അബുജ: നൈജീരിയയിൽ ഇന്ത്യക്കാരെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചിരിക്കുന്നു. ഫാർമസി ജീവനക്കാരായ രണ്ട് പേരെയാണ് ആയുധധാരികളായ സംഘം തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ഫാർമസിയിൽ എത്തിയ ആയുധധാരികൾ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഇരുവരെയും വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു ഉണ്ടായത്. സംഭവത്തിന് പിന്നിൽ ഭീകരരാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ നൈജീരിയൻ സുരക്ഷാസേന അന്വേഷണം തുടങ്ങിയിരിക്കുകയാണ്. തട്ടിക്കൊണ്ടു പോയവരെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായി. ഇവർ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചു വരികയാണ്. പ്രാദേശിക അതിർത്തികളിൽ പോലീസ് വാഹന പരിശോധന ശക്തമാക്കി.
കഴിഞ്ഞ ദിവസം നൈജീരിയയിലെ സ്കൂളിൽ നിന്നും നാന്നൂറോളം കുട്ടികളെ ഭീകരർ തട്ടികൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതായുള്ള വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ കേന്ദ്രസർക്കാരും നടപടികൾ ശക്തമാക്കിയിട്ടുണ്ട്.