അഡിസ് അബാബ: ഇത്യോപ്യയില്‍നിന്ന് 2000 ജൂതരെ ഉടന്‍തന്നെ ഇസ്രയേലിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ഇത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹ്മദുമായി ഫോണ്‍ സംഭാഷണത്തിനു ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. യുഎന്നിന്റെയും അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളുടെയും എതിര്‍പ്പ് മാനിക്കാതെ കുടിയേറ്റക്കാര്‍ക്കായി കൂടുതല്‍ പലസ്തീന് ഭൂമി ഇസ്രയേല്‍ കൈയേറുന്നത് നിരന്തരം സംഘര്‍ഷത്തിന് ഇടയാക്കുന്നതിനിടെയാണ് പുതിയ തീരുമാനം.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ജൂതരെ കുറഞ്ഞ കൂലിക്ക് പണിയെടുപ്പിക്കാവുന്ന രണ്ടാംതരം പൗരരായാണ് ഇസ്രയേല്‍ കണക്കാക്കുന്നത്. 1991ല്‍ ഇത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തിനിടെ രണ്ട് ദിവസംകൊണ്ട് അവിടെനിന്ന് 14500 ജൂതരെ ഇസ്രയേലില്‍ എത്തിച്ചിരുന്നു. 13000 ജൂതര്‍ ഇത്യോപ്യയില്‍ അവശേഷിക്കുന്നതായാണ് കണക്ക്. അവരെ പൂര്‍ണമായി കൊണ്ടുപോകുമെന്ന് അഞ്ച് വര്‍ഷംമുമ്പ് ഇസ്രയേല്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ഇതിനിടെ അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടുള്ള വാരാന്ത്യ പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച ഇസ്രയേലില്‍ നൂറുകണക്കിന് കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് ആളുകള്‍ റാലി നടത്തി. താമസിക്കുന്ന സ്ഥലത്തിന്റെ ഒരുകിലോമീറ്റര്‍ ചുറ്റളവിലേ സമരത്തില്‍ പങ്കെടുക്കാവൂ എന്ന് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിബന്ധനയുണ്ട്. നെതന്യാഹുവിന്റെ വസതിക്കുമുന്നില്‍ നടന്നുവന്ന സമരം കോവിഡ് നിയമത്തെ തുടര്‍ന്നാണ് വികേന്ദ്രീകൃതമാക്കിയത്.