ന്യൂഡല്‍ഹി: പൊതുനിരത്തുകള്‍ കയ്യടക്കിയുള്ള സമരങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ഷഹീന്‍ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ പ്രതിഷേധം നടത്താവൂയെന്നും കോടതി നിര്‍ദേശിച്ചു.
ജനാധിപത്യത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പ്രതിഷേധങ്ങള്‍ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടത്. പൊതുനിരത്തുകള്‍ കയ്യടക്കിയുള്ള സമരങ്ങള്‍ അംഗീകരിക്കാനാകില്ല’- സുപ്രീംകോടതി പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഷഹീന്‍ ബാഗ് പോലുള്ള സമരങ്ങളില്‍ കണ്ടത്. സമൂഹത്തില്‍ ധ്രൂവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടക്കുന്നുണ്ട്. പൊതുനിരത്തുകള്‍ കയ്യേറിയുള്ള സമരങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് സമരങ്ങള്‍ പാടില്ല. പൊതുനിരത്തുകള്‍ കയ്യേറിയുള്ള സമരങ്ങള്‍ ഒഴിപ്പിക്കാന്‍ പലപ്പോഴും കോടതിക്ക് ഇടപെടേണ്ടിവരുന്നതായും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.