പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി അതിക്രമിച്ചു; 32കാരന് 600 വര്‍ഷം തടവുശിക്ഷ

പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിച്ച യുവാവിന് അറുന്നൂറ് വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. മാത്യു ടെയ്‌ലര്‍ മില്ലര്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് കുറ്റകൃത്യത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തില്‍ 600 വര്‍ഷം തടവുശിക്ഷ വിധിച്ചത്. കുഞ്ഞുങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതടക്കം വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി. ഒരുവര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് സ്‌കോട്ട് കൂഗ്ലര്‍ അപൂര്‍വമായ ശിക്ഷ വിധിച്ചത്. താന്‍ ചെയ്ത കുറ്റങ്ങള്‍ പ്രതി സമ്മതിക്കുകയും ചെയ്തിരുന്നു.

2014 നും 2019 നും ഇടയിലെ കാലയളവില്‍ രണ്ട് കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ ഇരകള്‍ക്ക് നാല് വയസ് മാത്രമായിരുന്നു പ്രായമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പരാതിയില്‍ പറയുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കുന്ന പതിവും ഇയാള്‍ക്കുണ്ടായിരുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടികളുടെ നൂറു കണക്കിന് അശ്ലീല ചിത്രങ്ങളും കണ്ടെടുത്തിരുന്നു. ഇതിനു പുറമെ പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള ഒരു ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും മില്ലര്‍ കുറ്റാരോപിതനാണ്.