റിയാദ്: കോവിഡിനെതിരേയുള്ള ആദ്യ സൗദി വാക്സിന്റെ മനുഷ്യേതര പഠനങ്ങൾ (പ്രീ ക്ലിനിക്കൽ പഠനങ്ങൾ) പൂർത്തിയായി. അന്തിമ ഉത്തരവ് കിട്ടുന്നതോടെ ഇത് മനുഷ്യരിൽ പ്രയോഗിക്കാനാകും. ഇമാം അബ്ദുൾറഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്സിറ്റിയുമായി (ഐഎയു) ചേർന്നു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് മെഡിക്കൽ കൺസൾട്ടേഷൻസ് (ഐആർഎംസി) ലെ ഗവേഷകരാണ് വാക്സിൻ വികസിപ്പിക്കുന്നത്. ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഐആർഎംസി സാംക്രമികരോഗ വിഭാഗം പ്രൊഫസർ ഡോ. ഇമാൻ അൽ മൻസൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, വാക്സിൻ എപ്പോൾ പൊതുജനങ്ങൾക്കു നൽകാനാകുമെന്ന കാര്യത്തിൽ അവർ വ്യക്തതവരുത്തിയിട്ടില്ല.
വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രോജക്റ്റിനുള്ള സാമ്പത്തിക സഹായം നൽകുന്നത്. പ്രശസ്ത ഫാർമസ്യൂട്ടിക്കൽ ജേണലിൽ സംഘത്തിന്റെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണം തൃപ്തികരമാണെന്നും വൈറസിനെതിരേയുള്ള ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ വാക്സിൻകൊണ്ടു സാധിച്ചെന്നും ജേണലിൽ പറയുന്നു. എസ് ആന്റിജനുകൾക്കെതിരേ ശരീരത്തിൽ പ്രതിരോധസംവിധാനം തീർക്കാൻ സാധിച്ചിട്ടുണ്ട്.
മഹാമാരിക്കെതിരേയുള്ള ഗവേഷണങ്ങൾക്ക് വൻ പ്രാമുഖ്യമാണ് നൽകുന്നതെന്നും ഇതിനു വേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങൾ രാജ്യത്തുണ്ടെന്നും ആർപിഡി ഇന്നൊവേഷൻസ് ഡയറക്റ്റർ ഡോ. തുർക്കി അൽമുഗൈഥീബ് പറഞ്ഞു.
വാക്സിൻ ഉപയോഗിക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിലേക്കായി കൂടുതൽ പരീക്ഷണങ്ങളും ക്ലിനിക്കൽ ട്രയലുകളും ആവശ്യമാണെന്ന് ഡോ. അൽമുഗൈഥീബും അൽ മൻസൂറും വ്യക്തമാക്കി.