പുകവലിക്കുന്നവര്‍ക്ക് കൊറോണ വൈറസ് ബാധ വരാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായായി ലോകാരോഗ്യസംഘടന. കോവിഡ് 19 ബാധിച്ച രോഗികളില്‍ പുകവലി സ്വഭാവമുള്ള രോഗികള്‍ക്ക് മരണസാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. പുകവലിയും കോവിഡ് 19 രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട 34 പഠനങ്ങളെ അവലോകനം ചെയ്ത് യുഎന്‍ തയ്യാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അണുബാധയുടെ സാധ്യത, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്, രോഗത്തിന്റെ തീവ്രത, മരണം എന്നീ കാര്യങ്ങള്‍ എന്നിവ ഇതില്‍ വിശദീകരിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 18% പേര്‍ പുകവലിക്കാരാണ്. രോഗികള്‍ പുകവലിക്കുന്നുണ്ടോ ഇല്ലയോ എന്നതും അവര്‍ അനുഭവിക്കുന്ന രോഗത്തിന്റെ തീവ്രതയും ആശുപത്രിയില്‍ നിന്നുള്ള ഇടപെടലും രോഗിയുടെ മരണസാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നും പഠനത്തില്‍ പറയുന്നു. പുകവലിക്കാര്‍ക്ക് കോവിഡ് 19 പിടിപെടാനുള്ള സാധ്യത കുറവാണെന്ന് അഭിപ്രായപ്പെട്ടു ഏപ്രിലില്‍ ഫ്രഞ്ച് ഗവേഷകര്‍ ഒരു പഠനം പുറത്തുവിട്ടിരുന്നു. ഇതിനെ ശാസ്ത്രമേഖലയില്‍ തന്നെ പലരും ചോദ്യം ചെയ്യുകയുണ്ടായി. ഇപ്പോള്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ രോഗത്തിന്റെ തീവ്രതയും പുകവലിയും തമ്മില്‍ ബന്ധമുണ്ടെന്നും അതിനാല്‍ പുകവലിക്കാര്‍ അത് ഉപേക്ഷിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുകയാണ്.