വെളുത്തുള്ളി മണമുള്ള പുരുഷന്‍

കഥ: ജോസഫ് അതിരുങ്കല്‍

മാമൂന്‍സിദ്ധിഖിയുടെ ശരീരത്തിന്റെ വെളുത്തുള്ളി മണം കാരണമാണ് അയാളുടെ നാലാം ഭാര്യ സൈദ ഉപേക്ഷിച്ചുപോയതെന്ന വാര്‍ത്ത സുഡാനിയായ കമ്പനി ഡ്രൈവര്‍ അബുഹസ്സന്‍ പറഞ്ഞത് തമാശയായി മാത്രമാണ് ഞാന്‍ എടുത്തത്. ലോകത്തേതെങ്കിലും ഭാര്യ ഏതെങ്കിലും ഗന്ധത്തിന്റെ പേരില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുമെന്നു കരുതാന്‍ എനിക്ക് കഴിഞ്ഞില്ല. ഇണയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കാതിരിക്കുക, ദേഹോപദ്രവം ഏല്പ്പിക്കുക, കുടുംബം നോക്കാതിരിക്കുക തുടങ്ങിയ പരമ്പരാഗതമായ കാരണങ്ങളാല്‍ മാത്രമായിരിക്കും വിവാഹബന്ധം വേര്‍പെടുത്തു കയെന്നായിരുന്നു എന്റെ ധാരണ. ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാന ശിലയായ ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചാലും ബന്ധം വേര്‍പിരിയാമെന്ന കോടതി വിധി ഞാന്‍ അപ്പോള്‍ ഓര്‍മ്മിക്കുകയും ചെയ്തു.
”ഞാന്‍ പറഞ്ഞത് പച്ചയായ ശരീരത്തിന്റെ ഗന്ധമാണ്. ഒരു പക്ഷേ, ശരീരം വിയര്‍ക്കുമ്പോള്‍ പുറപ്പെടുവിച്ചേക്കാവുന്നത്.” എന്റെ മുഖത്തെ അവിശ്വസനീയമായ ഭാവം കണ്ട് അബുഹസ്സന്‍ വിശദീകരിച്ചു. ”അയാളുടെ നാലാം ഭാര്യ സൈദ പറഞ്ഞതാ, ഭര്‍ത്താവിനെക്കുറിച്ച് ഇല്ലാത്തത് പറയേണ്ട കാര്യം അവര്‍ക്കില്ലല്ലോ.കസം ബില്ലായി*” താന്‍ പറയുന്നത് സത്യമെന്ന് വിശ്വസിപ്പിക്കാന്‍ വല്ലാത്ത വാശി തന്നെ അബുഹസ്സന്‍ കാണിച്ചു. ഇങ്ങനെ ചെറിയ കാര്യങ്ങളില്‍ മനുഷ്യന്‍ വാശി പിടിക്കുന്നതു വിചിത്രമായിരിക്കുന്നുവന്നു ഞാന്‍ വിചാരിച്ചു.
നാസാരന്ധ്രങ്ങളെ തുളച്ചു കയറുന്ന വെളുത്തുള്ളി മണം മാമൂന്‍സിദ്ധിഖിയിലുണ്ടെന്നു വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ മാമൂന്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂമിനു രൂക്ഷ ഗന്ധമുണ്ടെന്നതിനും, ഏറെ ശ്വസിച്ചാല്‍ തലവേദന വരുമായിരുന്നുവെന്നതിനും ഞാന്‍ അനുഭവസ്ഥന്‍. വസ്ത്രധാരണയില്‍ തികഞ്ഞ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്ന മാമൂനെ അശ്രദ്ധമായോ, അലസമായോ ആയ വേഷത്തില്‍ ഒരിക്കലും കണ്ടിട്ടില്ല. പാശ്ചാത്യവസ്ത്രം ധരിച്ച്, പെര്‍ഫ്യൂമും പൂശി മാത്രമേ അയാള്‍ എവിടെയും കാണപ്പെട്ടുള്ളൂ. മാനേജരെ മാനേജരാക്കുന്നതു മുഖ്യമായും വേഷമായിരിക്കുമെന്നു അയാള്‍ വിശ്വസിക്കുന്നുണ്ടാവാം.
ജോലിയുടെ വിരസതയില്‍ നിന്നു രക്ഷപ്പെടാനുള്ള വഴികളിലൊന്നായിരുന്നു അബുഹസ്സനെ കേള്‍ക്കുകയന്നത്. ഓഫിസും ഫ്‌ളാറ്റുമായുള്ള എന്റെ ഗള്‍ഫ് ജീവിതത്തില്‍ വ്യത്യസ്തമായ ഒരു ജീവിതാനുഭവവും സംഭവിക്കുന്നില്ലല്ലോ എന്ന ആത്മദു:ഖത്തെ മറികടക്കുന്നത് ഈ കേള്‍വി യിലൂടെയാണ്. വ്യത്യസ്തമായ ജീവിത പരിസരങ്ങളും, കഥകളും അബുഹസ്സന്‍ ഓരോ പ്രാവശ്യവും ആകര്‍ഷകമായി അറബി ഭാഷയില്‍ അവതരിപ്പിച്ചു. സ്വദേശമായ സുഡാനിലെ ആഭ്യന്തര കലാപത്തിന്റെ കഥകള്‍ മുതല്‍ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വരെ കേള്‍ക്കാന്‍ ഒരാളുണ്ടെങ്കില്‍ എത്രനേരം വരെയുമിരുന്നു സംസാരിക്കാന്‍ അബ്ബുഹസ്സന്‍ തയ്യാറായിരുന്നു. അങ്ങനെയൊരു കൂടിച്ചേരലിലാണ് കമ്പനി മുദീര്‍* മാമൂന്‍സിദ്ധിഖിയുടെ നാലാംഭാര്യ അയാളെ ഉപേക്ഷിച്ച വിവരം അബുഹസ്സന്‍ അതീവരഹസ്യമായി വെളിപ്പെടുത്തിയത്. മാമൂന്‍സിദ്ധിഖി നാല് വിവാഹം കഴിച്ചതാണെന്ന വിവരം തന്നെ ഞാന്‍ ആദ്യമായി അറിയുകയായിരുന്നു. എന്തുകൊണ്ടോ എന്നില്‍ അവിശ്വസനീയത നിറഞ്ഞു.
”നാലാം ഭാര്യയോ?”
”അതെ നാലാം ഭാര്യ. എന്തായിത്ര അതിശയം? ആദ്യം കേള്‍ക്കുന്ന പോലെ?”
”അപ്പോള്‍ മുമ്പുള്ള ഭാര്യമാര്‍?”
”ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ആദ്യഭാര്യ ഹസീഫ. യമനിലെ ഏദന്‍ സ്വദേശിനി. മാമൂന്റെ അതിക്രൂരമായ രതിപീഡകള്‍ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു.” അബുഹസ്സന്‍ ഓരോരുത്തരെക്കുറിച്ചും വിശദമായി പറഞ്ഞു തുടങ്ങി. ഞാന്‍ കാതുകൂര്‍പ്പിക്കുന്നതില്‍ അയാള്‍ക്ക് പ്രചോദനമായിട്ടുണ്ടാവണം.
”രണ്ടാം ഭാര്യ നൂര്‍ സിറിയന്‍ക്രിസ്ത്യാനിയായിരുന്നു. സിറിയയിലെ ധീര സ്വദേശിനി. മാതാപിതാക്കളെ കാണാന്‍ ഒരിക്കല്‍ നാട്ടിലേക്കുപോയ അവള്‍ ഐ എസ് ഐ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.”
സിറിയയിലും, ഇറാക്കിലും ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ വിലക്കുകളും മറികടന്നു തുടരുന്ന ഐ എസ് ഐയുടെ ക്രൂരമായ അക്രമങ്ങളെ ഞാന്‍ അപ്പോള്‍ ഓര്‍മ്മിച്ചു. അവര്‍ കൊന്നൊടുക്കിയ ആയിരക്കണക്കിനു സിറിയന്‍ ക്രിസ്താനികളെയും, യസിദീകളെയും കുറിച്ച് ലോകം നിശബ്ദത പാലിക്കുന്നതില്‍ എനിക്ക് അതിയായ സങ്കടമുണ്ടായിരുന്നു.
”കലാപം നടക്കുന്ന സ്ഥലമായിട്ടും എന്തിനാണ് നൂര്‍ സിറിയയിലേക്ക് മടങ്ങിപ്പോയത്?”
”കലാപം നടക്കുകയാണെന്ന് നൂറിനറിയാമായിരുന്നു. ഒരു പക്ഷേ, തിരികെ വരാന്‍ കഴിയില്ല എന്നു തിരിച്ചറിഞ്ഞു കൊണ്ട് തന്നെ പോയതായിരിക്കാം.” ദുരിത നാളുകളില്‍ പ്രായമായ അമ്മയപ്പന്മാരോടോപ്പം കഴിയാന്‍ അവള്‍ ആഗ്രഹിച്ചായിരിക്കാം. ദുരന്തമുഖത്ത് ഒറ്റയായി പോയ ബന്ധു മിത്രാദികളെ കാണാന്‍ പുറപ്പെട്ടുപോയ നൂറിനെ ഭാവനയില്‍ കാണാന്‍ ഞാന്‍ ശ്രമിച്ചു. മിസൈല്‍ വര്‍ഷിക്കപ്പെടുന്ന നഗരത്തില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുമ്പോള്‍ വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെ പരിചരിക്കാന്‍ കടന്നുപോയ ആ ധീരയായ സ്ത്രീയെ ഓര്‍ത്തിരുന്നപ്പോള്‍, അബുഹസ്സന്‍ മൂന്നാം ഭാര്യ ബുഷ്‌റയെക്കുറിച്ച് പറഞ്ഞു.
”ഒരു പാവം ഗ്രാമീണ സ്ത്രീയായിരുന്നു ബുഷ്‌റ. മരുഭൂമിയുടെ ഇടയില്‍ ഒറ്റപ്പെട്ടു പോയ ഗ്രാമമായിരുന്നു അവളുടെ സ്വദേശം. അതിപ്രാചീനമായ ഒരറേബ്യന്‍ ഗോത്രത്തിലെ കണ്ണി. കുട്ടികള്‍ ഇല്ലായിരുന്നെങ്കിലും, സംതൃപ്തമായ ദാമ്പത്യ ജീവിതമായിരുന്നു അവരുടേത്. സൈദയെ കണ്ടുമുട്ടും വരെ. സൈദയെ കണ്ടതോടെ മാമൂന്‍ ആളാകെ മാറി.”
”സൈദ കെയ്‌റോ സ്വദേശിനിയായിരുന്നു.” അബുഹസ്സന്‍ തുടര്‍ന്നു.
”തിരക്കാര്‍ന്ന ഒരു ബെല്ലി ഡാന്‍സര്‍. പ്രസിദ്ധമായ കെയ്‌റോ ബെല്ലി ഡാന്‍സ്് ട്രൂപ്പിലെ അംഗം. ദേവദാരു പുഷ്പം പോലെ സുന്ദരി… നിങ്ങള്‍ ഹിന്ദികള്‍ക്കു ബെല്ലി ഡാന്‍സര്‍ എന്നു പറഞ്ഞാല്‍ അറിയാമോ? ഉള്ളു വെളിവാക്കുന്ന മുലക്കച്ച കെട്ടി, ഇരുപുറവും തുറസ്സായ നേര്‍ത്ത പാവാട ധരിച്ചു ശരീരമാസകലം ഇളക്കിമറിച്ചു കൊണ്ടുള്ള ഡാന്‍സാണു ബെല്ലി. കണ്ടില്ലെങ്കില്‍ കാണണം. നേരിട്ട്. മുംബെയിലെ ഹോട്ടലുകളില്‍ കാണുമായിരിക്കും. കേരളത്തിലേക്ക് പോകുമ്പോള്‍ പണ്ടു നിങ്ങള്‍ മുംബൈയില്‍ ഇറങ്ങിയായിരുന്നല്ലോ പോയിരുന്നത്?”
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ അനുഭവം ഇടയ്ക്കു പങ്കുവച്ചതിനു ശേഷം അബുഹസ്സന്‍ തുടര്‍ന്നു.
”സൈദയുടെ ബെല്ലി ഡാന്‍സ് ഒരിക്കല്‍ കണ്ടപാടെ മാമൂന്‍ അവരെ ജീവിതത്തിലേക്കു ക്ഷണിക്കുകയായിയിരുന്നു. കെയ്‌റോയില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. അയാള്‍ ഏതോ ബിസിനസ് ആവശ്യത്തിനു പോയതായിരുന്നു. മാമൂന്റെ നിലയും വിലയുമൊക്കെ തിരിച്ചറിഞ്ഞ സൈദ വിവാഹത്തിനു സമ്മതം മൂളി. തന്നെ സ്വീകരിക്കുമ്പോള്‍ നിലവിലെ ഭാര്യയെ ഒഴിവാക്കുമോ എന്നു ചോദിച്ചപ്പോഴാണ് ആ രാത്രി തന്നെ ബുഷ്‌റയെ മൊഴിചൊല്ലി കൊണ്ട് എസ്.എം.എസ് അയച്ചത്. മെസ്സേജ് കിട്ടിയ രാത്രി അവര്‍ സഹോദരന്‍ അലിബലൂലിനെ വിളിച്ചു. അയാള്‍ എന്റെ സുഹൃത്താണ്. അലി ബലൂലും ഞാനും പിറ്റേ ദിവസം തന്നെ ഫ്‌ളാറ്റിലെത്തി. അലിബലൂല്‍ മാമൂനുമായി സംസാരിച്ചു തീരുമാനത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്തി. ഒരു വാക്കു പോലും മറുത്തു പറയാതെയാണ് അഭിമാനിയായ ബുഷ്‌റ അവരുടെ ഗോത്രഗ്രാമമായ റോധയിലേക്ക് തിരികെ പോയത്. മാമൂന്‍ ഈജിപ്തില്‍ നിന്നു തിരികെ വരുമ്പോള്‍ അവര്‍ വീട്ടിലുണ്ടായിരുന്നില്ല. പോകുമ്പോള്‍ അവര്‍ ഒട്ടുമേ കരഞ്ഞില്ല..ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍ തനിക്കു കഴിവില്ല എന്നറിഞ്ഞതു മുതല്‍ തന്റെ സ്ഥാനത്തു മറ്റൊരുവള്‍ വരുമെന്ന് ആ സ്ത്രീ പ്രതീക്ഷിച്ചിരിക്കാം.”
”എന്നിട്ടിപ്പോള്‍, സൈദ എവിടെ?”
”ഈജിപ്തില്‍, അവര്‍ തിരികെ വരുമെന്നു തോന്നുന്നില്ല. വെളുത്തുള്ളി മണമുള്ള പുരുഷനോടൊപ്പം ശയിക്കാന്‍ വയ്യത്രെ!”
സുന്ദരികളായ നാലു സ്ത്രീകള്‍ ജീവിതത്തിലേക്കു കടന്നു വന്നെങ്കിലും, ഒരാള്‍ പോലും കൂടെയില്ലാത്ത മാമൂന്‍സിദ്ധിഖിയുടെ ഏകാന്ത ജീവിതത്തെക്കുറിച്ചു ഞാന്‍ ഓര്‍ത്തു.
മാമൂന്‍ സിദ്ധിഖിയുടെ നാലാമത്തെ ഭാര്യ അയാളെ ഉപേക്ഷിച്ചോ, മറിച്ച് അയാള്‍ ഭാര്യയെ ഉപേക്ഷിച്ചോ എന്നൊന്നും ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, അയാള്‍ തനിച്ചാണു വിശാലമായ ആ ഫ്‌ളാറ്റില്‍ താമസമെന്നു ഡാക്കാ സ്വദേശിയായ ഓഫിസ് ബോയ് മുറാദ് ഒരിക്കല്‍ പറഞ്ഞിരുന്നു. നഗരത്തിന്റെ തിരക്കില്‍ നിന്നകന്നുള്ള ആ ഫ്‌ളാറ്റില്‍ രണ്ട് മാസമായി മാമൂന്റെ ഭാര്യയുണ്ടായിരുന്നില്ല. അയാളോടൊപ്പം എവിടേക്കോ യാത്ര പോയ അവര്‍ തിരികെ വന്നില്ല എന്നു മാത്രമേ മുറാദിനു അറിയുമായിരുന്നുള്ളൂ. മറ്റൊന്നും അവന്‍ അന്വേഷിച്ചിട്ടില്ല. ”കാണാന്‍ ബഹുസുന്ദരി. പക്ഷേ തീരെ മനുഷ്യപറ്റില്ലാത്ത സ്ത്രീ. തുണി അലക്കി ഇസ്തിരിയിട്ട് കൊടുക്കണം, തറ തുടച്ച് ഗ്ലാസ് പോലെ മിനുസമാക്കണം. പാത്രങ്ങളെല്ലാം വൃത്തിയാക്കി ചൂട് വെള്ളത്തില്‍ കഴുകി വെക്കണം. ഇതൊക്കെയായിരുന്നു ജോലി. എന്നാല്‍ ഒരു ഗ്ലാസ് വെള്ളം പോലും ഇന്നുവരെ തന്നിട്ടില്ല. അവര്‍ പോയെങ്കില്‍ അത്രയും നല്ലത്.”
വാരാന്ത്യത്തില്‍ മാമൂന്റെ ഫ്‌ളാറ്റില്‍, ഇരുനൂറ് റിയാല്‍ പ്രതിഫലം വാങ്ങി തുണി കഴുകാനും നിലം തുടയ്ക്കാനും അവന്‍ ഇപ്പോഴും പോകാറുണ്ട്. മാമൂന്‍ സിദ്ധിഖിയുടെ ജീവിതത്തിനു പഴയ പ്രസരിപ്പില്ല എന്നത് യാഥാര്‍ഥ്യമായിരുന്നു. ആരുടെയോ ജീവിതം താന്‍ ജീവിച്ചു തീര്‍ക്കുന്ന ഭാവം. പലപ്പോഴും ചിന്താമഗ്‌നനായി കാണപ്പെട്ടു. പ്രത്യേക കാരണമൊന്നും കൂടാതെ പ്രകോപിതനായി. നിര്‍ണ്ണായകമായ പല ഫയലുകളിലും, ബാങ്ക് രേഖകളിലും ഒപ്പിടാന്‍ വൈകി. ഒരിക്കല്‍ ഏതോ വിചാരത്തില്‍ പെട്ട് ദിശ മാറി അയാള്‍ സ്വന്തം ക്യാബിനാണെന്നു കരുതി എന്റെ ക്യാബിനിലേക്ക് കടക്കുകയുണ്ടായി. പിന്നെ ”സോറി..സോറി” എന്നു പുലമ്പി പുറത്തേക്ക് പോയി.
വര്‍ഷംതോറും കിട്ടുന്ന ശമ്പള വര്‍ധനയും ബോണസ്സും കഴിഞ്ഞയാഴ്ച നിലവില്‍ വന്നു. കമ്പനിയുടെ ധനകാര്യ വകുപ്പിന്റെ മാനേജര്‍ എന്ന നിലയില്‍ മാമൂന്‍ സിദ്ധിഖിയ്ക്കു കിട്ടിയത് ഞങ്ങള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ വലിയ തുകയായിരുന്നു. എന്നിട്ടും യാതൊരുവിധ സംതൃപ്തിയും ആ മുഖത്ത് പ്രതിഫലിച്ചില്ല.
ഞങ്ങളുടെ കമ്പനിയുടെ കഫീല്‍* സുന്ദരനായ ചെറുപ്പക്കാരനും, യാത്രികനുമായിരുന്നു. ബിസിനസ്സ് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍ സുന്ദരമായ വിദൂര നഗരങ്ങളിലേക്കു യാത്ര പോവുകയായിരുന്നു അയാള്‍ക്കു താല്പര്യം. വര്‍ഷത്തില്‍ മിക്ക മാസങ്ങളിലും അയാള്‍ രാജ്യത്തിന് പുറത്തായിരുന്നു. ചൂടും തണുപ്പും കൂടുന്ന മാസങ്ങളില്‍ സുഖശീതളമായ കാലാവസ്ഥയുള്ള ഇടങ്ങള്‍ തേടി അയാളും പരിവാരങ്ങളും യാത്രയാകുമ്പോഴൊക്കെ കമ്പനിയുടെ മുഴുവന്‍ ചുമതലയും മാമൂനില്‍ കേന്ദ്രികരിച്ചു. അതുകൊണ്ടുതന്നെ അയാളുടെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവേണ്ടതുണ്ടെന്നു തൊഴിലാളികളായ ഞങ്ങള്‍ വിശ്വസിച്ചു. ‘മാനേജരുടെ സൗഖ്യം, ഈ ഫാക്ടറിയുടെ ഐശ്വര്യം’ എന്ന ബോര്‍ഡ് തൂക്കിയില്ല എന്നേയുള്ളു. മാനേജരുടെ ജീവിതത്തെ ബാധിക്കുന്ന ഓരോ തടസ്സവും അന്തിമമായി ഞങ്ങളുടെ ജീവിതത്തെയും പ്രക്ഷുബ്ധമാക്കും എന്നു ഞങ്ങള്‍ ആശങ്കപ്പെട്ടു.
ഇതിനിടെ, നാലാമത്തെ ഭാര്യയായ സൈദയെ തിരികെ കൊണ്ടുവരാനുള്ള പരിശ്രമം സഹപ്രവര്‍ത്തകനും, അക്കൗണ്ടന്റുമായ ഈജിപ്ത് സ്വദേശി സൈയിദ് ബസൂനി മാമൂ ന്റെ മൗനസമ്മതത്തോടെ നടത്തുന്നുണ്ടായിരുന്നു. സൈയിദ് അതാരോടും വെളിപ്പെടുത്തിയില്ലെങ്കിലും, അബുഹസ്സന്‍ എങ്ങ നെയോ അതറിഞ്ഞു. അങ്ങനെ ആ വിവരം എന്റെ കാതിലും എത്തി. അവധിക്കു നാട്ടില്‍പോയ സൈയിദ് സൈദയെ കണ്ടു മുട്ടിയെങ്കിലും, നിര്‍ഭാഗ്യവശാല്‍ ആ സ്ത്രീ മടങ്ങിവരവിനു ഒരുക്കമായിരുന്നില്ല. ഏകാന്ത തടവിനു വിധിക്കപ്പെട്ടതുപോ ലെയുള്ള ജീവിതം അവര്‍ക്ക് മടുത്തു തുടങ്ങിയത്രേ. ഇഷ്ടപ്പെട്ട വേഷം ധരിച്ചു പുറത്തിറങ്ങാന്‍ കഴിയാത്ത രാജ്യനിയമങ്ങള്‍ അവരെ ഭൂമുഖത്തുനിന്ന് തുടച്ച് മാറ്റുന്നതു പോലെ. ആണ്‍തു ണയില്ലാതെ, മാളിലോ, പാര്‍ക്കിലോ, പൊതുസ്ഥലത്തോ പോകാന്‍ കഴിയാത്ത ജീവിതം പാരതന്ത്ര്യത്തിനു തുല്യം. പുരുഷന്‍ നല്‍കുന്ന ആനന്ദം ആനന്ദങ്ങളുടെ പട്ടികയില്‍ ഒരിക്കലും ആദ്യത്തേതല്ല. നൈല്‍ നദിയിലെ ഓളംപോലെ ഉടലിനെ ഇളക്കിയുള്ള ബെല്ലി ഡാന്‍സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ആരാധകരുടെ അഭിനന്ദനം ആവോളം ആസ്വദിച്ചു ജീവിക്കാനാണത്രേ അവരുടെ മോഹം. നഗരത്തിലെ മുന്തിയ ഹോട്ടലിലെ ജീവിതം അവളെ കൂടുതല്‍ ഉന്മേഷവതിയാക്കി. സൈദ വീണ്ടും തിരക്കുള്ള ബെല്ലി ഡാന്‍സറായി മാറിയിരുന്നു. ഭര്‍ത്താവിന്റെ ശരീരത്തിന്റെ രൂക്ഷഗന്ധത്തെ പറ്റി അവള്‍ സൈയിദ് ബസൂ നിയോട് ഒന്നുമേ പറഞ്ഞില്ല. ഒരപരിചിതനോട് ഇത്തരം കാര്യങ്ങള്‍ പറയുന്നതിനു വെളിപ്പെടുത്താന്‍ ഒരു സ്ത്രീ ആഗ്രഹിക്കില്ലായിരിക്കാം. പിന്‍വാങ്ങലിനു മാന്യമായ കാരണം നിരത്തിയതാകാം. നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ ലോബിയില്‍ വച്ചാണ് സൈയിദ് ബസൂനി സൈദയെ കണ്ടുമുട്ടിയത്.
മാമൂന്‍സിദ്ധിഖി തലാഖ് ചൊല്ലിയ ബുഷ്‌റ തിരികെയെത്താ നുള്ള സാധ്യത ഞാന്‍ അബുഹസ്സനോട് ആരാഞ്ഞുവെങ്കിലും അഭിമാനിയായ ബുഷ്‌റ മടങ്ങിവരവിനു തയ്യാറാവില്ല എന്ന് അയാള്‍ പറഞ്ഞു. മാന്യമായ വിവാഹമോചനം പോലും അവര്‍ക്കു നല്‍കിയില്ലല്ലോ?
ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ഓഫിസ് കാര്യങ്ങളില്‍ ഒരു ശ്രദ്ധയുമില്ലാത്ത ജീവിതമായിരുന്നു ആ നാളുകളില്‍ മാമൂന്‍ സിദ്ധിഖി നയിച്ചത്. എങ്കിലും കഫീലിന് അയാള്‍ പ്രിയ പ്പെട്ടവനായി തന്നെ തുടര്‍ന്നു. കഫീല്‍ ഈ ശീതികരണ യന്ത്ര നിര്‍മാണ കമ്പനി തുടങ്ങിയപ്പോള്‍ അയാള്‍ ഒപ്പം കൂടിയതാണ്. മൂന്നു പതിറ്റാണ്ടായി കമ്പനിയുടെ നെടുംതൂണായി തുടരുന്ന ജീവിതം. കമ്പനിയുടെ കാണപ്പെട്ട മേലധികാരി. കാരണമൊന്നും കൂടാതെ ആരെയും ജോലിയില്‍ നിന്നു പിരിച്ചു വിടാന്‍ അധികാരമുള്ള ആള്‍.
പ്രായമായ അമ്മ മരണകിടക്കയില്‍, ഉടനെ നാട്ടില്‍ പോകണ മെന്ന അപേക്ഷയുമായി ഫോര്‍മാന്‍ രാജേന്ദ്രന്‍ ഓഫിസിലേക്കു വന്ന ദിവസമാണ് പ്രശ്‌നത്തിന്റെ സങ്കീര്‍ണതയെനിക്കു ബോധ്യ മായത്. രാജേന്ദ്രന്റെ യാത്രാരേഖകളും ശമ്പള ചെക്കും, ഒപ്പിടാ നായി അഞ്ചു ദിവസം കാത്തെങ്കിലും മാമൂന്‍ സിദ്ധിഖി വന്നില്ല. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി രാജേന്ദ്രന് എച്ച്.ആര്‍ മാനേ ജരായ എന്റെ ക്യാബിനില്‍ രാവിലെ മുതല്‍ അന്തിയോളം കാത്തിരുന്നു. സ്ഥലം എം. പി വിളിച്ചു പറഞ്ഞതിനാല്‍ എംബസ്സിയില്‍ നിന്ന് എച്ച്. ആര്‍ മാനേജരായ എന്നെ മുറയ്ക്കു ഫോണില്‍ വിളിച്ചു കൊണ്ടിരുന്നു. അമ്മയുടെ അവസ്ഥ തീര്‍ത്തും പരിതാ പകരമായ അവസ്ഥയിലേക്കു മാറിയതു മൂലമുള്ള ആത്മ സംഘര്‍ഷത്തില്‍ രാജേന്ദ്രന് എനിക്കതിരെ അലറി. ”താന്‍ ഏതു കോപ്പി ലെ എച്ച്. ആര്‍ മാനേജരാ” എന്നു തുടങ്ങിയ ശകാര വാക്കുകള്‍ പരിസര ബോധമില്ലാതെ പ്രയോഗിച്ചു. വീണ്ടും ഒരു ദിവസം കൂടെ കാത്തിരിക്കൂവെന്നു പറയാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഓഫീസ് ബോയ് മുറാദിനെയും കൂട്ടി ഞാന്‍ മാമൂന്റെ ഫ്‌ളാറ്റിലെത്തിയത്.
ഓഫീസില്‍ നിന്ന് ആരെയെങ്കിലും പ്രതീക്ഷിച്ച പോലെയാ യിരുന്നു മാമൂന്‍സിദ്ധിഖി. സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു. വിശാലമായ ഫ്‌ളാറ്റില്‍ ആതിഥേയന്‍ ഒറ്റയ്ക്ക്. പോര്‍ട്ടുഗീസ് ആര്‍മോരിയല്‍ കാര്‍പ്പറ്റ് വിരിച്ച ഹാളില്‍ എവിടെ നിന്നോ പകല്‍ വെളിച്ചം കിട്ടുന്നുണ്ടായിരുന്നു. അലങ്കാര വിളക്കുകള്‍ ചിരിതൂകി നിന്നു. ടിവിയില്‍ പുതിയ ഹിന്ദി സിനിമ. ഷോക്കേസില്‍ ലാമിനേറ്റ് ചെയ്ത വലിയ ഫോട്ടോ പിരമിഡിന്റെ പശ്ചാത്തലത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന മാമൂന്‍. കൂടെ നില്‍ക്കുന്നത് സൈദ മാഡം ആണെന്ന് മൂറാദ് മന്ത്രിച്ചു. പ്രണയം പൂക്കുന്ന ആ കണ്ണുകളിലേക്കു നോക്കി നിന്നപ്പോള്‍ അശരീരി പോലെ മാമൂന്‍ പിന്നില്‍ നിന്നു പറഞ്ഞു.
”ഈ വലിയ ഫ്‌ളാറ്റില്‍ എന്നെ തനിച്ചാക്കി അവള്‍ മടങ്ങി പോയി… അവളുടേത് മാത്രമായ ലോകത്തിലേക്ക്. ഈ ലോകത്തില്‍ എന്നെപ്പോലെ ഏകനും അശരണനുമായി മറ്റൊരാള്‍ ഉണ്ടാവില്ല.”
ഞാന്‍ ആവശ്യപ്പെടാതെ, മാമൂന്‍സിദ്ധിഖി ചെക്കുകളിലും കത്തുകളിലും യാത്രാ രേഖകളിലും ഒപ്പിട്ടു. മുറാദിനെ ഗവ* തയ്യാറാക്കാന്‍ അടുക്കളയിലേക്ക് പറഞ്ഞയച്ചിട്ട് മാമൂന് അപേക്ഷ സ്വരത്തില്‍ പറഞ്ഞു. ”താങ്കള്‍ എനിക്ക് ഒരു ഭാരത സ്ത്രീയെ കണ്ടെത്തിതരണം. ഞാന്‍ ഒരിക്കല്‍ കൂടെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഒറ്റയ്ക്കുള്ള ജീവിതം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. ഒരു ഭാരതസ്ത്രീക്കേ തന്നെ തിരികെ കൊണ്ടുവരാനാവൂ.”
ഞാന്‍ അത്ഭുതത്തോടെ മാമൂനെ നോക്കി. തമാശ പറയുകയാണെന്നാണ് കരുതിയത്. ഒരാള്‍ അഞ്ചു വിവാഹം കഴിക്കുക എന്നതിലെ അസ്വഭാവികത എന്നെ വല്ലാതെ കുഴക്കി.
മാമൂന്‍സിദ്ധിഖി തന്റെ അപേക്ഷ ന്യായീകരിക്കാനെന്നവണ്ണം പറഞ്ഞു.
”ഇന്ത്യാക്കാരിയാകുമ്പോള്‍, അടങ്ങിയൊതുങ്ങി കുടുംബം നോക്കി ജീവിക്കും. ഭര്‍ത്താവിനെ ദൈവത്തെ പോലെ കരുതും. അവന്റെ കുറവുകള്‍ ക്ഷമിക്കും. ആപത്ഘട്ടത്തില്‍ തണലായി നില്‍ക്കും. വാത്സായനന്റെ നാട്ടുകാരിയായതു കൊണ്ട് മറ്റു കാര്യങ്ങള്‍ പ്രത്യേകിച്ചൊന്നും പഠിപ്പിക്കേണ്ടല്ലോ?” മാമൂന്‍ അശ്ലീല ചുവയോടെ ചിരിച്ചു. എന്നിട്ടയാള്‍ ടീപ്പോയുടെ അടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഡയറിയില്‍ കുറിച്ച് വച്ചിരുന്ന ഒരു ശ്ലോകം അറബി ഉച്ചാരണത്തില്‍ ചൊല്ലാന്‍ തുടങ്ങി.
”കാര്യേഷു മന്ത്രി
കര്‍മ്മേഷു ദാസി
രൂപേഷു ലക്ഷ്മി
ശയനേഷു വേശ്യ”
ചൊല്ലിയത് ശരിയല്ലേ എന്ന ചോദ്യവുമായി മാമൂന്‍ എന്നെ നോക്കി. വികൃതമായ ആ ചൊല്ലല്‍ എന്നില്‍ അറപ്പാണ് ഉളവാക്കിയത്. ഒരു വക മൂരി ശൃംഗാരം. ഒന്നുമേ പ്രകടിപ്പിക്കാതെ, കൂടുതലൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ ഞാനും മുറാദും അവിടം വിട്ടിറങ്ങി.
ഒരാഴ്ച പിന്നിട്ട ദിവസം, രാവിലെ തന്നെ മാമൂന്‍സിദ്ധിഖി എന്റെ ക്യാബിനിലേക്ക് വന്നു. പ്രസന്നവദനനായി സലാം പറഞ്ഞ് കസേര നീക്കിയിട്ടിരുന്ന് എനിക്കുള്ള വധുവിനെ നീ കണ്ടെത്തി യോ എന്ന് ചോദിച്ചപ്പോഴാണ് അയാള്‍ പറഞ്ഞതൊന്നും നേരം പോക്കല്ലെന്ന് എനിക്ക് ബോധ്യമായത്. ആ അറിവ് എന്നെ വല്ലാതെ നീറ്റി. ഒഴിയാ ബാധയായി ഈ ബാധ്യത മാറുമെന്ന ചിന്ത എന്റെ മുഴുവന്‍ സ്വാസ്ഥ്യവും കെടുത്തി. മാമൂന്‍ എന്റെ മറുപടിയ്ക്കായി കാക്കുന്നു. അറിവിലുള്ള ചില മാട്രിമോണിയല്‍ വെബ് സൈറ്റുകളുടെ പേരുകളെഴുതി നല്‍കിയെങ്കിലും, അതിലൂടെ കണ്ണോടിക്കാന്‍ പോലും അയാള്‍ മിനക്കെട്ടില്ല. ”വെബ് സൈറ്റുകളുടെ അഡ്രസ്സുകള്‍ എത്ര വേണമെങ്കിലും ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും. എനിക്കു വേണ്ടത് നിന്റെ പരിചയത്തിലുള്ള ഒരു ഭാരത സ്ത്രീയെയാണ്. നീ ദയവായി അന്വേഷിക്കു. ഭര്‍ത്താവിനെ അനുസരിക്കുന്ന ഒരു സുന്ദരിയെ എനിക്കായി കണ്ടെത്തു. എല്ലാം രഹസ്യമായിരിക്കണം.” അയാള്‍ യാതൊരു സങ്കോചവും കൂടാതെ തന്റെ ആഗ്രഹം പറഞ്ഞു.
”എനിക്കവള്‍ പ്രിയപ്പെട്ടവളായി മാറുന്ന നിമിഷം എന്റെ ഭാരിച്ച സ്വത്തിന്റെ നേര്‍പകുതി അവള്‍ക്കു കൊടുക്കും. ഇത് മാമൂന്റെ വാക്ക്.” അത് ശരിവയ്ക്കുന്ന മട്ടില്‍ അയാളുടെ മോബൈയില്‍ പ്രാര്‍ഥനാ വാക്യം ഉരുവിടാന്‍ തുടങ്ങി. കഫീലായിരുന്നു. തികഞ്ഞ ഭവ്യതയോടെ, ഉപചാര വാക്കുകള്‍ മുറ തെറ്റിക്കാതെ ഫോണിലൂടെ പറഞ്ഞ് അയാള്‍ സ്വന്തം ക്യാബിനിലേക്ക് പോയി.
സമയം പത്തു മണി കഴിഞ്ഞതെയുള്ളൂവെങ്കിലും, പുറത്തു തീ പോലെ വെയില്‍ പെയ്യുന്നു. പുറത്തു നിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അബുഹസ്സന്‍ ഫയലുകളുമായി വരുന്നത് സ്ഫടിക ജാലകത്തിലൂടെ കണ്ടു. പുതിയ വിശേഷങ്ങള്‍ ഉടനെ അറിയാനാവും. പക്ഷെ, ഒന്നും കേള്‍ക്കാനുള്ള മനസ്സുണ്ടായിരുന്നില്ല. ഗാലറിയില്‍ കളികണ്ടിരുന്ന അവസ്ഥയില്‍ നിന്ന് പൊടുന്നനെ കളിക്കളത്തിലേക്ക് മാറ്റപ്പെട്ട അനുഭവം.
ഓര്‍മ്മയില്‍ നിരവധി മുഖങ്ങളെ വിസ്തരിച്ചെങ്കിലും മറ്റൊരു രാജ്യക്കാരനായ അറുപത്തിയഞ്ച് കഴിഞ്ഞ വൃദ്ധനെ ജീവിത പങ്കാളിയായി സ്വീകരിക്കാന്‍ സാധ്യതയുള്ള ഒരു സ്ത്രീയുടെ മുഖവും മനസ്സില്‍ തെളിഞ്ഞില്ല. അന്വേഷണത്തിന് പോലുമുള്ള അവസരം തരാതെ മാമൂന്‍ ഫോണില്‍ വിളിച്ചുകൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ അയാള്‍ ‘ശയനേശു വേശ്യ’ എന്ന ശ്ലോകവും അസഹനീയമായ വിധം ചൊല്ലി. അയാള്‍ ചൊല്ലുമ്പോഴോക്കെ ഞാന്‍ റിസീവര്‍ ചെവിയില്‍ നിന്ന് അകലത്തേക്ക് മാറ്റി പിടിച്ചു.
ഇന്ത്യാ മഹാരാജ്യത്തെ സ്ത്രീകളെല്ലാം ആ പുരാണ ശ്ലോക മൂശയില്‍ തീര്‍ത്തവരാണെന്നു പാവം ധരിക്കുന്നതായി തോന്നി. ലോക വിവരത്തിന്റെ കാര്യത്തില്‍ അയാള്‍ പിന്നിലാണെന്നു നേര ത്തെ അറിയാമായിരുന്നു. മെട്രിക്കുലേഷനപ്പുറമുള്ള എല്ലാ വിദ്യാഭ്യാസ യോഗ്യതകളും അഞ്ഞൂറു ഡോളര്‍ കൊടുത്ത് അമേരിക്കന്‍ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിന്നു വാങ്ങിയതാണെന്നു ഞാന്‍ കണ്ടെത്തിയിരുന്നു. മനോഹരമായ സര്‍ട്ടിഫിക്കറ്റുകളില്‍ യു.എസ്. എ എന്ന മുദ്രണം കണ്ടു കഫീല്‍ മയങ്ങി പോയിരിക്കാം. ഇയാളുടെ കയ്യില്‍ തന്റെ സ്ഥാപനം ഭദ്രമായിരിക്കുമെന്ന് കരുതിയിരിക്കാം. വിവിധ രാജ്യക്കാരായ, സമര്‍ഥരായ കീഴുദ്യോഗസ്ഥരുള്ളതു കൊണ്ട് അയാള്‍ ഒരിക്കലും പരാജയമറിഞ്ഞില്ല. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ചുമതലകള്‍ ഏകോപിപ്പിക്കുന്നതിനും, ബാലന്‍സ് ഷീറ്റില്‍ മനോഹരമായി ഒപ്പിടുന്നതിനും, പ്രതിഫലമായി അയാള്‍ ലക്ഷങ്ങള്‍ വാങ്ങുന്നു.
മാധുരി ദീക്ഷിതിന്റെയും പ്രിയങ്കാ ചോപ്രയുടെയും ഐശ്വര്യ റോയിയുടെയും ആരാധകനായ അയാള്‍ ധാരാളം ഹിന്ദി സിനിമകള്‍ കാണാറുണ്ടായിരുന്നു. ഒരു പഴയകാല ചിത്രത്തില്‍ പ്രഭാതത്തില്‍ ഉണരുമ്പോള്‍ ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്റെ കാല്‍തൊട്ട് വന്ദിച്ച് വീട്ടു ജോലിയില്‍ മുഴുകുന്ന ഭാര്യയെ കണ്ടുവെന്നും ആ ദൃശ്യം കണ്ട് താന്‍ ആനന്ദക്കണ്ണീര്‍ പൊഴിച്ചുവന്നും അയാള്‍ പറഞ്ഞു. ഒരടിമയെയാണോ നിങ്ങള്‍ അന്വേഷിക്കുന്നതെന്ന ചോദ്യത്തിനു നീ എന്നെ തെറ്റിദ്ധരിച്ചുവന്നു പറഞ്ഞ് അയാള്‍ സുന്ദരമായി ചിരിച്ചു. ഹിന്ദി സിനിമകള്‍ കണ്ട് മനസ്സില്‍ രൂപപ്പെടുത്തിയ സ്വപ്ന സുന്ദരിയെ അയാള്‍ അന്വേഷിക്കു ന്നുണ്ടാവാം. അതോ പുരാണ ശ്ലോകത്തില്‍ പറയുന്ന പോലെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു സ്ത്രീയെയോ?
തടിച്ച നിതംബമുള്ള, കറുത്ത് ആരോഗ്യവതികളായ ആഫ്രി ക്കന്‍ സ്ത്രീകളെയും, മാതളപ്പഴ കവിളുകളും, മാന്‍കുട്ടിയെ പോലെ തുള്ളുന്ന മാറിടമുള്ള ഈജിപ്ഷ്യന്‍ സുന്ദരിമാരെയും വിസ്മരിച്ച്, വിദൂരതയിലുള്ള ഇന്ത്യന്‍ സ്ത്രീയെ ഈ മധ്യവയസ്‌കന്‍ പ്രണയിക്കുന്നു.
ഒരാള്‍ ഭാര്യാസമേതനായി ജീവിക്കേണ്ടത് സഹപ്രവര്‍ത്ത കരുടെ കൂടെ ആവശ്യമായി മാറുന്ന വിചിത്രമായ അവസ്ഥ. അധികാരങ്ങളെല്ലാം ഒരാളിലേക്കു കേന്ദ്രികരിച്ചിരിക്കുന്ന ഒരിടത്തരം കമ്പനിയാണ് ഞങ്ങളുടേത്. മാമൂന്‍സിദ്ധിഖി യഥാസമയം ചെക്കുകളും കത്തുകളും ഒപ്പിട്ടില്ലെങ്കില്‍, കമ്പനി ജീവനക്കാരായ ഞങ്ങളുടെ ജീവിതം നിസ്സഹായതയുടെ പൊരിവെയിലിലേക്ക് ദയാരഹിതമായി ആഞ്ഞു പതിക്കും. എന്തെങ്കിലും, ഉടനെ ചെയ്യണമെന്നു മനസ്സ് പറഞ്ഞു. ഓഫീസില്‍ ഇരിക്കുമ്പോഴോക്കെയും എന്റെ ആലോചന അതായിരുന്നു. ”നിനക്ക് എന്തെങ്കിലും ആവശ്യമായി വന്നാല്‍ അതു നേടിയെടുക്കുന്നതിന്, നിന്നെ സഹായിക്കാനായി ഈ പ്രപഞ്ചമാകെത്തന്നെ ഗൂഢാലോചന നടത്തുന്നുവെന്ന” പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റിലെ വാക്കുകള്‍ ലാപ് ടോപ്പ് സ്‌ക്രീനിലെ ഇരുളില്‍ പ്രകാശ പൂര്‍ണതയോടെ ചുറ്റിത്തിരിയു ന്നുണ്ടായിരുന്നു. നോവല്‍ വായിച്ചപ്പോള്‍ പ്രിയപ്പെട്ട വാചകമായി തോന്നിയതിനാല്‍ സ്‌ക്രീനിലേക്ക് ചേര്‍ത്തതാണ്. മഹത്തായ ലക്ഷ്യത്തിന്റെ കാര്യത്തില്‍ അത് ശരിയായിരിക്കും.
കാലം എനിക്ക് സമ്മാനിച്ചത് കൂട്ടിക്കൊടുപ്പുകാരന്റെ റോളല്ലെന്നു വിശ്വസിക്കാന്‍ ഞാന്‍ ശ്രമിച്ചു. പവിത്രമായ ദാമ്പത്യ ജീവിതം തുടങ്ങാന്‍ ഒരു സുഹൃത്തിനെ സഹായിക്കുക മാത്രം. പ്രാദേശികമായ രീതികളും മത നിയമങ്ങളും അഞ്ചാം വിവാഹം അനുവദിക്കുമ്പോള്‍, അതിനുള്ള സഹായിയായി വര്‍ത്തിക്കുന്നതില്‍ അസ്വാഭാവികമായി എന്താണുള്ളത്?.
ഏറെ നാളുകള്‍ക്ക് ശേഷം, വാരാന്ത്യ അവധി ദിനത്തില്‍, ഞാന്‍ ഫേസ്ബുക്ക് തുറന്നു. സുഹൃത്തുക്കളുടെ വിശേഷങ്ങള ടങ്ങിയ നിരവധി പോസ്റ്റുകള്‍ ഉണ്ടായിരുന്നു. വേനലവധിക്ക് മിക്കവരും നാട്ടിലേക്കു പോയിരിക്കുന്നു. ലോഗൗട്ട് ആക്കുന്നതിനു മുമ്പ് സൗഹൃദാഭ്യര്‍ഥനകളിലൂടെ കണ്ണോടിച്ചു. പതിവുപോലെ, ഒരു സ്ത്രീയും സൗഹൃദത്തിനായി ക്ഷണിച്ചില്ലല്ലോയെന്നു ഖിന്നനാകവെയാണ് നാട്ടുകാരിയായ ഷെമിയയുടെ മുഖം ഫ്രണ്ട് റിക്വസ്റ്റില്‍ മിന്നിയത്.
മിനി സ്‌കര്‍ട്ടും, ടോപ്പും ധരിച്ച്, ഈന്തപ്പനയുടെ ചുവട്ടില്‍ നിന്നുള്ള ഷെമിയയുടെ കിടിലന്‍ പ്രൊഫൈല്‍ ഫോട്ടോ. കൊതിപ്പിക്കുന്ന മാദക സൗന്ദര്യം. ഉടന്‍തന്നെ അവരുടെ സൗഹൃദം സ്വീകരിച്ച്, ലൈനിലുണ്ടെന്ന ഹരിത സൂചന ലഭിച്ചതിനാല്‍ വീഡിയോ കോളിംഗിലൂടെ വിളിച്ചു. ഷെമിയ പെട്ടന്നു തന്നെ ലൈന്‍ എടുത്തു. പരിചയപ്പെടുത്തിയപ്പോള്‍ വലിയ സന്തോഷ ത്തോടെ നാട്ടിലെത്തിയോ എന്ന് അന്വേഷിച്ചു.
ഒടുവില്‍ കണ്ടപ്പോള്‍, ഒരു വിസ സംഘടിപ്പിച്ചുതരണമെന്ന് ഷെമിയ പറഞ്ഞത് ഞാനോര്‍ത്തു. ഏതോ കാരണങ്ങളാല്‍ അവര്‍ ഭര്‍ത്താവുമായി തെറ്റി നില്‍ക്കുകയായിരുന്ന സമയം ആയിരുന്നത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായതിനാല്‍ വീട്ടു വേലക്കാ രിയുടെ ജോലിയില്‍ കവിഞ്ഞൊന്നും അവര്‍ക്ക് അനുയോ ജ്യമായിരുന്നില്ല. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള വീട്ടു വേലക്കാരികളുടെ റിക്രൂട്ടുമെന്റ്് ഞാന്‍ താമസിക്കുന്ന ഗള്‍ഫ് രാജ്യത്തേക്ക് നിര്‍ത്തി വച്ചിരുന്നതിനാല്‍ അവരെ അതിലും സഹായിക്കാന്‍ കഴിഞ്ഞില്ല. ഷെമിയ പരിഭവിക്കുമെന്നു കരുതിയിരുന്നെങ്കിലും, അതൊക്കെ വിസ്മരിച്ച വിധമാണ് സംസാരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ദുബായിലെ ബ്യൂട്ടി പാര്‍ലറില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.
അരമണിക്കൂറോളം ഞങ്ങള്‍ നാട്ടു വിശേഷങ്ങള്‍ പറഞ്ഞു. എന്തും തുറന്നു പറയാന്‍ പറ്റുന്ന സൗഹൃദ തിരിവില്‍ മുഖവുരകളൊന്നും കൂടാതെ ഞാന്‍ നേരിടുന്ന പ്രതിസന്ധി യെക്കുറിച്ചും. ഷെമിയ മുഖേന മാമൂനു വധുവിനെ കണ്ടെത്താം എന്നാണു കരുതിയത്. പക്ഷേ ‘ഞാന്‍ മതിയോ’ എന്ന ഒറ്റ ചോദ്യത്തിലൂടെ അവര്‍ എന്നെ തോല്‍പ്പിച്ചു. ധാരാളം എന്ന വാക്കല്ല മറുപടിയായി പറയേണ്ടതെങ്കിലും, ഞാന്‍ ആ പദമാണ് അപ്പോള്‍ ഉപയോഗിച്ചത്.
മരുഭൂവില്‍ ദിശ തെറ്റിയ യാത്രക്കാരന്‍ മനുഷ്യ വാസമുള്ളയിടത്തേക്കുള്ള വഴി കണ്ടെത്തിയ സന്തോഷത്തോടെ ഷെമിയയെ സുഹൃത്തായി സ്വീകരിക്കാനാവശ്യപെട്ട് ഞാന്‍ മാമൂന്‍ സിദ്ധിഖിയ്ക്ക് റിക്വസ്റ്റ് അയച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് അയാളുടെ ഫ്രണ്ട്‌സ് ലിസ്റ്റ് നോക്കുമ്പോള്‍ ഷെമിയ അതിലുണ്ട്. പിറ്റേ ദിവസം ഓഫീസില്‍ വച്ച് കണ്ടപ്പോള്‍ ഷെമിയയെ പോലെ ഒരു സുന്ദരിയെയാണു താന്‍ തേടുന്നതെന്ന് അയാള്‍ പറഞ്ഞു. ആ വിവരം അറിയിച്ചപ്പോള്‍ ഷെമിയ അതിയായ ആഹ്‌ളാദം പ്രകടിപ്പിച്ചു കൊണ്ടുള്ള ചിരി ചിഹ്നം മറുപടിയായി അയച്ചു.
ഒരാഴ്ച പിന്നിട്ടപ്പോള്‍, അബുഹസ്സനില്‍ നിന്നാണ് മാമൂന്‍സിദ്ധിഖിയുടെ അഞ്ചാം വിവാഹം കഴിഞ്ഞെന്നും, ഭാര്യ ദുബായില്‍ കുടിയേറിയ ഏതോ ഹിന്ദിക്കാരിയാണെന്നും അറിഞ്ഞത്. ഞാന്‍ ഒന്നുമേ വെളിപ്പെടുത്തിയില്ല. വധു ഷെമിയ ആയിരിക്കു മെന്ന് ഉറപ്പുണ്ടായിരുന്നു. അവരുടെ എഫ്.ബി പേജില്‍ മാമൂനുമൊ പ്പമുള്ള നിരവധി വിവാഹ ഫോട്ടോകളുണ്ടായിരുന്നു. ചിത്രപ്പണികളുള്ള ഗൗണില്‍ എന്റെ മലയോര നാട്ടുകാരി പ്രഭുകുമാരിയെ പ്പോലെ തിളങ്ങി. കമ്പനിയുടെ ഉയര്‍ന്ന അധികാര ശ്രേണിയിലുള്ള ഒരാളുടെ ഭാര്യ എന്റെ പരിചയക്കാരിയും നാട്ടുകാരിയുമായി മാറിയതില്‍ ഞാന്‍ അഭിമാനം കൊണ്ടു.
മനോഹരമായ ബൊക്കയും കയ്യിലേന്തിയുള്ള ആ വിവാഹ ഫോട്ടോയ്ക്ക് ഇരുന്നൂറു ലൈക്കുകള്‍ വരെ ഉണ്ടായിരുന്നു. നോക്കിയിരിക്കുമ്പോള്‍ തന്നെ അഞ്ചെണ്ണം തുരുതുരെ വന്നു. സൂപ്പര്‍, അടിപൊളി, ഹണിമൂണ്‍ എവിടെ തുടങ്ങിയ കമന്റുകള്‍ക്കിടയില്‍ കൊച്ചാട്ടന്‍ എന്നൊരാള്‍ അപ്പോള്‍ ‘ഷെമിയ സെക്‌സ് റാക്കറ്റ് ബിസിനസ്സ് ഉപേക്ഷിച്ച് നല്ല കുട്ടിയായോ?’ എന്ന് ചോദിച്ചിരിക്കുന്നത് കണ്ടു ഞാന്‍ പകച്ചു. എന്താണ് ആ ചോദ്യത്തിന് പിന്നിലെന്ന് എനിക്ക് പിടികിട്ടിയില്ല. ഭര്‍ത്താവുമായി തെറ്റിനിന്ന നാളുകളില്‍ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമയത്തും അസമയത്തും അവരുടെ വീട്ടില്‍ വന്നുപോകുമാ യിരുന്നു എന്നു കേട്ടിട്ടുണ്ട്. ആ വഴി നടന്നു പോകുന്ന നാട്ടുകാര്‍ ഏമാന്റെ വണ്ടി കണ്ടു ഭയന്നിട്ടോ, എന്തെങ്കിലും അപശബ്ദം കേള്‍ക്കാമെന്നു വ്യാമോഹിച്ചോ നിശബ്ദരായി കടന്നു പോയി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യ ഒരിക്കല്‍ വന്നു ഇരുവരെയും കയ്യോടെ പിടിക്കുകയും, എന്റെ കുടുംബം അനാഥമാക്കരുതെ യെന്നു കരഞ്ഞു പറയുകയും ചെയ്തതില്‍ പിന്നെ ദയാലുവായ ഷെമിയ ആ അദ്ധ്യായം എന്നേക്കുമായി അടയ്ക്കുകയായിരുന്നു. കാര്യങ്ങളെല്ലാം ഒന്നു ഭദ്രമായി വരുമ്പോള്‍, എന്തെങ്കിലും ഒരപശകുനം പ്രത്യക്ഷപ്പെടുന്നത് എനിക്ക് പുതുമയായിരുന്നില്ല. എങ്കിലും എന്തു കൊണ്ട് ഈ കൊച്ചാട്ടന്‍ അങ്ങനെ എഴുതിയെന്ന ആശങ്ക എന്നെ വല്ലാതെ മഥിക്കാന്‍ തുടങ്ങി. ഒടുവില്‍ എന്ത് പറഞ്ഞു തുടങ്ങണമെന്നറിയാതെ കൊച്ചാട്ടന്റെ പ്രൊഫൈലില്‍ നിന്നെടുത്ത ഇന്ത്യന്‍ നമ്പറിലേക്ക് വിളിച്ചു. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ആ പരുക്കന്‍ സ്വരം നാട്ടില്‍ എവിടെയാണ് എന്ന് ചോദിച്ചു. നാട് പറഞ്ഞപ്പോള്‍ തന്നെ എന്നെ തിരിച്ചറിഞ്ഞതിലുള്ള വലിയ സന്തോഷം അപ്പുറത്ത് അലതല്ലി. ”എടാ പ്രവാസി ….നിനക്കെന്നെ മനസ്സിലായില്ലേടാ” എന്ന് ചോദിച്ച നിമിഷം പത്തു എ യില്‍ എന്നോടൊപ്പം പഠിച്ച സുനില്‍കുമാറിന്റെ മുഖം മനസ്സില്‍ തെളിഞ്ഞു പ്രായത്തില്‍ കവിഞ്ഞുള്ള അവന്റെ ഉപദേശം കാരണം കൊച്ചാട്ടന്‍ എന്ന് ആദ്യം വിളിച്ചത് ഞാനായിരുന്നു.
ഷാര്‍ജയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയായ നാട്ടുകാരി ഷെമിയയെക്കുറിച്ചുള്ള പത്ര വാര്‍ത്തകളൊന്നും നീ കണ്ടില്ലേ യെന്ന അവന്റെ ചോദ്യം കേട്ടപ്പോള്‍ ബോധം മറഞ്ഞെങ്കിലെന്നു ആശിച്ചു. കൂടുതലൊന്നും പറയാനാകാതെ പിന്നീട് വിളിക്കാ മെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
മാമൂന്‍സിദ്ധിഖിയുടെ അഞ്ചാം ദാമ്പത്യ ജീവിതം സുഗമമായി മുന്നോട്ട് പോകുന്നതില്‍ കമ്പനിയിലെ ജീവനക്കാര്‍ സന്തോഷിച്ചു. വാരാന്ത്യങ്ങളില്‍ മുറതെറ്റാതെ ദുബായിലേക്കു പോയിരുന്ന അയാള്‍ പിന്നീട് ഷെമിയയെ വിസയെടുത്ത് കൂട്ടി കൊണ്ടുവന്നു. സ്വപ്നം കാണാന്‍ കഴിയാതിരുന്ന ജീവിത സൗഭാഗ്യങ്ങള്‍ക്കു പകരമായി ഷെമിയ ഭര്‍ത്താവിനോട് പറഞ്ഞ് എന്റെ ശമ്പളത്തില്‍ വര്‍ദ്ധനവ് വരുത്തി. നാട്ടില്‍ ജോലിയില്ലാതെ ചുറ്റിത്തിരിഞ്ഞിരുന്ന പത്തോളം ചെറുപ്പക്കാരെ ഫാക്ടറിയിലെ വിവിധ തസ്തികകളില്‍ നിയമിച്ചു.
ഇടയ്ക്കു നാട്ടിലെത്തിയ ഞാന്‍ ഷെമിയയെക്കുറിച്ചുള്ള മതിപ്പ് നാട്ടില്‍ വര്‍ദ്ധിക്കുന്നത് അറിഞ്ഞു. ദുബായില്‍ ഏതോ വലിയ ബിസിനസ് ആണെന്നു മാത്രമേ അവരുടെ ബന്ധുക്കള്‍ക്കു പോലും അറിയുമായിരുന്നുള്ളു. പഴയ വീട് പൊളിച്ചിടത്ത് ആധുനിക സജ്ജീകരണത്തോട് കൂടിയ അറബി വില്ല ഇതിനോടകം പണി തീര്‍ത്തിരുന്നു. അനാകാര്‍ഷകമായ പുറംചട്ടയായിരുന്നെങ്കിലും, നീന്തല്‍ക്കുളം, വിശാലമായ ഹോം തീയറ്റര്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അതിനുണ്ടായിരുന്നു. പുറംമോടിക്കായി വ്യത്യസ്തയാകുന്ന ‘ഷെമിയയുടെ വീട്’ പ്രമുഖ ടി.വി ഷോയിലും ഇടം പിടിച്ചു.
വേനലവധിക്ക് എത്തിയതിന്റെ നാലാം നാള്‍ രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലാന്റ് ഫോണ്‍ തുടര്‍ച്ചായി ഒച്ചവെച്ചത്. ബിന്ദു ‘ആരാ, എന്താ, എവിടുന്നാ’ എന്നൊക്കെ ഇംഗ്ലീഷില്‍ ചോദിക്കുന്നതു കേട്ടാണ് ഞാന്‍ ഫോണ്‍ വാങ്ങിയത്. മറു തലയ്ക്കല്‍ അബുഹസ്സനായിരുന്നു. ഓരോവരിയിലും അതീവ സങ്കടം നിറച്ച് അയാള്‍ പറഞ്ഞു. ”നമ്മുടെ മാമൂന്‍സിദ്ധിഖി മരിച്ചു. ദുബായിലെ ഹോട്ടലിലെ നീന്തല്‍ക്കുളത്തിലാണു ബോഡി കണ്ടത്. നീ അടുത്ത ഫ്‌ളൈറ്റില്‍ തന്നെ വരാന്‍ കഫീല്‍ പറഞ്ഞു. ടിക്കറ്റ് ഈമെയില്‍ ചെയ്തിട്ടുണ്ട്.”
”എന്ത് പറ്റി, ആരായിരുന്നു ലൈനില്‍” എന്നീ ചോദ്യങ്ങളുമായി ബിന്ദു പുറകെ വന്നു. അവധി വെട്ടിച്ചുരുക്കി പെട്ടെന്ന് തിരികെയെത്താനുള്ള കഫീലിന്റെ ഉത്തരവിനെക്കുറിച്ച് ഞാന്‍ പറഞ്ഞു. അവളുടെ മുഖത്തിന്റെ ശോഭകെടുന്നത് കാണാന്‍ പ്രയാസമായത് കൊണ്ട് മുറിയിലേക്ക് കടന്നു യാത്രയ്ക്കായുള്ള ബാഗ് ക്രമീകരിക്കാന്‍ തുടങ്ങി.
രാത്രി ഭക്ഷണം കഴിഞ്ഞപാടെ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. വഴിനീളെ മഴ കനത്തും നേര്‍ത്തും പെയ്തുകൊണ്ടിരുന്നു. ചിലനേരം, ഇപ്പോള്‍ എല്ലാം തകര്‍ക്കുമെന്നാക്രോശിച്ച് കാറ്റ് ആഞ്ഞു വീശി. എതിര്‍ദിശയില്‍ നിന്നുവരുന്ന വാഹനം അടുത്തുവരുമ്പോള്‍ ആരോ പ്രകാശഗോളം കണ്ണിലേക്ക് എറിയുന്നതായി തോന്നി. റോഡില്‍ പലയിടത്തും, വെള്ളം കയറിയ നിലയിലായിരുന്നുവെങ്കിലും ചെക്കിംഗ് സമയ പരിധിയില്‍ തന്നെ നെടുമ്പാശ്ശേരിയില്‍ എത്താന്‍ കഴിഞ്ഞു. ബോര്‍ഡിങ് പാസ്സും, എമിഗ്രഷനും കഴിഞ്ഞ് ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ ഇരിക്കുമ്പോള്‍, അപ്പോള്‍ ലാന്‍ഡ് ചെയ്ത എമിറേറ്റ്‌സ് വിമാനത്തില്‍ നിന്നിറങ്ങിയ യാത്രികരുടെ കൂട്ടത്തില്‍ മാമൂന്‍സിദ്ധിഖിയുടെ അഞ്ചാം ഭാര്യ ഒരപ്സ്സരസ്സിനെ പോലെ കടന്നു വരുന്നതായി എനിക്ക് തോന്നി. സ്ഫടിക ഭിത്തിയ്ക്കിപ്പുറം എന്നെ കണ്ടു ആദ്യം പകച്ചുപോയ അവര്‍ പെട്ടന്നു സമനില വീണ്ടെടുത്ത് പുഞ്ചിരിക്കുന്നു. പിന്നെ, എല്ലാറ്റിനുമുളള നന്ദി സൂചകമായി, കൈകള്‍ അന്തരീക്ഷത്തിലേക്ക് ചലിപ്പിച്ച് മുന്നോട്ട് ഉയര്‍ത്തി മന്ദം വീശി നീങ്ങുന്നു. അപ്പോള്‍, അസഹ്യമായ വിധമുള്ള വെളുത്തുള്ളി മണം അവിടമെങ്ങും പരക്കാന്‍ തുടങ്ങി.

കഫീല്‍: സ്‌പോന്‍സര്‍, മുദീര്‍: മാനേജര്‍. കസം ബില്ലായി: ആണയിടുക, ഗവ: അറേബ്യന്‍ കോഫി

https://www.facebook.com/Pravasi-veekshanam-103923234567545/?modal=admin_todo_tour
പേജ് ലൈക്ക് ചെയ്യൂ കൂടുതല്‍ കഥകളും കവിതകളും വായിക്കൂ..