രണ്ടാമൂഴം തിരക്കഥ; എംടിയും ശ്രീകുമാറും ഒത്തുതീര്‍പ്പിലെത്തി

കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും സംവിധായകന്‍ വി.എ. ശ്രീകുമാറുമായി ഉണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു. കേസ് പിന്‍വലിക്കാന്‍ എം.ടി. സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

രണ്ട് വര്‍ഷം നീണ്ടുനിന്ന തര്‍ക്കത്തിനൊടുവിലാണ് എം.ടിയും വി.എ. ശ്രീകുമാറും ഒത്തുതീര്‍പ്പിലെത്തിയത്. രണ്ടാമൂഴം തിരക്കഥ ശ്രീകുമാര്‍ തിരിച്ചു നല്‍കും. എം.ടി. വാങ്ങിച്ച ഒന്നേകാല്‍ കോടി രൂപയും തിരികെ കൊടുക്കും. ഒത്തുതീര്‍പ്പിനായുള്ള അപേക്ഷ എം.ടി. വാസുദേവന്‍ നായര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ച്ച കോടതി അപേക്ഷ പരിഗണിക്കും.

2014 ലാണ് രണ്ടാമൂഴം സിനിമയാക്കുന്നതിന് എം.ടി.യും വി.എ. ശ്രീകുമാറും ധാരണയിലായത്. കോഴിക്കോട് മുന്‍സിഫ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലും രണ്ടാമൂഴം കേസുകള്‍ നടക്കുന്നുണ്ട്. അതേസമയം രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകര്‍ പലരും എം.ടി.യെ സമീപിച്ചിട്ടുണ്ട്.