റിയാദ്: നിയമം ലംഘിച്ച് ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരായ ബംഗ്ലാദേശുകാരനും സൗദി പൗരനും റിയാദ് ക്രിമിനൽ കോടതി 70,000 റിയാൽ പിഴ ചുമത്തി.
റിയാദിൽ വെൽഡിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക് ഷോപ്പ് ബിനാമിയായി നടത്തിയ ബംഗ്ലാദേശുകാരൻ ശൈഖ് ബഹാദൂർ മുഹമ്മദ് ഇസ്മായിൽ, ഇതിനു കൂട്ടുനിൽക്കുകയും വേണ്ട ഒത്താശകൾ ചെയ്തുകൊടുക്കുകയും ചെയ്ത സൗദി പൗരൻ ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഔദ അൽസഹ്‌റാനി എന്നിവർക്കാണ് ശിക്ഷ. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
ശിക്ഷ പൂർത്തിയാക്കിയശേഷം ബംഗ്ലാദേശുകാരനെ സൗദിയിൽനിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ബംഗ്ലാദേശുകാരന്റെയും സൗദി പൗരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും വിധിയുണ്ട്.
റിയാദിൽ പ്രവർത്തിക്കുന്ന വെൽഡിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക് ഷോപ്പ് ബിനാമി സ്ഥാപനമാണെന്ന് വാണിജ്യ മന്ത്രാലയത്തിന് സംശയം തോന്നുകയായിരുന്നു.
സ്ഥാപനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ ബംഗ്ലാദേശുകാരൻ സ്വന്തം നിലക്കാണ് സ്ഥാപനം നടത്തുന്നതെന്നും മറ്റു സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഭീമമായ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതും തെളിയിക്കുന്ന രേഖകൾ കണ്ടെത്തി. വെൽഡർ പ്രൊഫഷനിൽ സൗദിയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശുകാരന്റെ വേതനം മൂവായിരം റിയാലായാണ് രേഖകളിൽ നിർണയിച്ചിരുന്നത്. ഇതിന് നിരക്കാത്ത ഭീമമായ തുകയുടെ സാമ്പത്തിക ഇടപാടുകൾ ബംഗ്ലാദേശുകാരൻ നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമ നടപടികൾക്ക് ബംഗ്ലാദേശുകാരനും സൗദി പൗരനും എതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. പരിഷ്‌കരിച്ച ബിനാമി വിരുദ്ധ നിയമം അനുസരിച്ച് ബിനാമി കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.