തിരുവനന്തപുരം: പ്രവാസികള്‍ക്കും പുതിയ സംരംഭകര്‍ക്കും ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് കെ.എഫ്.സി. ആയിരം സംരംഭകര്‍ക്ക് ഏഴ് ശതമാനം പലിശനിരക്കില്‍ 300 കോടി രൂപ വായ്പ നല്‍കുമെന്ന് കെ.എഫ്.സി. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ തച്ചങ്കരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്ത് ശതമാനമാണ് അംഗീകൃത പലിശയെങ്കിലും സര്‍ക്കാര്‍ മൂന്നു ശതമാനം സബ്‌സിഡി നല്‍കും. പദ്ധതിയുടെ 90 ശതമാനം വരെ വായ്പ നല്‍കും.
കേന്ദ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിച്ചാണ് ഈടില്ലാതെ വായ്പ നല്‍കുന്നത്. കടപ്പത്രത്തിലൂടെ സമാഹരിച്ച 250 കോടി രൂപയാണ് ഇതിനായി ഉപയോഗിക്കുക. 2400 പേര്‍ രജിസ്റ്റര്‍ ചെയ്തു. 765 പേരെ അര്‍ഹരായി കണ്ടെത്തി. പരിശീലനം ലഭിച്ച നൂറു പേര്‍ക്ക് 28ന് വായ്പ അനുമതി നല്‍കും.