ഇറാനെതിരെ ആഞ്ഞടിച്ച് അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

ജിദ്ദ: ഇറാന്‍ ഭരണകൂടം അറബ് മേഖലയെ ഭീഷണിപ്പെടുത്തുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യമന്‍ വിമതരായ ഹൂതി സായുധസംഘത്തിന് സഹായം നല്‍കിയാണ് ഇറാന്‍ അറബ് പ്രവിശ്യയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്. അറബ് മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കരാറുകളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് ഇറാന്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങളാണ്. ഇത് അറബ് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ലോക സമാധാനത്തിനും സുരക്ഷക്കും വിലകല്‍പ്പിക്കാത്ത ഇറാന്റെ നിലപാടുകള്‍ക്കെതിരെ അന്താരാഷ്ട്രസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം – അദ്ദേഹം പറഞ്ഞു.

അധിനിവേശം അനുഭവിക്കുന്ന പലസ്തീന്‍ ജനതയെ പിന്തുണക്കുന്നുവെന്നും അറബ് ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശ ഇടപെടലുകള്‍ക്കെതിരെ ഗൗരവമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.