ക്യാപിറ്റോൾ കലാപം: ഇന്ത്യൻ പതാകയുമായെത്തിയത് മലയാളി

വാഷിങ്ടൺ: യുഎസ് പ്രതിനിധ സഭ ക്യാപിറ്റോൾ മന്ദിരത്തിൽ ഡോണൾഡ് ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിലേക്ക് ഇന്ത്യൻ പതാകയുമായെത്തിയത് മലയാളി. എറണാകുളം ചമ്പക്കര സ്വദേശി വിൻസന്‍റ് പാലത്തിങ്കൽ ആണ് ഇന്ത്യൻ പതാകയുമായി പ്രതിഷേധിച്ചത്. പ്രക്ഷോഭത്തിനിടെ ഇന്ത്യൻ പതാകയുമായെത്തിയ ചിത്രം കഴിഞ്ഞദിവസം വൈറലായിരുന്നു.

ആക്രമിക്കാനല്ല, മാന്യമായ സമരത്തിനാണ് പോയതെന്ന് വിൻസന്‍റ് പറയുന്നു. പത്തുലക്ഷത്തോളം പേർ പ്രതിഷേധത്തിനെത്തിയിരുന്നെന്നും തങ്ങളെ കലാപകാരികളായി മുദ്രകുത്തരുതെന്നും അദ്ദേഹം. അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ആന്‍റിഫയിലെ അംഗങ്ങളാണ് പ്രശ്നക്കാരെന്നും വിൻസെന്‍റ്.

വംശീയവാദികളാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന വാദം പൊളിക്കാനാണ് പതാകയേന്തി സമരത്തിനെത്തിയതെന്നും സമരവേദികളിൽ ഓരോ രാജ്യക്കാരും അവരുടെ പതാകയുമായെത്താറുണ്ടെന്നും അദ്ദേഹം. ആദ്യമായാണ് ഇന്ത്യൻ പതാകയുമായി പ്രതിഷേധിക്കുന്നത്.