ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. മന്ത്രി ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ ആണ് പരാതി നല്‍കിയത്. യുഎഇയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം ആസോസിയേഷന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിംഗില്‍, പി ആര്‍ കമ്പനി മാനേജര്‍ സ്മിതാ മേനോനെ പങ്കെടുപ്പിച്ചുവെന്നാണ് പരാതി.

സ്മിത ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിച്ച മറുപടി വ്യക്തമാക്കുന്നുവെന്നും സലിം മടവൂര്‍ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്മിതാ മേനോന്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്.