റിയാദ്: നിയമലംഘകരായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 580 ഇന്ത്യക്കാരെ കൂടി നാടുകടത്തി. ഇതോടെ കോവിഡ് തുടങ്ങിയ ശേഷം എട്ട് മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം 4323 ആയി. തൊഴില്‍, വിസാനിയമങ്ങള്‍ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയ ഇവര്‍ ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയത്.
രണ്ടുദിവസങ്ങളിലും 290പേരെ വീതമാണ് നാട്ടിലെത്തിച്ചത്. 15 മലയാളികളും 37 തമിഴ്നാട്ടുകാരും 27 തെലങ്കാന ആന്ധ്ര സ്വദേശികളും 49 ബിഹാറികളും 219 ഉത്തര്‍പ്രദേശുകാരും 202 പശ്ചിമ ബംഗാള്‍ സ്വദേശികളും 31 രാജസ്ഥാനികളുമാണ് നാട്ടിലെത്തിയത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്.
ദമ്മാമില്‍ പിടിയിലായവരെയും റിയാദിലെത്തിച്ചാണ് കയറ്റിവിട്ടത്. അല്‍ഖര്‍ജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍, യൂസുഫ് കാക്കഞ്ചേരി, അബ്ദുല്‍ സമദ്, തുഷാര്‍ എന്നിവരാണ് നാട്ടില്‍ അയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.
കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയില്‍ ശക്തമായി തുടരുകയാണ്.
ഇന്ത്യക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ പിടിയിലാകുന്നവരെ ഒടുവില്‍ നാട്ടിലേക്ക് കയറ്റിവിടാന്‍ റിയാദിലും ജിദ്ദയിലുമുള്ള തര്‍ഹീലുകളിലാണ് എത്തിക്കുന്നത്. തടവുകാരുമായി 15ാമെത്ത സൗദി എയര്‍ലൈന്‍സ് വിമാനമാണ് വെള്ളിയാഴ്ച രാവിലെ 10ന് റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.