കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങളും പ്രതിവിധിയും

നിഹാല നാസര്‍ആറു വയസ്സിനും 19 വയസ്സിനുമിടയില്‍ പ്രായമുള്ള അഞ്ചില്‍ ഒരു കുട്ടിക്ക് പൊണ്ണത്തടിയുണ്ട്. കുട്ടികളിലെ ഈ അമിതവണ്ണം പകര്‍ച്ചവ്യാധിപോലെ ലോകത്തെല്ലായിടത്തും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇത് അത്യന്തം അപകടകാരിയാണ്.

കുട്ടികളിലെ അമിതവണ്ണം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഹം, ആസത്മ, ഉറക്ക വൈകല്യങ്ങള്‍, എല്ലിനുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ക്കു കാരണമാകാം. മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് ഇത്തരത്തിലുള്ളവര്‍ കൂടുതല്‍ വഴക്കാളികളുമായിരിക്കും. മാത്രമല്ല, എവിടെ പോയാലും തന്നിലേക്കു തന്നെ ഒതുങ്ങാന്‍ ഇഷ്ടപ്പെടുന്നവരും വിഷാദമനുഭവിക്കുന്നവരും ആയിരിക്കും. ചെറുപ്പത്തിലുണ്ടാകുന്ന ഈ പൊണ്ണത്തടി വലുതായാലും നിരവധി ആരോഗ്യപ്രശ്നങ്ങളായി ഇവരെ വേട്ടയാടും.

കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്സ് (BMI) പരിശോധിക്കുകയാണ് മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത്. 85 ശതമാനത്തില്‍ കൂടുതലും 95 ശതമാനത്തില്‍ കുറവുമാണെങ്കില്‍ അമിതഭാരവും 95 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പൊണ്ണത്തടിയുമാണ്. കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങളും പ്രതിവിധിയും ചുവടെ പറയുന്നു.

ജോലിക്കു പോകുന്ന മാതാപിതാക്കള്‍ / ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തുന്ന അച്ഛന്‍ അല്ലെങ്കില്‍ അമ്മ

ജോലിക്കു പോകാനുള്ള തിരക്കിനിടയില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഭക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. ഇത് കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ളതെന്തും കഴിക്കാനുളള അവസരമുണ്ടാക്കും. രുചിയുള്ള വറുത്ത പലഹാരം കിട്ടുമ്പോള്‍ ഏതു കുട്ടിയാണ് പഴവര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

ജോലിക്കു പോകുന്ന മാതാപിതാക്കളോ ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തുന്ന അച്ഛന്‍ അല്ലെങ്കില്‍ അമ്മയോ പലപ്പോഴും പുറത്തുള്ള ഭക്ഷണമായിരിക്കും കൂടുതല്‍ ആശ്രയിക്കുക. അല്ലെങ്കില്‍ ഒരാഴ്ചത്തേക്ക് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഉച്ച/രാത്രി ഭക്ഷണം. ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തില്‍ കൂടുതല്‍ കലോറി അടങ്ങിയിട്ടുണ്ടാകും. തണുത്തുറഞ്ഞ ഭക്ഷണത്തില്‍ നിന്നും പോഷകാംശങ്ങള്‍ എല്ലാം പോയിട്ടുമുണ്ടാകും.

പ്രതിവിധി

  1. കുട്ടികള്‍ ആരോഗ്യകരമായ ഭക്ഷണമാണോ കഴിക്കുന്നതെന്നു നിരീക്ഷിക്കാന്‍ ഒരു പാചകക്കാരനെ/മേല്‍നോട്ടക്കാരനെ നിയോഗിക്കുക.
  2. രാവിലെയോ വൈകിട്ടോ ഒന്നു രണ്ടു മണിക്കൂര്‍ പാചകത്തിനായി മാറ്റി വയ്ക്കുക. കുട്ടികള്‍ക്കും നിങ്ങള്‍ക്കും ഒരുപോലെ നല്ല ഭക്ഷണം കഴിക്കാം.
  3. അച്ഛനും അമ്മയും ഓരോ ദിവസം മാറി മാറി പാചകം ചെയ്യുക.
  4. വീടിനുള്ളിലെ കളിയും ടിവിയുടെ അമിത ഉപയോഗവും

നമ്മുടെ കുട്ടികള്‍ക്കുള്ളതിനേക്കാള്‍ മികച്ച കുട്ടിക്കാലമായിരുന്നു നമ്മുടേത് എന്ന് ചിന്തിക്കുന്ന മാതാപിതാക്കളാണ് ഇന്നേറെയും. ഇതില്‍ വാസ്തവമുണ്ട് താനും. മൊബൈലിന്റെയും ടി.വിയുടെയും പ്രചാരമില്ലാതിരുന്ന അക്കാലത്തെ കുട്ടികള്‍ക്ക് ഗ്രൗണ്ടില്‍ കളിക്കാനും മറ്റുമായി ഒരുപാട് സമയം ഉണ്ടായിരുന്നു. വ്യായാമമാണെന്ന് അറിയാതെ തന്നെ ഓട്ടത്തിലും ചാട്ടത്തിലും ഏര്‍പ്പെടുമായിരുന്നു. തന്മൂലം പൊണ്ണത്തടിയുടെ സാധ്യത വളരെ കുറവായിരുന്നു.

ഇപ്പോഴത്തെ കുട്ടികള്‍ ടിവി ഷോകള്‍ കണ്ടും വീഡിയോ ഗെയിം കളിച്ചും ഇരിപ്പിടത്തില്‍ തന്നെ ഒതുങ്ങുകയാണ്. അതുകൊണ്ടുതന്നെ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി പൊണ്ണത്തടിയുണ്ടാകുന്നു.

പ്രതിവിധി

  1. പെട്ടെന്നു കുട്ടികളെ സ്‌ക്രീനിന്റെ മുന്നില്‍ നിന്നു മാറ്റുന്നത് അവരില്‍ ദേഷ്യമുണ്ടാക്കും. അതുകൊണ്ടുതന്നെ വിജ്ഞാനപ്രദമായ ഗെയിം, വീഡിയോ എന്നിവ കാണിക്കാന്‍ ശ്രമിക്കുക.
  2. മികച്ച ആരോഗ്യശീലങ്ങള്‍ വളര്‍ത്തെയെടുക്കാന്‍ സഹായിക്കുന്ന ഗെയിം, വീഡിയോ എന്നിവ കാണിക്കാന്‍ ശ്രമിക്കുക.
  3. കുട്ടികള്‍ തങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുമ്പോള്‍ അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക.
  4. കുട്ടികള്‍ മുതിര്‍ന്നവരെ കണ്ടാണ് പഠിക്കുന്നത്. അതിനാല്‍ വീട്ടിലുള്ള മുതിര്‍ന്നവര്‍ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.
  5. സ്‌കൂള്‍ ബസ് ഒഴിവാക്കി പകരം നടന്നോ സൈക്കിള്‍ ചവിട്ടിയോ സ്‌കൂളില്‍ പോകാന്‍ ശീലിപ്പിക്കുക. പക്ഷേ ചുറ്റുപാടും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം.

മാനസിക പിരിമുറുക്കങ്ങളും വിഷാദവും

മാനസിക പിരിമുറുക്കങ്ങളും വിഷാദ രോഗങ്ങളും അനുഭവിക്കേണ്ട പ്രായമല്ല കുട്ടിക്കാലം. എന്നിരുന്നാലും ഏകദേശം രണ്ട് ശതമാനം കുട്ടികളിലും 48 ശതമാനം കൗമാരക്കാരിലും മാനസിക സമ്മര്‍ദ്ദ പ്രശ്‌നങ്ങളുണ്ടെന്നാണ് കണക്കുകള്‍. സമ്മര്‍ദ്ദവും മാനസികവുമായ അസുഖങ്ങള്‍ കുട്ടിക്കാലത്തുണ്ടാകുന്ന പൊണ്ണത്തടിയുടെ സാധാരണ കാരണങ്ങള്‍ ആണ്. എന്തെങ്കിലും തരത്തിലുള്ള ചെറിയ സമ്മര്‍ദം പോലും കുട്ടികളെ ക്രമേണ വിഷാദരോഗത്തിലേക്ക് നയിക്കും.

പ്രതിവിധി

  1. കുട്ടികളില്‍ അസാധാരണമായ പെരുമാറ്റം അല്ലെങ്കില്‍ വിഷാദ മനോഭാവം കണ്ടെത്തിയാല്‍ എത്രയും വേഗം അതിനുള്ള പരിഹാരം കണ്ടെത്തുക. ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ മാനസിക സമ്മര്‍ദ്ദം കുട്ടികളെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും.
  2. കുട്ടികളില്‍ അമിത സമ്മര്‍ദ്ദം നല്‍കാതിരിക്കുക.
  3. കുട്ടികളെ സ്നേഹിക്കുക. എന്തു പ്രശ്നം വന്നാലും വീട്ടുകാരുണ്ടാകും എന്ന ബോധം അവരില്‍ വളര്‍ത്തുക.
  4. ക്രമം തെറ്റിയുള്ള ഉറക്കം

ഉറക്കക്കുറവും വിഷാദവും പൊണ്ണത്തടിയ്ക്ക് കാരണമാകുന്നു. കടുത്ത വിഷാദം, മറ്റു മൂഡ് മാറ്റങ്ങള്‍ എന്നിവ കുട്ടികളെ തെറ്റായ സമയത്ത് ഉറങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും രാത്രി വളരെ വൈകി ഉറങ്ങാന്‍ കാരണമാകുകയും ചെയ്യുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ കുട്ടികളില്‍ വിശപ്പുണ്ടാക്കുകയും നേരം തെറ്റി ലഘു ഭക്ഷണം കഴിക്കാനിടയാക്കുകയും ചെയ്യും. ഈ ശീലം ഇന്‍സുലിന്‍ സംവേദനക്ഷമത കുറക്കുകയും പ്രമേഹം ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. തന്മൂലം ദീര്‍ഘ നാളത്തേക്ക് പൊണ്ണത്തടിക്ക് കാരണമാകുന്നു.

പ്രതിവിധി

  1. കുട്ടികള്‍ പകല്‍ സമയത്ത് കൂടുതല്‍ ഉറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുക. പരമാവധി പകല്‍ സമയത്ത് അവരെ കളികളിലേര്‍പ്പെടുത്തുക.
  2. കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അവരെ സഹായിക്കുക.
  3. ഉറങ്ങുന്നതിനു മുന്‍പായി ചെറിയ വ്യായാമങ്ങള്‍ ചെയ്യാന്‍ ശീലിപ്പിക്കുക. ഇതവരില്‍ നല്ല ഉറക്കമുണ്ടാകാന്‍ സഹായിക്കും.
  4. ഉറങ്ങുമ്പോള്‍ മിതമായ ശബ്ദത്തില്‍ പാട്ടുകള്‍ വെക്കുന്നതും മുറി അലങ്കരിക്കുന്നതും കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
  5. വിരസത

കുട്ടികള്‍ മുതിര്‍ന്നവരില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല. അവര്‍ക്ക് എന്തെങ്കിലും മടുപ്പ് തോന്നുകയാണെങ്കില്‍ ടി.വി പരിപാടികള്‍ മാറ്റി മാറ്റി വയ്ക്കുകയോ, വീഡിയോ ഗെയ്മില്‍ ഏര്‍പ്പെടുകയോ, അനാരോഗ്യകരമായ പലഹാരങ്ങള്‍ കഴിക്കുകയോ, ഒറ്റയ്ക്കിരിക്കുകയോ ചെയ്യും.

പ്രതിവിധി

  1. കുട്ടികളെ ആക്ടീവാക്കുക. ഏതെങ്കിലും സ്പോര്‍ട്ട്സ് ഇനത്തിലോ മറ്റെന്തെങ്കിലും പരിപാടികളിലോ അവരെ പങ്കെടുപ്പിക്കുക.
  2. പുതിയതും പ്രത്യേക അഭിരുചികളുമുള്ള പ്രവൃത്തികളിലേര്‍പ്പെടുത്തുക.
  3. സ്‌കൂളിലെ ഉച്ചഭക്ഷണം

സ്‌കൂള്‍ കാന്റീനില്‍ നിന്നുമാണ് കുട്ടികള്‍ ഉച്ച ഭക്ഷണം കഴിക്കുന്നതെങ്കില്‍ അവര്‍ കൂടുതലും കൊഴുപ്പടങ്ങിയവ ആയിരിക്കും തിരഞ്ഞടുക്കുന്നത്. നെയ്യും മധുരവുമടങ്ങിയ എല്ലാ ഭക്ഷണവും കുട്ടികള്‍ക്ക് പ്രിയമാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ കലോറിയടങ്ങിയ ഭക്ഷണമാവശ്യമാണ്. പക്ഷേ ദിവസേനയുള്ള അനാരോഗ്യ ഭക്ഷണരീതി കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകും

പ്രതിവിധി

  1. ഉച്ചഭക്ഷണം കഴിവതും വീട്ടില്‍ നിന്നും കൊടുത്തയക്കുക.
  2. കുട്ടികള്‍ക്ക് നല്‍കുന്ന പോക്കറ്റ് മണി കുറക്കുക.
  3. ഏറ്റവും പ്രധാനം നല്ല ഭക്ഷണം കഴിച്ചാലുള്ള ഗുണങ്ങള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയെന്നതാണ്.

പൊണ്ണത്തടി-പാരമ്പര്യം

ചില കുട്ടികളില്‍ നിര്‍ഭാഗ്യവശാല്‍ പാരമ്പര്യമായിതന്നെ പൊണ്ണത്തടിയുണ്ടാകാറുണ്ട്. മാതാപിതാക്കള്‍ക്ക് അമിതവണ്ണമുണ്ടെങ്കില്‍ കുട്ടികളിലും അത് വരാനുള്ള സാധ്യതയുണ്ട്. 25-40 ശതമാനും സാധ്യതയാണിതിന്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ജന്മനായുള്ള പൊണ്ണത്തടിക്ക് സാധ്യത. എന്നാല്‍ അമിത വണ്ണത്തോടൊപ്പം തെറ്റായ ഭക്ഷണരീതിയുമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പമാകും.

പ്രതിവിധി

  1. കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്നുറപ്പു വരുത്തുക.
  2. കുട്ടികളില്‍ സ്പോര്‍ട്‌സിനോടുള്ള താല്‍പര്യം വളര്‍ത്തുക.
  3. ദിവസവും ഒരു മണിക്കൂറെങ്കിലും കായിക വിനോദത്തിലേര്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക.
  4. ഒന്നും ശരിയാകുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് വണ്ണം കുറക്കാനുള്ള മാര്‍ഗം തേടുക.

കുട്ടികളിലെ അമിതവണ്ണം ഒഴിവാക്കാന്‍ ഇതുകൂടി ശ്രദ്ധിക്കാം

  1. ജൈവ പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  2. ചിപ്സ്, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍, മിഠായി, ഒരുപാട് മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവ കഴിവതും മാറ്റി നിര്‍ത്തുക.
  3. ഉപ്പ്, സോഡിയം ഉപയോഗം കുറക്കുക.
  4. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കുക.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here