മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉംറ നിര്‍വഹിക്കാനായി എത്തുന്ന വനിതാ തീര്‍ഥാടകരെ സഹായിക്കാന്‍ ഇനി സൗദി യുവതികളും. സൗദിയിലെ ഹറംകാര്യ വകുപ്പാണ് തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കുന്നതിനായി 50 സൗദി യുവതികളെ നിയോഗിച്ചത്. ‘മുതവ്വഫ’ എന്ന പേരിലാണ് ഈ വനിതാ വളണ്ടിയര്‍ സംഘം അറിയപ്പെടുക. പ്രായമായ വനിതാ തീര്‍ഥാടകരെ അനുഗമിക്കല്‍, വിശുദ്ധ ഹറമിനകത്തെ സ്ഥലങ്ങളിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോവല്‍, അവര്‍ക്കായി വീല്‍ചെയറുകള്‍ പ്രവര്‍ത്തിപ്പിക്കല്‍, കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിനെ കുറിച്ച് തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കല് തുടങ്ങി ചുമതലകളാണ് ഇവര്‍ വഹിക്കുന്നത്. വനിതാ തീര്‍ഥാടകരെ സേവിക്കാന്‍ സന്നദ്ധ സേവകരായി എത്തിയ 50 അംഗ സംഘത്തെ ഹറംകാര്യ വകുപ്പ് ഔദ്യോഗിക ജീവനക്കാരായി നിയമിക്കുകയായിരുന്നു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴ് മാസത്തോളം നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനം കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് സൗദി ഭരണകൂടം ചെറിയ രീതിയില്‍ പുനരാരംഭിച്ചത്. ഒക്ടോബര്‍ 18ന് ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ വിശുദ്ധ ഹറം മസ്ജിദില്‍ പ്രാര്‍ഥിക്കാനെത്തുന്ന 40,000 പേര്‍ക്കും ഉംറ നിര്‍വഹിക്കാനെത്തുന്ന 10,000 പേര്‍ക്കും അനുമതി നല്‍കിയിരുന്നു. നവംബര്‍ ഒന്നു മുതല്‍ അത് യഥാക്രമം 60,000വും 20,000വുമായി വര്‍ധിപ്പിച്ചു.