മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ അംഗം

മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ അംഗം. ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍.ജസിന്‍ഡ ആര്‍ഡന്‍ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമ, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്.

സിംഗപ്പൂരിലായിരുന്നു പ്രിയങ്കയുടെ കുട്ടിക്കാലം. പിന്നീട് ന്യൂസിലന്റിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006 ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്. 2017ല്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനം ലഭിച്ചു.

എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ – ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. വെല്ലിങ്ടന്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണു ഭര്‍ത്താവ്.