അബുദാബി: യുഎഇയിൽ സിനോഫാം വാക്സീൻ രണ്ടു ഡോസ് എത്തുവർക്കും വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവര്ക്കും വിദേശത്തു പോയി മടങ്ങിവന്നാൽ ക്വാറന്‍റീൻ വേണ്ട. അതേസമയം, ഇവർ രാജ്യത്തു തിരിച്ചെത്തിയാൽ പിസിആർ പരിശോധനയ്ക്കു വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലായം. ഇവർക്കൊപ്പം 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്കും പത്തു ദിവസത്തെ ക്വാറന്‍റീൻ നിർബന്ധം.
വാക്സിൻ എടുക്കാത്തവർ യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനത്താവളത്തിൽ എത്തിയാൽ വീണ്ടും പിസിആർ പരിശോധനയുണ്ടാകും. നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയണം.
ഗ്രീൻ പട്ടികയിൽപെടുന്ന രാജ്യങ്ങളിൽനിന്നുള്ളവർക്ക് യുഎഇയിലെത്തിയാൽ ക്വാറന്‍റീൻ വേണ്ട. അതേസമയം, യാത്രയ്ക്ക് 90 മണിക്കൂറിനകം എടുത്ത പിസിആർ പരിശോധനാ ഫലം നിർബന്ധം. പ്രവേശനകവാടത്തിലും പിസിആർ ടെസ്റ്റ് ഉണ്ടാകും.
ഇന്ത്യ ഉൾപ്പെടെ ഗ്രീൻ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ളവർക്ക് അബുദാബിയിലേക്കു വരാൻ ഐസിഎ ഗ്രീൻ സിഗ്നൽ നിർബന്ധം. അബുദാബിയിൽ പത്തു ദിവസം ക്വാറന്‍റീൻ ഉണ്ടാകും. തുടർച്ചയായി ഇവിടെയെത്തുന്നവർ 6, 12 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണം.