കോവിഡ് രോഗികളുടെ എണ്ണം: ഇന്ത്യയില്‍ പരിശോധന നടക്കാത്തതിനാലാണ് ശരിയായ കണക്ക് പുറത്തുവരാത്തതെന്ന്

ന്യൂയോര്‍ക്ക്: ലോകത്ത് രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ കൊറോണ രോഗികളുടെ സാമൂഹ്യവ്യാപനം മനസ്സിലാകാത്തത് ശരിയായ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കാത്തതിനാലാണെന്ന് വിമര്‍ശനം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് പറയുന്നത് കുരുടന്‍ ആനയെ കണ്ടതുപോലെയാണെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയും ആരോപിച്ചിരുന്നു. സമൂഹത്തില്‍ ആര്‍ക്കൊക്കെ രോഗം ബാധിച്ചു, രോഗ വ്യാപനത്തിന്റെ തോത് എന്നിവ നിര്‍ണയിക്കുന്നതിന് വ്യാപകമായ പരിശോധനകളാണ് ആവശ്യം. ഇതിലൂടെ മാത്രമേ ഒരു മഹാമാരിയെ പിടിച്ചുകെട്ടാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
മഹാമാരി തടയാനെന്ന പേരില്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണുകള്‍ ഭരണാധികാരികളുടെ ഒളിച്ചോടല്‍ നയമാണ് സൂചിപ്പിക്കുന്നതെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡീസിസ് ഡൈനമിക്‌സ് ഇക്കണോമിക്‌സ് ആന്റ് പോളിസി പറയുന്നു. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച, പട്ടിണി തുടങ്ങിയ കാര്യങ്ങള്‍ വര്‍ധിക്കാന്‍ ലോക്ഡൗണ്‍ കാരണമാകും. രോഗവ്യാപനം കണ്ടെത്തുന്നതിന് വ്യാപകമായ പരിശോധനകളാണ് ആവശ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി വിശ്രമിക്കുക എന്നത് കാട് അടച്ച് വെടിവയ്ക്കുന്നതിന് തുല്യമാണെന്ന് ആരോഗ്യ വിദഗ്ധനും ജന്‍ സ്വാസ്ഥ്യ അഭ്യാന്‍ കണ്‍വീനറുമായ അഭയ് ശുക്ല പറയുന്നു.
വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും രോഗവ്യാപനം കണ്ടെത്തുന്ന കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്. രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയുടെ മേന്മയുടെ അടിസ്ഥാനത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം തടയാന്‍ കഴിയുന്നത്.
എന്നാല്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇതിന് കഴിയുന്നില്ല. സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നകാര്യത്തില്‍ ചില ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) പറയുന്നത്. രോഗികളുടെ കണക്കുകളുടെ എണ്ണത്തിലും ഇരുവരുടേയും കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. കൂടാതെ രോഗത്തിന്റെ സാമൂഹ്യ വ്യാപനം നിര്‍ണയിക്കുന്നതിനുള്ള വ്യാപക പരിശോധനകള്‍ ഇനിയും രാജ്യത്ത് നടത്തിയിട്ടില്ല. ഇതിന്റെ ഫലമായാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നത്.
കുറഞ്ഞ സമയത്തേയ്ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയശേഷം വ്യാപകമായ പരിശോധനകളാണ് നടത്തേണ്ടത്. ഇതേ മാര്‍ഗമാണ് കൊറോണ വ്യാപനം തടയുന്നതില്‍ വിജയിച്ച സൗത്ത് കൊറിയ, തായ്വാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള പരിശോധന സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. രണ്ട് തരത്തിലുള്ള രോഗനിര്‍ണയ സംവിധാനങ്ങളാണ് ഇന്ത്യയില്‍ നടപ്പാക്കേണ്ടതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൊറോണ വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ ( ആര്‍ടി പിസിആര്‍), വൈറസിന്റെ ആന്റിബോഡികള്‍ സ്ഥിരീകരിക്കുന്ന സെറോളജിക്കല്‍ ടെസ്റ്റ് എന്നിവയാണ് രാജ്യ വ്യാപകമായി നടപ്പാക്കേണ്ടത്. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം 4,01,586 പേരിലാണ് പരിശോധന നടത്തിയത്. ഇതില്‍ 17,615 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയെപോലെ ജനസംഖ്യ കൂടുതലായ രാജ്യത്ത് ഈ തോതില്‍ പരിശോധന നടന്നാല്‍ മതിയാവില്ല. യുഎസില്‍ ഒരു ദിവസം 1,41,041 പേരിലാണ് പരിശോധനകള്‍ നടത്തുന്നത്. ജനസംഖ്യയുടെ അനുപാതത്തില്‍ ഇന്ത്യയിലെ പരിശോധനാ നിരക്ക് 0.27 ശതമാനം മാത്രമാണ്. തുര്‍ക്കി 7.14, സൗത്ത് ആഫ്രിക്ക 1.84, വിയറ്റ്‌നാം 2.1 ശതമാനവുമാണ് പരിശോധനാ നിരക്കുകള്‍. പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കുന്നതിലും മേയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം വിവധ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച കിറ്റുകള്‍ ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. പരിശോധനാ കിറ്റുകളുടെ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള മുഖ്യകാരണം. ആവശ്യമായ കിറ്റുകള്‍ ലഭ്യമാക്കുന്നതിലും ലാബുകള്‍ സജ്ജീകരിക്കുന്നതിലും ഐസിഎംആറിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടാകുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.