിദ് ബിൻ സയ്യിദ് അൽ നുഐമി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് ഒന്നിന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്‍റെ (പിബിഎസ്കെ) ആപ്പ് പുറത്തിറക്കും. തുടർന്ന് സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.