മദ്യപിക്കുമ്പോള്‍ നമ്മുടെ വികാരങ്ങളെയും സന്തോഷങ്ങളെയുമൊക്കെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഡോപാമൈന്‍ എന്ന ഹോര്‍മോണ്‍ ഉത്തേജിപ്പിക്കപ്പെടും. തന്മൂലം ആ അവസ്ഥ കൂട്ടാന്‍ മദ്യത്തിന്റെ അളവും ക്രമേണ കൂട്ടും. മദ്യപിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ബഹിര്മുഖരായി കാണപ്പെടും. ടെന്‍ഷന്‍, ക്ഷീണം, മൂഡ് വ്യത്യാസം എല്ലാം കൂടും. അതുകൊണ്ടാണ് മദ്യപിക്കുന്നവര്‍ക്ക് പെട്ടെന്നു തന്നെ വേറൊരു ലോകത്ത് എത്തിയതുപോലെ തോന്നുന്നത്. ഉന്മാദം കൂട്ടുന്നതുപോലെ തന്നെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. കടുത്ത നിരാശ, മറവി, ഏകാഗ്രതക്കുറവ് എന്നിവയും മദ്യപാനത്തിന്റെ ഫലമായുണ്ടാകും. കടുത്ത നിരാശമൂലം മാനസിക സമ്മര്‍ദ്ദവുമുണ്ടാകാം.
അമിത മദ്യപാനം മൂലം തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
വ്യക്തതയില്ലാത്ത സംസാരം, പഞ്ചേന്ദ്രിയങ്ങളുടെ മരവിച്ച പ്രവര്‍ത്തനം, അമ്പരപ്പ്
മസ്തിഷ്കം, കേന്ദ്ര നാഡീവ്യൂഹം എന്നിവയെ നിയന്ത്രിക്കുന്നതിനാല്‍ വ്യക്തതയില്ലാത്ത സംസാരമുണ്ടാകും. അമിത മദ്യപാനം തലച്ചോറും നാഡീകോശങ്ങളും തമ്മിലുള്ള സന്ദേശ വിനിമയ സംവിധാനം തകരാറിലാക്കുന്നു. മാത്രമല്ല നാഡീ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും നടക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. മദ്യപാനികള്‍ പതിയെ ഉദാസീനരും, അലസരും, ഉറക്കം തൂങ്ങികളുമായി മാറുന്നു.
താളം തെറ്റിയ കോര്‍ഡിനേഷന്‍
മദ്യം രക്തത്തിലെത്തുമ്പോള്‍ അത് തലച്ചോറിനെ സ്വാധീനിക്കുകയും ചിന്തകളെ മരവിപ്പിക്കുകയും ചെയ്യും. ശരീരഭാഷയില്‍ തന്നെ മദ്യപാനിയുടെ മാറ്റങ്ങള്‍ പ്രകടമാവുകയും ചെയ്യും. കാര്യഗൗരവത്തോടെ ഒരു കാര്യം ചെയ്യാനോ നടക്കാനോ കഴിയില്ല. അതുകൊണ്ടുതന്നെയാണ് ഡ്രൈവിങ് സമയത്ത് മദ്യപാനത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
തീരുമാനങ്ങളെടുക്കാനുള്ള ശേഷിക്കുറവ്
മദ്യപിച്ചിരിക്കുമ്പോള്‍ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കരുതെന്നാണ് പറയാറ്. മദ്യപാനം നമ്മുടെ ചിന്താശേഷിയെ ബാധിക്കുന്നതിനാല്‍ തീരുമാനങ്ങള്‍ പലതും ശരിയാകണമെന്നില്ല. തീരുമാനങ്ങളെടുക്കാന്‍ തലച്ചോറിനെ സഹായിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ മദ്യം സ്വാധീനിക്കും. ഒറ്റയ്ക്ക് നടക്കുക, ഡ്രൈവിങ്ങ് ചെയ്യുക, അന്യരുമായുള്ള യാത്ര, നിര്‍ബന്ധം, അടിപിടി എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
ഭാഗികമായോ പൂര്‍ണമായോ ഉള്ള ഓര്‍മക്കുറവ്
മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ ഒരു കാര്യവും അധികസമയം ഓര്‍ത്തിരിക്കാന്‍ സാധിക്കില്ല. പക്ഷേ ഇത് പഴയ ഓര്‍മകളെ ബാധിക്കില്ല. വെറും വയറ്റില്‍ അധികമായി മദ്യം കഴിച്ചാല്‍ സ്വബോധം നഷ്ടപ്പെടുകയും കാര്യങ്ങള്‍ ഓര്‍മയില്‍ നില്‍ക്കാതിരിക്കുകയും ചെയ്യും. ഇത് ചിലപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ശരിയാകും. ചിലപ്പോള്‍ മൂന്നു ദിവസം വരെ നീണ്ടു നില്ക്കാം.
മിതമായ നിരക്കില്‍ മദ്യപിച്ചാല്‍ രക്തത്തില്‍ 0.15 ശതമാനം മാത്രമേ മദ്യത്തിന്റെ അളവുണ്ടാകൂ, ഇത് ഓര്‍മയെ വളരെ ചെറുതായേ ബാധിക്കൂ. എന്നാല്‍ മദ്യപാനം കൂടുന്നതനുസരിച്ച് സ്വബോധം നഷ്ടപ്പെടുകയും ഓര്മ നഷ്ടപ്പെടുകയും ചെയ്യും.
ദീര്‍ഘനാളത്തെ മദ്യപാനം ക്ഷമാശീലം നശിപ്പിക്കും
മദ്യപാനം ശീലമാക്കുന്നവരില്‍ ക്രമേണ സഹനശക്തി നശിക്കും. അതിനാല്‍ ആഗ്രഹിക്കുന്ന കാര്യം സാധിച്ചെടുക്കാന്‍ അളവിലധികം മദ്യം കഴിക്കാന്‍ മസ്തിഷ്കം ആവശ്യപ്പെടും. ഇങ്ങനെ ചെയ്യുന്നതു വഴി മദ്യപാനികള്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യും.
തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു
വല്ലപ്പോഴും മദ്യപിക്കുന്നവരില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിക്കാറില്ല. എന്നാല്‍ സ്ഥിരമായി മദ്യപിക്കുന്നവരില്‍ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വിവേകബുദ്ധി നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു പ്രശ്നത്തിനു പരിഹാരം കണ്ടെത്താനോ വിവേകത്തോടെ കാര്യങ്ങളെ സമീപിക്കാനോ, പുതിയതായി എന്തെങ്കിലും ഉള്‍ക്കൊള്ളാനോ കഴിയില്ല. മാത്രമല്ല, മസ്തിഷ്ക പ്രവര്‍ത്തനത്തിനാവശ്യമായ പോഷകങ്ങളുടെ കുറവുമുണ്ടാകും. മദ്യപാനം മൂന്നു മാസത്തേക്ക് പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ എല്ലാം പഴയ പോലെയാക്കാന്‍ സാധിക്കും.
വികസിച്ചു കൊണ്ടിരിക്കുന്ന തലച്ചോറിന് ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാകും
കുട്ടികളോ കൗമാരക്കാരോ മദ്യപിച്ചാല്‍ ഫലം ഇരട്ടിയായിരിക്കും. തലച്ചറിന്റെ വികാസം, ഓര്മ, തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്ന പരിഹരണ ശേഷി, യുക്തിചിന്ത, മാനസികാരോഗ്യം, മൂഡ്, സ്കൂളിലെ പെര്‍ഫോമന്‍സ് എന്നിവയെ ദോഷകരമായി ബാധിക്കാന്‍ ആല്‍ക്കഹോളിനു കഴിയുന്നു.
മദ്യപാനം പെട്ടെന്ന് നിര്‍ത്തുന്നത് പിന്‍വാങ്ങള്‍ ലക്ഷണങ്ങള്ക്കിടയാക്കുന്നു
സ്ഥിരമായി വളരെയധികം മദ്യപിച്ചിരുന്ന ഒരാള്‍ പെട്ടെന്ന് മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ അയാള്‍ക്ക് പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ (Withdrawal symtoms) ഉണ്ടാകുന്നു. ഉന്മത്താവസ്ഥ, ഉറക്കമില്ലായ്മ, ബഹളം, അസ്വസ്ഥത, കണ്ഫ്യൂഷന് തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകുന്നു. അമിതമായി മദ്യപിക്കുകയും പെട്ടെന്ന് നിര്‍ത്തുകയും ചെയ്യുന്നത് ഒരു ശീലമാക്കിയാല്‍ തലച്ചോറിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും.