ഹാഥ്രാസ് സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ മറുപടിയുമായി നടി അമലാ പോള്‍. മനോരമാ ന്യൂസ്. കോമിനെതിരെയാണ് അമല രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഒരു സുഹൃത്തിന്റെ അഭിപ്രായം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നെന്നും എന്നാല്‍ മനോരമാ ന്യൂസ് . കോം അത് പൊതുജനത്തിന്റെ മുന്നില്‍ വളച്ചൊടിച്ചാണ് അവതരിപ്പിച്ചതെന്നും അമല പറഞ്ഞു.
ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് മാത്രം തന്റെ അഭിപ്രായത്തെ ട്വിസ്റ്റ് ചെയ്ത് അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ടുപിടിച്ച് മനോരമ വിവാദം സൃഷ്ടിക്കുകയാണെന്ന് അമല പറഞ്ഞു. വിവാദ വില്പനയാണോ നിങ്ങളുടെ തൊഴിലെന്നും അമല ചോദിച്ചു.
“ഇത്ര ക്രൂരമായി, മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ട ആ കുട്ടിയുടെ നാക്ക് മുറിച്ച് മാറ്റി. ഈ നിശബ്ദതയ്ക്കു വേണ്ടി. ഈ നിശബ്ദതയാണോ നിങ്ങള്‍ എന്നോട് ചെയ്യുന്നത്,” അമല വീഡിയോയില്‍ ചോദിച്ചു.
എന്തിന് പെണ്‍കുട്ടിയുടെ മൃതദേഹം രായ്ക്ക് രാമാനം കത്തിച്ച് ചാമ്പലാക്കി, മരണാനന്തര ചടങ്ങില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പങ്കെടുക്കാന്‍ പറ്റാതിരുന്നതും അവരെ ഇപ്പോഴും അകറ്റി നിര്‍ത്തുന്നതും എന്തുകൊണ്ടാണെന്നും അമല ചോദിച്ചു. ചില നല്ല മാധ്യമങ്ങള്‍ ഇതൊക്കെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും അമല പറഞ്ഞു.
യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്, എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെയും പൊലീസിനെയും ന്യായീകരിച്ച് കൊണ്ടാണ് അമലയുടെ പോസ്റ്റെന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം.