ദമ്മാം: ഓണ്‍ലൈന്‍ ക്ലാസിനിടെ മരിച്ച അധ്യാപകന്റെ മൃതദേഹം ജന്മദേശത്തേക്ക് കൊണ്ടുപോയി. ഓണ്‍ലൈന്‍ ക്ലാസിനിടെ സൗദി അറേബ്യയിലെ ദമാം അല്‍ശാത്തി സ്വകാര്യ സ്കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ ഈജിപ്റ്റ് സ്വദേശി മുഹമ്മദ് ഹസനാ(35)ണ് കുഴഞ്ഞു വീണു മരിച്ചത്.
മദ്റസതീ പ്ലാറ്റ് ഫോം വഴിയാണ് ക്ലാസ് എടുത്തിരുന്നത്. താമസസ്ഥലത്ത് വെച്ചാണ് അദ്ദേഹം ഓണ്‍ലൈന്‍ ക്ലാസെടുത്തത്. അധ്യാപകന് കുഴഞ്ഞുവീണ കാര്യം കുട്ടികള്‍ മറ്റൊരു അധ്യാപകനെ വിളിച്ചറിയിക്കുകയും അദ്ദേഹം താമസസ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇയര്‍ഫോണും വെച്ചിരുന്നു. സംഭവസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായില്ല. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ദമാം സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്.
ക്ലാസില്‍ പങ്കെടുത്ത കുട്ടികളടക്കം എല്ലാവരേയും സംഭവം ഞെട്ടിച്ചുവെന്ന് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ അദില്‍ അല്‍ സുലൈമാന്‍ പറഞ്ഞു. അദ്ദേഹം കഠിനാധ്വാനിയും സ്വയം അര്‍പ്പിത മനോഭാവമുള്ള മികച്ച അധ്യാപകനായിരുന്നുവെന്നും ആദില്‍ സ്മരിച്ചു. അദ്ദേഹത്തിന്റെ സ്മരാണര്‍ത്ഥം സ്കൂളില്‍ രണ്ട് എന്‍ഡോവ്മെന്റ് പദ്ധതികളും ആരംഭിച്ചു.