ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണെങ്കിലും നേരിട്ടും അല്ലാതെയും ശരീരത്തിലെത്തുന്ന ഉപ്പിനെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. പഞ്ചസാര പോലെ തന്നെ വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് ഉപ്പും. ഉപ്പിന്റെ അമിതോപയോഗം ശരീരത്തിലെ ഇലക്ട്രോലൈറ്റ് സമതുലിതാവസ്ഥ നഷ്ടപ്പെടുത്തി നിരവധി സങ്കീര്‍ണ്ണതകള്‍ക്ക് ഇടവരുത്തുന്നു.
വൃക്കയില്‍ കല്ല്, വൃക്ക രോഗങ്ങള്‍
രക്തത്തില്‍ നിന്ന് മാലിന്യങ്ങളെ പുറന്തള്ളുന്ന ജോലി വൃക്കകളുടേതാണ്. ശരീരത്തില്‍ അമിതമായെത്തുന്ന ഉപ്പിനെയും മറ്റു ലവണങ്ങളെയും അരിച്ച് നീക്കം ചെയ്യുന്നതും വൃക്കകള്‍ തന്നെ. രക്തത്തിലെ ജലത്തിന്റെ തോത് നിയന്ത്രിക്കുന്നതും മൂത്രമായി പുറത്തേക്കു പോകുന്ന ജലാംശം നിയന്ത്രിക്കുന്നതും ഈ പ്രക്രിയയുടെ ഭാഗമാണ്. അമിതമായി സോഡിയം അകത്തുചെല്ലുമ്പോള്‍ ദ്രാവകരൂപത്തിലുള്ള മാലിന്യങ്ങളെ പുറന്തള്ളുന്നതിനായി വൃക്കകള്‍ക്ക് കൂടുതല്‍ ശ്രമപ്പെടേണ്ടിവരുന്നു. ഇത് വെള്ളം ശരീരത്തില്‍ തന്നെ നിലനില്‍ക്കാന്‍ കാരണമാകുന്നു. ഈ അരിക്കല്‍ പ്രക്രിയ കൃത്യമായി നടക്കാതെ വരുമ്പോള്‍ മൂത്രത്തില്‍ കാത്സ്യം അടിഞ്ഞുകൂടി കാലക്രമേണ വൃക്കയില്‍ കല്ലുണ്ടാകുന്നു.
നീര്‍ക്കെട്ടല്‍, വീര്‍ക്കല്‍
ചിലപ്പോഴൊക്കെ ധാരാളം ഉപ്പടങ്ങിയ ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ ശരീരം നീരുകെട്ടിയതുപോലെ വീര്‍ത്തതായി അനുഭവപ്പെടും. ആരോഗ്യവാന്മാരായ ആളുകളില്‍ ഈ പ്രശ്‌നം ഉണ്ടാവുകയില്ല. കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ അവസ്ഥ സുഖപ്പെടും. സോഡിയം കലരാത്ത വെള്ളം കുടിക്കുന്നത് ഈ സമയത്ത് നല്ലതാണ്. ഇതുപോലെ സ്ഥിരമായി മുഖത്തും കൈകളിലും കാലുകളിലും കണങ്കാലിലും ഭക്ഷണത്തിനു ശേഷം വീര്‍ക്കുന്ന അവസ്ഥയുണ്ടായാകുന്നുവെങ്കില്‍ നിങ്ങളുടെ വൃക്കകള്‍ വെള്ളം അരിച്ച് പുറത്തുകളയുന്നതിന് പ്രയാസപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഉപ്പിന്റെ ഉപയോഗം കുറക്കുകയാണ് ചെയ്യാനുള്ളത്. പ്രശ്‌നം ഗുരുതരമായാല്‍ ഡോക്ടറുടെ സഹായം തേടുക.
നിര്‍ജ്ജലീകരണം
അമിതമായി ഉപ്പ് ശരീരത്തിലടിയുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. തീവ്രമായ ദാഹം, ഛര്‍ദ്ദി, വയറ്റില്‍ കൊളുത്തിവലിക്കുന്ന വേദന, വയറിളക്കം എന്നിവയ്ക്കും ഇടയാക്കുന്നു. ധാരാളമായി വെള്ളം കുടിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
അമിതമായി ഉപ്പ് ഉപയോഗിക്കുന്നതിന്റെ മറ്റൊരു പ്രധാന പ്രശ്‌നം ഉയര്‍ന്ന രക്തസമ്മര്‍ദ്ദ സാധ്യതയാണ്. വൃക്കകള്‍ നന്നായി പ്രവൃത്തിക്കാതെ വരുമ്പോള്‍ ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുകയും അതുവഴി രക്തത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദ്ദത്തിനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമായേക്കും. രക്താതിസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പുപയോഗം കുറക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
അസ്ഥിക്ഷയം
വൃക്കകളുടെ ഫില്‍റ്ററിംഗ് പ്രക്രിയ ശരിയായി നടക്കാതെ വരുമ്പോള്‍ മൂത്രത്തില്‍ കാത്സ്യം അടിഞ്ഞുകൂടുന്നു. ഇങ്ങനെ അമിതമായി കാത്സ്യം നഷ്ടപ്പെട്ടാല്‍ എല്ലുകളുടെ സാന്ദ്രതക്കും ശക്തിക്കും ആവശ്യമായ കാത്സ്യം ലഭിക്കാതെ വരും. ഇപ്രകാരം രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് കുറഞ്ഞുകുറഞ്ഞ് അസ്ഥിക്ഷയത്തിനു കാരണമാകുന്നു. ആര്‍ത്തവം നിന്ന സ്ത്രീകളില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്.
പൊണ്ണത്തടി
പഞ്ചസാര പോലെ ഉപ്പ് നേരിട്ട് പൊണ്ണത്തടിക്കു കാരണമാകുന്നില്ല. എന്നാല്‍ ഉപ്പിന്റെ അമിതോപയോഗം ഇന്‍സുലിന്‍ ഉല്‍പ്പാദനം കൂട്ടുന്നു. ഇന്‍സുലിന്‍ ശരീരത്തില്‍ കൂടുതലായി കൊഴുപ്പ് സംഭരിക്കാന്‍ കാരണമാകുന്നു. ഇത് പിന്നീട് പ്രമേഹത്തിനും ആല്‍ക്കഹോളിതര ഫാറ്റി ലിവറിനും കാരണമാകും.
മറവിരോഗം
ഉപ്പ് കൂടുതലായി ശരീരത്തിലെത്തുന്നത് മറവിരോഗത്തിനു കാരണമാകുന്നുവെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.
അര്‍ബുദം
നിരവധി പഠനങ്ങള്‍ നടന്നിട്ടില്ല എങ്കിലും വയറിലെ കാന്‍സറിനു കാരണമാകുന്ന ഹെലികോബാക്ടര്‍ പിലോരി എന്ന ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് കാരണമാകാന്‍ ഉപ്പിനു കഴിയുന്നു എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഉപ്പ് കുറക്കാന്‍ ചില മാര്‍ഗങ്ങള്‍
- സംസ്‌ക്കരിച്ച ഭക്ഷണ വസ്തുക്കളുടെ ഉപയോഗം കുറക്കുക.
- അമിതമായി സോഡിയം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കുറക്കുക.
- ഉപ്പു കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ നാവിനെ പാകപ്പെടുത്തുക.
- ഉപ്പ് കൂടിയ ഭക്ഷണം കഴിക്കുമ്പോള്‍ കഴിക്കുന്നതിന്റെ അളവ് കുറക്കാന്‍ ശ്രമിക്കുക.
- വീട്ടില്‍ തന്നെ കുക്ക് ചെയ്യാന്‍ ശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ സാധിക്കും.
- രുചി കൂട്ടാനായി മറ്റു ചേരുവകള്‍ ഉപയോഗിക്കുക.