റിയാദ്: 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും കൊറോണ വാക്സിന് നല്‍കും. സൗദി ഭരണകൂടത്തിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ കൊറോണ വൈറസ് വാക്സിന് രാജ്യത്ത് എത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുങ്ങി കഴിഞ്ഞതായി സൗദി കാര്‍ഗോ സി.ഇ.ഒയും സൗദി അറേബ്യന്‍ ലോജിസ്റ്റിക്സ് കമ്പനി (എസ്എഎല്‍) ചെയര്‍മാനുമായ ഒമര്‍ ഹരിരി ഒരു സൗദി മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മോഡല്‍ കാര്‍ഗോ വില്ലേജും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്ക് സൗകര്യങ്ങളും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവും ആണ് ശീതീകരിച്ച വാക്സിനും മെഡിക്കല്‍ സാമഗ്രികളും സ്വീകരിക്കാന്‍ തയ്യാറാക്കിയിരിക്കുന്നത്.
കൊറോണക്കുള്ള വാക്സിന് എത്തിക്കഴിഞ്ഞാല്‍ സൗദി അറേബ്യയിലെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകള്‍ക്കും പൂര്‍ണമായും സൗജന്യമായിട്ടായിരിക്കും മരുന്ന് നല്കുകയെന്നു ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്അസീരിയ നേരത്തെ അറിയിച്ചിരുന്നു.