വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഹിജാബ് ധരിക്കാം. മുസ്ലീം സ്ത്രീകളെ സേനയുടെ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പുതുതായി സേനയിലെത്തിയ കോണ്‍സ്റ്റബിള്‍ സീന അലിയാണ് പൊലീസ് യൂണിഫോമിന്റെ ഭാഗമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹിജാബ് ധരിക്കുന്ന ആദ്യ ഉദ്യോഗസ്ഥ. കഴിഞ്ഞ വര്‍ഷമുണ്ടായ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രണമത്തിനു പിന്നാലെയാണ് മുസ്ലിം സമൂഹത്തെ സഹായിക്കാനായി 30കാരിയായ സീന പൊലീസ് സേനയുടെ ഭാഗമായത്. ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലിം പള്ളികളിലായി 51 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
തന്റെ പുതിയ ദൗത്യത്തിനു യോജിച്ചതും അതേസമയം മതത്തെ ഉള്‍ച്ചേര്‍ക്കുന്നതുമായ വസ്ത്രം രൂപകല്‍പ്പന ചെയ്യാന്‍ സീന പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. യൂണിഫോം രൂപകല്‍പന ചെയ്യുന്ന പ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്റെ സമുദായത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും സീന പറഞ്ഞു.
2008 ല്‍ ന്യൂസീലന്‍ഡ് പൊലീസ് യൂണിഫോമില്‍ സിഖ് തലപ്പാവ് അവതരിപ്പിച്ചിരുന്നു. നെല്‍സണ്‍ കോണ്‍സ്റ്റബിള്‍ ജഗ്മോഹന്‍ മാല്‍ഹി ആയിരുന്നു ഇത് ധരിച്ച ആദ്യത്തെ പൊലീസ് ഓഫീസര്‍. യുകെയില്‍, ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് 2006 ല്‍ യൂണിഫോമിനൊപ്പം ഹിജാബിന് അംഗീകാരം നല്‍കിയിരുന്നു. 2016ല്‍ സ്‌കോട്ട്‌ലാന്‍ഡ് പൊലീസും ഹിജാബിന് അംഗീകാരം നല്‍കി.