ലണ്ടൻ: കോവിഡ്- 19 വ്യാപനം നിയന്ത്രണാതീതമായതോടെ രാജ്യത്തെത്തുന്നവർക്ക് പത്തു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കാനൊരുങ്ങി ബ്രിട്ടൻ. പല രാജ്യങ്ങളുമായുള്ള ട്രാവൽ കോറിഡോർ സംവിധാനം തിങ്കളാഴ്ച മുതൽ നിർത്തലാക്കിയേക്കും. വിദേശങ്ങിൽനിന്ന് മടങ്ങിയെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്കും ഇത് ബാധകമായിരിക്കും. 72 മണിക്കൂർ മുൻപ് പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവുമായെത്തുന്നവർക്കാണ് ബ്രിട്ടനിലേക്ക് യാത്ര സാധ്യമാകുക.
തെക്കൻ അമെരിക്കൻ രാജ്യങ്ങൾക്കും നിരവധി ആഫ്രിക്കൻ രാജ്യങ്ങൾക്കും പോർച്ചുഗലിനും സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് മറ്റു ചില രാജ്യങ്ങളുമായി നിലനിന്നിരുന്ന ട്രാവൽ കോറിഡോർ സംവിധാനം നിർത്തലാക്കാൻ ബ്രിട്ടൻ തീരുമാനിച്ചത്. വിവിധ രാജ്യങ്ങളിൽ നിലവിലുള്ള ജനിതകമാറ്റം സംഭവിച്ച വ്യത്യസ്ത വൈറസ് വകഭേദങ്ങളെ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കം.
ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം ബ്രിട്ടൻ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനിടെ, കോവിഡ് ബാധിച്ച് ഇന്നലെ 1280 പേർകൂടി ബ്രിട്ടനിൽ മരിച്ചു. ഇതോടെ, ആകെ മരണസംഖ്യ 87,291 ആയി. രാജ്യത്ത് ഇതുവരെ 32 ലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസ് പ്രതിരോധ വാക്സിൻ നൽകി.