ജിജി ഓലിക്കന്‍ പ്രസിഡന്റ്, ബേബി മണക്കുന്നേല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍
ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിനു പുതിയ നേതൃത്വം. ഞായറാഴ്ച ചേംബറിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന വാര്‍ഷികപരിപാടിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കോവിഡ് കാലത്തും ചേംബറിനോടൊപ്പം നില്‍ക്കുകയും നിരവധി പരിപാടികള്‍ക്ക് നേതൃത്വം നല്കാന് കൂടെ നിന്നവരെയും പ്രസിഡന്റ് ജോര്‍ജ് കൊളാച്ചേരില്‍ പ്രശംസിച്ചു. നിരവധി സംരംഭകര്‍ക്ക് തുണയായതിനൊപ്പം വിവിധങ്ങളായ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് നടത്താനായെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനൊന്നാകെ മാതൃകയാകുന്ന വിധത്തില്‍ ഒട്ടനവധി പരിപാടികളാണ് ചേംബര്‍ കഴിഞ്ഞയൊരു വര്‍ഷം നടത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നിരവധി ആശയസംവാദങ്ങളും സംഘടിപ്പിച്ചു. പുറമേ, ഗള്‍ഫ്കോസ്റ്റ് ബ്ലഡ് സെന്ററുമായി ചേര്‍ന്ന് രക്തദാനം, തെരഞ്ഞെടുപ്പ് സംവാദം, ഫുഡ് ഡ്രൈവ്, വിവിധമേഖലകളില്‍ പ്രവര്‍ത്തിച്ച വിശിഷ്ടവ്യക്തികള്‍ക്ക് സ്വീകരണം നല്‍കിയതുള്‍പ്പെടെ പുരോഗമപരമായ വിവിധ ചടങ്ങുകള്‍ക്ക് ചേംബര്‍ നേതൃത്വം നല്കി. പിറവം നഗരസഭപിതാവ് സാബു കെ. ജോസഫിന് സ്വീകരണം നല്‍കിയത് ഇത്തരത്തിലൊന്നായിരുന്നു. ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിലേര്പ്പെട്ട ലോകോത്തര സംഘടനയായ അറ്റാക്ക് പൊവേര്ട്ടിക്കൊപ്പം സഹകരിക്കാന്‍ കഴിഞ്ഞതു വലിയൊരു നേട്ടമായി ജോര്‍ജ് കൊളാച്ചേരില്‍ ഉയര്‍ത്തിക്കാട്ടി. ഫോമയുടെ പ്രസിഡന്റ് അനിയന് ജോര്‍ജിന് ചേംബറിന്റെ ഓഫീസില്‍ നല്കിയ സ്വീകരണവും സംഘടനയുടെ മലയാളിസമൂഹത്തോടുള്ള പ്രതിപത്തതയ്ക്ക് ഉദാഹരണമായെന്ന് അദ്ദേഹം പറഞ്ഞു. ഇതു കൂടാതെ കേരളത്തില്‍ വിവിധ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. പാലക്കാട്ട് കര്‍ഷകര്‍ക്ക് ആടുവളര്‍ത്തല്‍ പദ്ധതിക്ക് ധനസഹായം നല്‍കിയത് ഇത്തരത്തിലൊന്നായിരുന്നു.
സെക്രട്ടറി ഡോ. ജോര്‍ജ് എം. കാക്കനാട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പകര്‍ച്ചവ്യാധിയുടെ വലിയ മഹാമാരിക്കിടയിലും സമൂഹത്തിനു താങ്ങും തണലായും നില്ക്കാന് കഴിഞ്ഞുവെന്നതാണ് ചേംബറിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രതിസന്ധികള്‍ക്കിടയിലും മലയാളി സമൂഹത്തെ ചേര്‍ത്തു നിര്‍ത്തി കൊണ്ട് ഓണാഘോഷമുള്പ്പെടെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. അതൊരു വലിയ നേട്ടമായി ഭരണസമിതി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസ് രംഗത്ത് തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തവരെന്നും പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും അദ്ദേഹം അര്‍പ്പിച്ചു. ട്രഷറര്‍ ഫിലിപ്പ് കൊച്ചുമ്മന്‍ വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു. പ്രതിസന്ധികള്‍ക്കിടയിലും സംഘടനയുമായി ചേര്‍ന്നു നിന്ന് പരിപാടികള്‍ നടത്താന്‍ സഹായിച്ചവരോട് ട്രഷറര്‍ ഫിലിപ്പ് കൊച്ചുമ്മന്‍ നന്ദി പറഞ്ഞു.
ജിജി ഓലിക്കനാണ് പുതിയ പ്രസിഡന്റ്, സഖറിയ കോശി സെക്രട്ടറി, ട്രഷറര്‍ ജിജു കുളങ്ങര, ജോ. സെക്രട്ടറിയായി സാം സുരേന്ദ്രന് എന്നിവരെ തെരഞ്ഞെടുത്തു. ബേബി മണക്കുന്നേല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി. അടുത്തയൊരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് വിശദീകരിച്ച നിയുക്ത പ്രസിഡന്റ് ജിജി ഓലിക്കന്‍, പത്തുവര്‍ഷം തികയുന്ന ചേംബറിനെ പുതിയ തലത്തിലേക്ക് വളര്‍ത്താനുള്ള ഉത്തരവാദിത്വം പുതിയ ഭരണസമിതി ഉയര്‍ത്തിപിടിക്കുമെന്നു പ്രഖ്യാപിച്ചു. കൂടുതല്‍ ബിസിനസ് സംരംഭകരെ ചേംബറുമായി ചേര്‍ത്തു പിടിച്ചു കൊണ്ടു സമൂഹത്തിലെ ഒഴിച്ചു കൂടാനാവാത്ത പ്രസ്ഥാനമായി സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പദ്ധതികള്‍ക്ക് എല്ലാവരുടെയും സഹകരണവും ജിജി ആവശ്യപ്പെട്ടു.