സുഡാനിൽ ഗോത്ര കലാപം; 83 മരണം

ജിദ്ദ: സുഡാനിലെ പശ്ചിമ ഡാർഫറിൽ രണ്ടുദിവസമായി തുടരുന്ന ഗോത്ര കലാപത്തിൽ 83 പേർ മരിച്ചു. കലാപം ശക്തമായതിനെത്തുടർന്ന് മേഖലയിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വർഷങ്ങളായി സുഡാന്‍റെ പശ്ചിമമേഖലകളിൽ നിലനിൽക്കുന്ന ഗോത്ര വൈരങ്ങൾക്ക് തടയിടാൻ കഴിഞ്ഞ വർഷം ഒക്റ്റോബറിൽ യുഎൻ- ആഫ്രിക്കൻ യൂണിയന്‍റെ നേതൃത്വത്തിൽ സമാധാനകരാർ കൊണ്ടു വന്നതിനു ശേഷം ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ സംഘർക്ഷമുണ്ടാകുന്നത്.

യുഎൻ സമാധാന ദൗത്യത്തിന്‍റെ ഭാഗമായുള്ള 8,000 സമാധാന സേനാംഗങ്ങളെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഡിസംബറിൽ പിൻവലിച്ചിരുന്നു. ശനിയാഴ്ചയാണ് സംഘർഷങ്ങൾക്കു തുടക്കമായത്. ഡാർഫറിന്‍റെ തലസ്ഥാനമായ എൻ ജനീനയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം മണിക്കൂറുകൾക്കുള്ളിൽ മേഖലയിലേക്കു വ്യാപിക്കുകയായിരുന്നു. പ്രാദേശിക തലത്തിലുണ്ടായ സംഘർഷം സായുധരായ തീവ്ര ഗോത്രസംഘടനകൾ ഏറ്റടുക്കുകയും വൻ രക്തച്ചൊരിച്ചിലുണ്ടാക്കുകയുമായിരുന്നു. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഭരണ കൗൺസിൽ മേധാവി ജനറൽ. അബ്ദുൾ ഫത്തേഹ് അൽ ബുർഹാൻ സൈനിക തലവൻമാരുമായി കൂടിക്കാഴ്ച നടത്തി.

മേഖലയിലെ ആഭ്യന്തര അഭയാർഥി ക്യാംപുകൾക്കു നേരേ വൻ തോതിൽ ആക്രമണം നടന്നതായി സംഘടനകൾ. ഒക്റ്റോബറിലെ സമാധാനക്കരാർ വേണ്ടരീതിയിൽ പ്രയോജനപ്പെട്ടില്ലെന്നതിന്‍റെ തെളിവാണ് പുതിയസംഭവങ്ങളെന്ന് സുഡാന്‍റെ മുൻ ഏകാധിപതി ഒമർ ബഷീറിനെതിരേ പ്രക്ഷോഭം നയിക്കുന്ന അംബ്രല്ല ഗ്രൂപ്പ് പ്രതികരിച്ചു. തീവ്രവാദ സംഘടനകൾ വൻതോതിൽ ആയുധശേഖരണം നടത്തുന്നതായും അവർ ആരോപിച്ചു.

2003ൽ ഡാർഫറിലുണ്ടായ കലാപത്തിൽ മൂന്നുലക്ഷം പേർ കൊല്ലപ്പെടുകയും 25 ലക്ഷം പേർ പലായനം ചെയ്യുകയുമുണ്ടായിരുന്നു. സുഡാൻ ഭരണകൂടത്തിനെതിരേ വംശീയന്യൂനപക്ഷത്തിൽപ്പെടുന്ന തീവ്രവാദികൾ നടത്തിയ ആക്രമണമാണ് ആഭ്യന്തര യുദ്ധത്തിലേക്കു നയിച്ചത്.