ജിദ്ദയിൽ മരണപ്പെട്ട തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ മറവു ചെയ്തു

 

ജിദ്ദ: ഏതാനും ദിവസം മുമ്പ് ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ട തൃശ്ശൂർ ദേശമംഗലം  വറവട്ടൂർ  സ്വദേശി കളത്തും പടിക്കൽ മുഹമ്മദ് കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി മറവു ചെയ്തു.  ഇരുപതു വർഷത്തിലധികമായി പ്രവാസജീവിതം നയിച്ചിരുന്ന മുഹമ്മദ് കുട്ടി ജിദ്ദ, മുഹമ്മദിയയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. താമസസ്ഥലത്തു വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ സുഹൃത്തുക്കൾ സൗദി ജർമ്മൻ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയെങ്കിലും അല്പസമയത്തിനകം  മരണം സംഭവിക്കുകയായിരുന്നു.  

മരണ വിവരമറിഞ്ഞു ഖത്തറിൽ ജോലി ചെയ്യുന്ന മകൻ നൗഫൽ നാട്ടിലെത്തുകയും മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ആഗ്രഹം അറിയിക്കുകയുമായിരുന്നു. റിയാദിൽ നിന്നും സഹോദരൻ അബ്ദുല്ലക്കുട്ടി, ഒബ്ഹൂറിൽ ജോലിചെയ്യുന്ന മരുമകൻ അഷ്‌റഫ് എന്നിവരും ജിദ്ദയിലെത്തിയിരുന്നു. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ് വളണ്ടിയർമാരായ നൗഷാദ് മമ്പാട്, മസ്ഊദ് ബാലരാമപുരം, ഹസൈനാർ മാരായമംഗലം എന്നിവരുടെ നേതൃത്വത്തിൽ രേഖകൾ സംബന്ധമായ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ നിന്നും ഇത്തിഹാദ് എയർവേയ്‌സിൽ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലേക്ക് കൊണ്ട് പോയത്.

അന്ത്യകർമ്മങ്ങൾക്കു ശേഷം വറവട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.