പലസ്തീനിലും ടാക്സി ഓടിക്കാന്‍ വളയിട്ട കൈകള്‍. നൈല അബു ജുബ എന്ന അഞ്ച് മക്കളുടെ അമ്മയാണ് ജീവിക്കാനായി ടാക്സി സര്‍വീസ് തുടങ്ങിയിരിക്കുന്നത്. ഏറ്റവും യാഥാസ്ഥിതികമായ ഗാസ പ്രവിശ്യയിലെ ആദ്യ വനിതാ ടാക്സി ഡ്രൈവറാണ് നൈല.
“ധാരാളം ഭീഷണികള്‍ സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നുണ്ട്. പക്ഷേ, അതിനിടയില്‍ ലഭിക്കുന്ന ചില പ്രോത്സാഹനജനകമായ വാക്കുകള്‍ എനിക്ക് വളരെ വിലപ്പെട്ടതാണ്. ഇത് പുരുഷന്മാര്ക്കുള്ള ജോലിയാണെന്ന് ചിലര്‍ പറയുന്നു. ചിലരാകട്ടെ സ്ത്രീകള്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത്. സത്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് ശാന്തരും ശ്രദ്ധാലുക്കളുമായ ഡ്രൈവര്‍മാരാണ്’ – അവര്‍ പറഞ്ഞു.
കമ്മ്യൂണിറ്റി സര്‍വീസ് ബിരുദധാരിയായ നെയ്ല ജോലി ഇല്ലാതായതിനെ തുടര്‍ന്നാണ് ടാക്സി ബിസിനസ്സ് ആരംഭിച്ചത്. നേരത്തെ ബുക്കു ചെയ്യുന്നവര്‍ക്കാണ് നൈലയുടെ സേവനം ലഭിക്കുക. അതും സ്ത്രീകള്‍ക്ക് മാത്രം. സ്ത്രീകളെ ഹെയര്‍ഡ്രെസിംഗ് സലൂണിലും വിവാഹപാര്‍ട്ടികളിലും മറ്റും എത്തിക്കാനുള്ള വിളികളാണ് നൈലക്ക് കൂടുതലും ലഭിക്കുന്നത്. ഒപ്പം ഷോപ്പിംഗ് പോലുള്ളവയ്ക്കും.