കമലഹാരിസിന്റെ വിജയം ആഘോഷിച്ച് തമിഴ് മക്കള്‍

ചെന്നൈ: തമിഴ്‌നാടിന്റെ പുത്രി അമേരിക്കയില്‍ വൈസ് പ്രസിഡന്റായതില്‍ ആഘോഷിക്കുകയാണ് തമിഴ് മക്കള്‍. തമിഴ്‌നാട്ടിലെങ്ങും വന്‍ വാര്‍ത്താപ്രധാന്യമാണ് ലഭിച്ചിരിക്കുന്നത്.
മന്ത്രിമാരടക്കം നിരവധി പേരാണ് പൂജയിലും ആഘോഷത്തിലും മുഴുകിയത്.ഭക്ഷ്യവകുപ്പ് മന്ത്രി ആര്‍.കാമരാജിന്റെ നേതൃത്വത്തില്‍ 20 മിനുട്ട് ധര്‍മശാസ്താ ക്ഷേത്രത്തില്‍ പൂജനടത്തി.
കമലയുടെ നേട്ടം ഇന്ത്യയുടെ അഭിമാനം
ഇന്ത്യന്‍ വംശജയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ്. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന നേട്ടവും കമല ഹാരിസിന് സ്വന്തം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത ആദ്യ വ്യക്തിയെന്ന നേട്ടത്തിനും കമല ഹാരിസ് ഉടമയായി. അമേരിക്കയില്‍ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി നിര്‍ദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയെന്ന പ്രത്യേകതയുമുണ്ട് 55 വയസുകാരിയായ കമലയ്ക്ക്.
കറുത്തവര്‍ഗക്കാരുടെ ആവകാശസംരക്ഷണം
കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്നതിനാല്‍ കമലയുടെ വിജയം ലോകത്തെങ്ങുമുള്ള കറുത്തവര്‍ഗക്കാരുടെ വിജയമായാണ് കാണുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയമുറപ്പിച്ചതോടെ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നും ഉറപ്പിച്ചിരിക്കുകയാണ്. പെന്‍സില്‍വാനിയയിലും ജയം നേടിയതോടെയാണ് ബൈഡന്‍ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചത്.
ബൈഡന്‍ ജയമുറപ്പിച്ചതോടെ കമല ഹാരിസ് തന്റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനോ ഞാനോ പോലുള്ള വ്യക്തികളെക്കുറിച്ചല്ല. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായി പോരാടാനുള്ള ഞങ്ങളുടെ സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങള്‍ക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം,’ അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

ജനനം കാലിഫോര്‍ണിയയില്‍
കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലാണ് കമലയുടെ ജനനം. നേരത്തെ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായും സാന്‍ ഫ്രാന്‍സിസികോ ഡിസ്ട്രിക് അറ്റോര്‍ണിയുമായിരുന്ന കമല ഹാരിസ് 2016 മുതല്‍ അമേരിക്കന്‍ സെനറ്റിന്റെ ഭാഗമാണ്. 2019ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ജന്മദിനത്തിലാണ് തിരഞ്ഞെടുപ്പിലേക്ക് കമല തന്റെ പേര് സ്വയം നിര്‍ദേശിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്ന സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു അവരുടെ കടന്നുവരവ്.

പിതാവ് ആഫ്രിക്കക്കാരന്‍
1964 ഒക്ടോബര്‍ ഇരുപതിനാണ് കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ കമലയുടെ ജനനം. ജമൈക്കക്കാരനായ പിതാവ് ഡൊണാള്‍ഡ് ഹാരിസ് സാമ്ബത്തിക ശാസ്ത്ര പ്രെഫസറാണ്. തമിഴ്‌നാട്ടുകാരിയായ ശ്യാമള ഗോപാലനാണ് മാതാവ്. അറുപതുകളില്‍ പഠനാവശ്യത്തിനായി അമേരിക്കയിലേക്ക് പോയ ശ്യാമള പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇതിനിടയിലാണ് ഡൊണാള്‍ഡ് ഹാരിസുമായുള്ള വിവാഹം. സ്തനാര്‍ബുദ ഗവേഷകയായ ശ്യാമള കുറച്ച് വര്‍ഷം മുന്‍പാണ് മരിച്ചത്.

കളിസ്ഥലത്തിനായി സമരം
കുട്ടിക്കാലത്തു തന്നെ സാമൂഹ്യപ്രവര്‍ത്തനത്തില്‍ സന്നദ്ധത പ്രകടിപ്പിച്ച കമല, കുട്ടികള്‍ക്ക് കളിസ്ഥലം അനുവദിക്കാത്ത ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരേ സമരം സംഘടിപ്പിച്ചു. കമലയ്ക്ക് അഞ്ചുവയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കമലയും സഹോദരി മായയും അമ്മയ്ക്കൊപ്പമായിരുന്നു. തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയായിട്ടാണ് കമല അമ്മയെ കാണുന്നത്. സഹോദരി മായ അഭിഭാഷകയാണ്. ഹിലരി ക്ലിന്റന്റെ അഡൈ്വസറായും പ്രവര്‍ത്തിച്ചുവരുന്നു. വാഷിങ്ടണിലെ ഹോവാര്‍ഡ് സര്‍വകലാശാലയില്‍നിന്നാണ് കമല ബിരുദം നേടിയത്. ആഫ്രിക്കന്‍-അമേരിക്കന്‍ വനിതാസമാജമായ ആല്‍ഫ കാപ്പ ആല്‍ഫയിലെ അംഗമായിരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിങ്സ് കോളേജ് ഓഫാ ലോയില്‍നിന്നാണ് കമല നിയമബിരുദം നേടിയത്.

പുരോഗമനവാദിയായ പ്രോസിക്യൂട്ടര്‍
പ്രൊസിക്യൂട്ടറായ കമല ഹാരിസ് 2004 മുതല്‍ 2011 വരെ സാന്‍ ഫ്രാന്‍സിസ്‌കോ ഡിസ്ഡ്രിക്ട് അറ്റോര്‍ണിയായും 2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായും പ്രവര്‍ത്തിച്ചിരുന്നു. ‘പുരോഗമനവാദിയായ പ്രോസിക്യൂട്ടര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കമല ഹാരിസ്, ജോര്‍ജ് ഫ്‌ലോയിഡ് കൊലപാതകത്തിന്റെ പ്രതിഷേധങ്ങളുടെ അലകള്‍ ഇപ്പോഴും സജീവമായ അമേരിക്കയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍, പൗരന്മാരെ കൊന്ന പൊലീസ് ഉദ്യോഗസ്ഥരെ അപൂര്‍വമായി മാത്രമേ അവര്‍ വിചാരണ ചെയ്തിരുന്നുള്ളൂ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കറുത്ത മനുഷ്യനായ കെവിന്‍ കൂപ്പറിനെ കുറ്റവിമുക്തനാക്കിയേക്കാവുന്ന ഡിഎന്‍എ പരിശോധന അനുവദിക്കാത്തതിനും പ്രോസിക്യൂട്ടര്‍ ദുരാചാരത്തിനെതിരായ ചില കുറ്റങ്ങള്‍ക്കെതിരെ വാദിച്ചതിനും അവര്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

വാദപ്രതിവാദങ്ങളുടെ യുവത്വം
വധശിക്ഷയെ എതിര്‍ക്കുമ്പോഴും 2004 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടപ്പോള്‍ അത് അന്വേഷിക്കാന്‍ അവര്‍ വിസമ്മതിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മികച്ച ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയോടുള്ള അവരുടെ പ്രതിബദ്ധതയുടെ ഉദാഹരണമായാണ് അതിനെ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ 10 വര്‍ഷത്തിനുശേഷം, ഒരു ജഡ്ജി കാലിഫോര്‍ണിയയുടെ വധശിക്ഷ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചപ്പോള്‍, സംസ്ഥാനത്തിന്റെ അറ്റോണി ജനറലായി ഇത് ചെയ്യാന്‍ ബാധ്യസ്ഥയാണെന്ന് പറഞ്ഞ് അവര്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു.

ശമ്പളം വര്‍ധിപ്പിക്കാന്‍ സെനറ്റര്‍ എന്ന നിലയില്‍
2016ലാണ് സെനറ്റിലേക്ക് കമല ഹാരിസ് തെരഞ്ഞെടുക്കപ്പെടുന്നത്. പുതുമുഖമാണെങ്കിലും ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു കമല. അടുത്ത കാലത്തായി, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇടതുപക്ഷവുമായി കൂടുതല്‍ അടുത്ത് നില്‍ക്കാന്‍ അവര്‍ ശ്രമിച്ചു. ഫെഡറല്‍ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്താനും രാജ്യത്തിന്റെ ജാമ്യ വ്യവസ്ഥ പരിഷ്‌കരിക്കാനുമുള്ള നിര്‍ദേശങ്ങളെയും അവര്‍ പിന്തുണച്ചിട്ടുണ്ട്.