കിടക്ക വ്രണങ്ങള്‍ സുഖപ്പെടാന്‍

കിടപ്പിലായതോ വീല്‍ചെയറിലുള്ളതോ ആയ ആളുകള്‍ക്കാണ് കിടക്ക വ്രണങ്ങള്‍ (Bed Sores)വരുന്നത്. ചര്‍മത്തിന് ദീര്‍ഘകാലമായുണ്ടാകുന്ന സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇവ ഉണ്ടാകുന്നത്. സ്ഥിരമായി സമ്മര്‍ദ്ദത്തിലായിരിക്കുന്ന ശരീരഭാഗത്തെ കോശങ്ങളിലേക്കും ചര്‍മ്മത്തിലേക്കും രക്ത വിതരണം ഇല്ലാതാകുന്നതിനെ തുടര്‍ന്നാണ് അവിടെ വ്രണങ്ങള്‍ ഉണ്ടാകുന്നത്. കിടക്ക വ്രണങ്ങള്‍ എത്ര ഗൗരവമാണെന്നതനുസരിച്ച് അതിന്റെ രൂപത്തിലും കാഴ്ചയിലും വ്യത്യാസമുണ്ടാകും. അതിന് വിവിധ ഘട്ടങ്ങളുണ്ട്.

ഒന്നാം ഘട്ടം : ചര്‍മത്തിന് ചൂടും ചുവന്ന നിറവും. ഇരുണ്ട നിറമുള്ള ചര്‍മമാണെങ്കില്‍ വ്രണത്തിന്റെ നിറം പര്‍പ്പിള്‍ അല്ലെങ്കില്‍ നീലയായിരിക്കും.
രണ്ടാം ഘട്ടം: വ്രണം പൊള്ളലേറ്റതു പോലെയോ മുറിവു പോലെയോ ആയിരിക്കും. ചര്‍മത്തിന്റെ നിറം മങ്ങിയിരിക്കും. വേദന അനുഭവപ്പെട്ടു തുടങ്ങും.
മൂന്നാം ഘട്ടം: ഈ അവസ്ഥയില്‍ വ്രണം കുഴി പോലെ രൂപപ്പെട്ടിരിക്കും. ചര്‍മത്തിനു താഴെയുള്ള കോശങ്ങള്‍ക്കും ആഴത്തില്‍ കേടുപറ്റിയിരിക്കും.
നാലാം ഘട്ടം: വ്രണം വലുതായി എല്ലുകളും മസിലുകളും കാണാന്‍ കഴിയുന്ന അവസ്ഥയിലാകുന്നു. അണുബാധക്കുള്ള സാധ്യതയും ഈ ഘട്ടത്തിലുണ്ട്.

കിടക്ക വ്രണങ്ങള്‍ സുഖപ്പെടുത്താനുള്ള വഴികള്‍

  1. പ്രാഥമിക ശുശ്രൂഷ നല്‍കുക : സമ്മര്‍ദ്ദം കുറക്കുക, മൃത കോശങ്ങള്‍ നീക്കം ചെയ്യുക, വൃത്തിയാക്കി ഡ്രസ്സ് ചെയ്യുക

കിടക്കവ്രണത്തിനുള്ള പ്രാഥമിക ശുശ്രൂഷയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക.
a. ബാധിക്കപ്പെട്ട ഭാഗത്തെ സമ്മര്‍ദ്ദം കുറക്കുക.
b. വ്രണം വൃത്തിയാക്കി ഡ്രസ് ചെയ്യുക.
c. വ്രണ ഭാഗത്തെ മൃതകോശങ്ങള്‍ നീക്കുക. മൃതകോശങ്ങള്‍ മുറിവുണങ്ങുന്നത് തടസ്സപ്പെടുത്തുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
d. മുറിവുണങ്ങുന്നതിന് അനുയോജ്യമായ ഭക്ഷണശീലം പിന്തുടരുക.

കിടപ്പുരോഗികളുടെ സമ്മര്‍ദ്ദമേല്‍ക്കുന്ന ചര്‍മഭാഗം നീരുവന്നതായോ ചുവന്ന നിറത്തിലോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക. വ്രണത്തില്‍ നിന്ന് പഴുപ്പോ ദുര്‍ഗന്ധമോ വരുക, 100 ഡിഗ്രിയില്‍ കൂടുതല്‍ താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തണുത്ത ചര്‍മം, കടുത്ത വേദന എന്നിവ അണുബാധയുടെ ലക്ഷണങ്ങളാവാം. അതിനാല്‍ ഉടന്‍ ഡോക്ടറെ സന്ദര്‍ശിക്കുക.

  1. ഇടയ്ക്കിടെ സ്ഥാനം മാറുക
    കിടക്ക വ്രണമുള്ളവരുടെ ആ ഭാഗത്തെ സമ്മര്‍ദ്ദം കുറക്കുന്നതിന് ഇടയ്ക്കിടെ സ്ഥാനം മാറുന്നത് നല്ലതാണ്. വീല്‍ ചെയറിലിരിക്കുന്നവര്‍ ഓരോ 15 മിനിറ്റിലും സ്ഥാനം മാറി മാറി ഇരിക്കണം. കിടപ്പുരോഗികളാണെങ്കില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് മാറ്റിക്കിടത്താന്‍ അവരെ ശുശ്രൂഷിക്കുന്നവര്‍ ശ്രദ്ധിക്കണം.
  2. സമ്മര്‍ദ്ദം കുറക്കുന്ന കിടക്കകളും തലയിണകളും ഉപയോഗിക്കുക
    നിങ്ങളുടെ മുറിവിന്റെ പ്രകൃതമനുസരിച്ച് അനുയോജ്യമായ കിടക്കകളും തലയിണകളും ഉപയോഗിക്കുക. ഇതിന് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. വായു നിറച്ചതും വെള്ളം നിറച്ചതുമായ കിടക്കകളും തലയിണകളും ലഭ്യമാണ്. ഇവ ബാധിക്കപ്പെട്ട ഭാഗത്തെ സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു.

a. നിങ്ങള്‍ വശത്തേക്ക് ചരിഞ്ഞു കിടക്കുമ്പോള്‍ അടിവശത്ത് തലയിണ വെക്കുക. അത് നിങ്ങളുടെ ഭാരം ഇടുപ്പിനു നല്‍കാതെ പൃഷ്ഠഭാഗത്തേക്ക് മാറ്റുന്നു.
b. കാലുകള്‍ക്കിടയില്‍ തലയിണ വെക്കുന്നത് കാല്‍മുട്ടും കണങ്കാലും പരസ്പരം മുട്ടാതിരിക്കാന്‍ സഹായിക്കുന്നു.
c. പുറംവശം കൊണ്ട് കിടക്കുമ്പോള്‍ കണങ്കാല്‍ അല്‍പം പൊക്കി വെക്കുക. അതിനായി താഴെ തലയിണ വെക്കുക.

  1. സോപ്പോ, വെള്ളമോ, ഉപ്പു ലായനിയോ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കുക
    സ്‌റ്റേജ് ഒന്നിലെയും രണ്ടിലെയും മുറിവുകള്‍ വീട്ടില്‍ത്തന്നെ വൃത്തിയാക്കി ഡ്രസ് ചെയ്യാം. അതേസമയം സ്‌റ്റേജ് മൂന്നിലെയും നാലിലെയും മുറിവുകള്‍ വൃത്തിയാക്കാന്‍ വൈദ്യസഹായം തേടണം. ഒന്നാം സ്‌റ്റേജിലെ മുറിവുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. സ്‌റ്റേജ് രണ്ടിലെ മുറിവുകള്‍ വെള്ളവും ഉപ്പുലായനിയും ഉപയോഗിച്ച് വൃത്തിയാക്കണം.
  2. പഞ്ചസാര ഉപയോഗിച്ച് ഡ്രസ്സ് ചെയ്യാം
    പഞ്ചസാര പണ്ടു മുതലേ മുറിവും വ്രണങ്ങളും സുഖപ്പെടുത്താന്‍ ഉപയോഗിച്ചുവരുന്നു. മുറിവ് വൃത്തിയാക്കിയ ശേഷം കുഴമ്പു രൂപത്തിലാക്കിയ പഞ്ചസാരയോ തരി രൂപത്തിലുള്ള പഞ്ചസാരയോ അവിടെവെച്ച് ബാന്‍ഡേജ് ചെയ്യുക. ആ ഭാഗത്തെ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പഞ്ചസാര സഹായിക്കുന്നു. വ്രണഭാഗത്ത് നിര്‍ജ്ജലീകരണം നടത്തി ബാക്ടീരിയ പോലുള്ള അണുബാധകളെ തടയുന്നു. ലായനി രൂപത്തിലായതുകൊണ്ട് മുറിവില്‍ നിന്നുള്ള ദ്രാവകം പഞ്ചസാര വലിച്ചെടുക്കുന്നു.
  3. മഞ്ഞള്‍ പേസ്റ്റ് ഉപയോഗിക്കുക
    ആയുര്‍വേദത്തില്‍ മുറിവുണക്കുന്നതിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഔഷധമാണ് മഞ്ഞള്‍. അണുനാശം വരുത്തിയ വെള്ളവും മഞ്ഞള്‍പ്പൊടിയും ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ഘടകം മുറിവിനെ സുഖപ്പെടുത്തുന്നു. അണുബാധയ്ക്കു കാരണമാകുന്ന ഘടകങ്ങളെയും മഞ്ഞള്‍ പ്രതിരോധിക്കുന്നു.
  4. മൃതകോശങ്ങള്‍ നീക്കാന്‍ പപ്പായ പേസ്റ്റ്
    പപ്പായയിലെ പപ്പൈന്‍ എന്ന എന്‍സൈം തൊലി അടര്‍ത്തിക്കളയാന്‍ കഴിയുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ കുഴമ്പു രൂപത്തിലാക്കിയ പപ്പായ വ്രണത്തില്‍ പുരട്ടുന്നത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.
  5. തേന്‍ ഉപയോഗിച്ച് ഡ്രസ്സ് ചെയ്യാം
    വൃത്തിയാക്കിയ മുറിവില്‍ തേന്‍ ഉപയോഗിച്ച് ഡ്രസ് ചെയ്യുന്നത് മുറിവുണങ്ങാനും വേദന കുറക്കാനും നല്ലതാണ്. തേന്‍, മെട്രനിഡസോള്‍ എന്നിവ ഉപയോഗിച്ച് ഡ്രസ് ചെയ്യുന്നതിന് ആന്റിബയോട്ടിക് പൗഡറുകളേക്കാള്‍ ഗുണമുണ്ടെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
  6. സിങ്ക്, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണം
    a. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണവസ്തുക്കള്‍ കഴിക്കുന്നത് നല്ലതാണ്. സിട്രസ് പഴങ്ങളും, ഇലക്കറികളും വിറ്റാമിന്‍ സി സമ്പുഷ്ടമാണ്.
    b. പുതിയ ആരോഗ്യമുള്ള കോശങ്ങള്‍ വരാന്‍ പ്രോട്ടീന്‍ സഹായിക്കുന്നു. പയര്‍, നട്‌സ്, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ഇറച്ചി എന്നിവ പ്രോട്ടീനടങ്ങിയ ഭക്ഷണവസ്തുക്കളാണ്.
    c. ചര്‍മം വരണ്ടതായാല്‍ മുറിവുണങ്ങുന്നതിന് തടസ്സമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here