ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രിയില്‍ തന്നെ തുടരും. വിത്‌ഡ്രോവല്‍ സിന്‍ഡ്രം പ്രകടിപ്പിക്കുന്നതിനാലാണു മറഡോണ ആശുപത്രിയില്‍ തുടരേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
മുമ്പും ലഹരി വിമുക്ത ചികിത്സയ്ക്കു വിധേയനായിട്ടുള്ള മറഡോണ ഇപ്പോഴും സമാനമായ സാഹചര്യത്തിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.വിഷാദരോഗത്തെ തുടര്‍ന്ന് മറഡോണയെ നേരത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിംഗിലാണ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. മറഡോണ വിദഗ്ധ ചികിത്സയ്ക്കായി ക്യൂബയിലേക്കോ വെനസ്വേലയിലേക്കോ പോയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മത്യാസ് മോര്‍ല നിഷേധിച്ചു.
താരത്തിന്റെ 60-ാം പിറന്നാള്‍ അടുത്തിടെയാണ് ഫുട്‌ബോള്‍ ലോകം ആഘോഷിച്ചത്. അതിനുപിന്നാലെ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് മറഡോണ ഉള്ളത്.
രണ്ട് തവണ ബൈപാസ് സര്‍ജറിക്ക് വിധേയനായ താരത്തിന്റെ ആരോഗ്യനില പൊതുവെ ദുര്‍ബലമായ അവസ്ഥയിലായിരുന്നു. വിളര്‍ച്ചയും നിര്‍ജലീകരണവും വിഷാദവും താരത്തെ അലട്ടുന്നുണ്ട്. ഒരാഴ്ചയായി ഭക്ഷണം കഴിക്കാന്‍ താരം വിമുഖത കാട്ടിയിരുന്നു. ഇതിനൊപ്പം നിരവധി ജീവിതശൈലി രോഗങ്ങളും മറഡോണയെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അലട്ടുന്നുണ്ട്.