Tag: ത്വാഹ.
ജിദ്ദയില്‍ മരിച്ച ത്വാഹയുടെ മൃതദേഹം മറവ് ചെയ്തു
ജിദ്ദ: കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം മരണപ്പെട്ട കായംകുളം കൃഷ്ണപുരം, കാപ്പിൽ ഈസ്റ്റ് സ്വദേശി ത്വാഹാ പൂക്കുഞ്ഞിന്റെ മൃതദേഹം റുവൈസ് മഖ്ബറയിൽ മറവു ചെയ്തു.
ത്വായിഫിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ത്വാഹ ജോലി സംബന്ധമായ പ്രശ്നങ്ങളാൽ കുറച്ചു മാസങ്ങളായി ജിദ്ദയിൽ ബവാദിയിൽ സുഹൃത്തിനോടൊപ്പമാന് താമസിച്ചിരുന്നത്. അതിനിടെ സെപ്തംബർ 26 ന് തലച്ചോറിൽ രക്തസ്രാവമുണ്ടായി പക്ഷാഘാതം സംഭവിക്കുകയും സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർമാർ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹം ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്.ഇരുപത് വർഷത്തോളം പ്രവാസ ജീവിതം നയിച്ച ത്വാഹ നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു. ഒരു വർഷം മുമ്പാണ് ഹൗസ്ഡ്രൈവർ വിസയിൽ ത്വായിഫിലെത്തുന്നത്.
ജുബൈലിൽ ജോലിചെയ്യുന്ന സഹോദരീ പുത്രൻ റാഫി, ഖഫ്ജിജിൽ നിന്നും മറ്റൊരു സഹോദരിയുടെ ഭർത്താവ് മുഹമ്മദ് കുഞ്ഞ് എന്നിവരും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങിനെത്തിയിരുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടിയുടെ നേതൃത്വത്തിൽ വെൽഫെയർ വിങ് വളണ്ടിയർമാരായ ഹസൈനാർ മാരായമംഗലം, മഷ്ഹൂദ് ബാലരാമപുരം, കുഞ്ഞായിൻകുട്ടി കൊടുവള്ളി, മഷ്ഹൂദ് ആലപ്പുഴ. ഷിബു ഗുഡല്ലൂർ തുടങ്ങിയവർ രേഖകൾ തയാറാക്കുന്നതിനും മറ്റു നടപടിക്രമങ്ങൾക്കും രംഗത്തുണ്ടായിരുന്നു. ഭാര്യ: സബിത, മക്കൾ: ഫവാസ്, അബ്ദുൽ ഫത്താഹ്, ഫൗസിയ.