പ്രവാസി നിക്ഷേപകർക്ക് ബിസിനസിന്റെ 100% ഉടമസ്ഥാവകാശം അനുവദിച്ച് യു എ ഇ

ദുബായ്: പ്രവാസി നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥാവകാശം 2020 ഡിസംബർ 1 മുതൽ അനുവദിക്കുന്നു. യുഎഇ പൗരന്മാരെ സ്പോൺസർമാർ ആക്കേണ്ടതിന്റെ ആവശ്യകത യുഎഇ ഒഴിവാക്കി. ഫെഡറൽ നിയമത്തിന് അനുസൃതമായ ഈ നീക്കം, കമ്പനികളെയും അവയുടെ ഓഹരിയുടമകളെയും കുറിച്ച് 2015 ലെ നിയമ നമ്പർ 2 ഭേദഗതി ചെയ്യുന്ന ഉത്തരവ് പുറപ്പെടുവിച്ചത് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ആണ്.

നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്കായിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഭേദഗതികൾ പ്രവാസി നിക്ഷേപകരെ യുഎഇ പൗരന്മാരുടെ മിനിമം ശതമാനം ഉടമസ്ഥതയിൽ നിന്ന് ഒഴിവാക്കും. ഇനി പൂർണമായും പ്രവാസികളുടെ ഓഹരിപങ്കാളിത്തത്തിൽ ഓൺഷോറിൽ സ്ഥാപനങ്ങൾ തുടങ്ങാം.

എങ്കിലും എണ്ണഖനനം, ഊർജ്ജോൽപാദനം, പൊതുഗതാഗതം, സർക്കാർ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളിൽ, വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങൾ തുടരും. കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങൾക്ക് വിൽക്കാം. നേരത്തേ 30 ശതമാനം ഷെയറുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാൽ കമ്പനികളുടെ ചെയർമാനും സീനിയർ ഉദ്യോഗസ്ഥർക്കും എതിരെ ഓഹരി ഉടമകൾക്ക് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്.

ഈ പുതിയ നിയമം 51 ആർട്ടിക്കിളുകളിൽ ഭേദഗതി വരുത്തുകയും പുതിയവ കൂട്ടിച്ചേർക്കുകയും ചെയും. ഭേദഗതികളിൽ പലതും ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. ദീർഘകാലമായി കാത്തിരിക്കുന്ന ഈ നിയമം, യുഎഇയിൽ ലൈസൻസുള്ളതും രജിസ്റ്റർ ചെയ്തതുമായ കമ്പനികളുടെ വിദേശ പൗരന്മാർക്ക് 2020 ലെ ക്യാബിനറ്റ് പ്രമേയം 16 പ്രകാരം നൂറുശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമ ഭേദഗതികൾ പ്രഖ്യാപിച്ചു. യുഎഇ ഇപ്പോൾ ബിസിനസുകൾ സ്ഥാപിക്കുന്നതിനുള്ള അനുയോജ്യമായ നിയമനിർമ്മാണ അന്തരീക്ഷം സൃഷടിക്കുന്നു.