ജിദ്ദയിൽ മരണപ്പെട്ട മാട്ടായി സുലൈമാന്റെ മയ്യിത്ത് ഖബറടക്കി

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ മക്രോണയിൽ താമസസ്ഥലത്തു വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട മലപ്പുറം എടക്കര തണ്ണിക്കടവ് പരേതനായ മാട്ടായി സൈദലവി ഹാജിയുടെ മകൻ  മാട്ടായി സുലൈമാൻ (അബ്ദുസ്സലാം) എന്ന ബാപ്പുട്ടിയുടെ (58) മൃതദേഹം ജിദ്ദയിൽ മറവു ചെയ്തു. 35 വർഷത്തോളമായി പ്രവാസ ജീവിതം നയിച്ചു  വരുന്ന സുലൈമാൻ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സുഹൃത്തുക്കളൊന്നിച്ച്     താമസിച്ചു വരുന്നതിനിടെ  ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം മൂലം റൂമിൽ വിശ്രമിക്കുയായിരുന്ന  സുലൈമാനെ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മറുപടി ലഭിക്കാതിരുന്നതിനാൽ മുറി തുറന്നു നോക്കിയപ്പോൾ ചലനമറ്റു കിടക്കുന്ന അവസ്ഥയിലായിരുന്നു. ഉടനെ സൗദി ആരോഗ്യ വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി പരിശോധിച്ചു  മരണം ഉറപ്പുവരുത്തി കിംഗ് ഫഹദ് ആശുപത്രിയിലേക്കു  മാറ്റുകയായിരുന്നു.  നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയിൽ മറവു ചെയ്തു. ഖബറടക്കച്ചടങ്ങിൽ ടാക്സി കൂട്ടായ്മയിലെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേർ സന്നിഹിതരായിരുന്നു. മാതാവ് സഫിയ. ഭാര്യ റംലത്ത്. മക്കൾ: റംഷീദ, മുഹമ്മദ് റാസി, മുഹമ്മദ് റഷാദ്, ഫാത്തിമ റൈഫ, ഫാത്തിമ റൈദ. മരുമകൻ: മുഹമ്മദലി.

മരണവിവരമറിഞ്ഞു  ഖമീസ്മുഷൈത്തിൽ  നിന്നും സഹോദരൻ അബ്ദുൽ ഗഫൂർ സ്ഥലത്തെത്തിയിരുന്നു.  സൗദിയിൽ ജോലി ചെയ്തിരുന്ന മറ്റു സഹോദരന്മാരായ ഷറഫുദ്ദീൻ, അഷ്‌റഫ് എന്നിവർ അവധിയിൽ  നാട്ടിലാണ്. രേഖകൾ സംബന്ധമായ നടപടിക്രമങ്ങൾക്കും മറ്റും പിതൃസഹോദര പുത്രന്മാരായ നൗഷാദ്, ഫൈസൽ എന്നിവരും ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർമാരായ ഹസൈനാർ മാരായമംഗലം ഷിബു ഗുഡല്ലൂർ, സാമൂഹ്യ പ്രവർത്തകൻ നൗഷാദ് മമ്പാട് എന്നിവർ രംഗത്തുണ്ടായിരുന്നു.