റിയാദ്: സൗദിയില്‍ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അംഗീകാരം.ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി മുതല്‍ വിദേശ നിക്ഷേപകര്‍ക്കും അംഗത്വം അനുവദിക്കും. മന്ത്രിസഭയാണ് പരിഷ്കരിച്ച ചേംബര്‍ ഓഫ് കൊമേഴ്സ് നിയമത്തിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ ചേംബര്‍ ഓഫ് കോമെഴ്സ് നിയമത്തില്‍ അടിമുടി മാറ്റം വരുത്തിയാണ് പരിഷ്കരണം. വിദേശ നിക്ഷേപകര്‍ക്ക് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം അനുവദിക്കുന്നതാണ് ചരിത്രപരമായ പരിഷ്കാരങ്ങളില്‍ ഒന്ന്. ചേംബറിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തിന് ഉണ്ടായിരുന്ന സൗദി ദേശിയതാ നിയമം റദ്ദാക്കിയാണ് വിദേശികള്‍ക്കും അവസരം ഒരുക്കിയത്. സൗദി മന്ത്രി സഭ പുതിയ നിയമത്തിന് അനുമതി നല്‍കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് എന്ന നാമം ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സ് എന്ന് പുനര്‍ നാമകരണം ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും പരിശീലനം നേടുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക. ചേംബറില്‍ ചേരുന്ന പുതിയ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാണിജ്യ രജിസ്ട്രേഷന് തിയ്യതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് സബ്സ്ക്രിപ്ഷന് ഫീസില്‍ ഇളവ് അനുവദിക്കുക. ഒരേ പ്രദേശത്ത് ഒന്നിലധികം ചേംബര്‍ ഓഫ് കൊമേഴ്സ് സ്ഥാപിക്കുന്നതിന് അനുവദിക്കുക. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ശാഖകള്‍ക്ക് അനുസൃതമായി ചേംബറില്‍ സബ്സിക്രിപ്ഷനുകള് എടുക്കുന്നത് നിറുത്തലാക്കുക തുടങ്ങിയ നിരവധി മാറ്റങ്ങളാണ് പരിഷ്കരിച്ച നിയമത്തില്‍ വരുത്തിയിട്ടുള്ളത്.