ഗാസ സിറ്റി: പലസ്തീനിൽ 15 വർഷത്തിനുശേഷം തെരഞ്ഞെടുപ്പ്. മെയ് 22ന് പാർലമെന്റ് തെരഞ്ഞെടുപ്പും ജൂലൈ 31ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്താൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉത്തരവിറക്കി. പലസ്തീൻ അതോറിറ്റിയെ നയിക്കുന്ന ഫത്തായും ഗാസ ഭരിക്കുന്ന ഹമാസും തമ്മിൽ നാലു മാസംമുമ്പ് ആരംഭിച്ച സമവായ ചർച്ചയെ തുടർന്നാണ് തീരുമാനം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താൽപ്പര്യത്തിനു വഴങ്ങി യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിക്കാൻ തീരുമാനിച്ചതോടെയാണ് ഭിന്നത അവസാനിപ്പിക്കാൻ പലസ്തീൻ സംഘടനകൾ ചർച്ച ആരംഭിച്ചത്. പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച അറബ് രാഷ്ട്രങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ച് തുർക്കിയിൽ വച്ചാണ് ഫത്ത–-ഹമാസ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയത്. സാധാരണ മധ്യസ്ഥത വഹിക്കാറുള്ള ഈജിപ്ത്, സൗദി അറേബ്യ എന്നിവയെ ഒഴിവാക്കിയാണ് ധാരണയിലെത്തിയത്.
പലസ്തീനിൽ ആധിപത്യം പുലർത്തിയിരുന്ന മതേതര സംഘടനയായ ഫത്തായെ തകർക്കാൻ ഇസ്രയേൽ വളർത്തിയ ഇസ്ലാമിക കക്ഷിയായ ഹമാസാണ് പാർലമെന്റിലേക്ക് 2006ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ, ഹമാസ് വിജയം അമേരിക്കൻ നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലും അംഗീകരിക്കാതിരുന്നതിനെ തുടർന്ന് സമവായ സർക്കാർ രൂപീകരിക്കുകയായിരുന്നു. ഒരു വർഷത്തിനകം പലസ്തീൻ സംഘടനകളെ തമ്മിലടിപ്പിക്കുന്നതിൽ പാശ്ചാത്യ രാഷ്ട്രങ്ങളും ഇസ്രയേലും വിജയിച്ചു.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായെങ്കിലും അത് എത്രമാത്രം സുഗമമാകുമെന്ന് വ്യക്തമല്ല. 2004ൽ യാസർ അറഫാത്തിന്റെ മരണത്തെ തുടർന്നാണ് മഹ്മൂദ് അബ്ബാസ് പ്രസിഡന്റായത്. എൺപത്തിനാലുകാരനായ അദ്ദേഹം വീണ്ടും മത്സരിക്കുമോ എന്നും വ്യക്തമാക്കിയിട്ടില്ല. പലസ്തീനോട് അധികം ശത്രുത പുലർത്താത്ത ജോ ബൈഡൻ അമേരിക്കയിൽ അധികാരമേൽക്കുന്ന സാഹചര്യത്തിലാണ് അവർ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.