സ്വര്‍ണക്കടത്ത് കേസ്; എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചശേഷം അന്തിമ കുറ്റപത്രം സമര്‍പ്പിക്കും.

സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ ഒന്‍പത് മണിക്കൂര്‍ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. സന്ദീപിന്റെ ആവശ്യപ്രകാരം ആലുവ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.