അമേരിക്കയും ചൈനയും ലോകത്തിനു മേല്‍ വരുത്തിവെയ്ക്കുന്ന ചെയ്തികള്‍ നിരവധി കഥാസങ്കേതങ്ങളിലൂടെ സഞ്ചരിച്ച് വളരെ ലളിതമായും ഹാസ്യാത്മകമായും പിച്ചിച്ചീന്തുകയാണ് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് റൂട്ട് മാപ്പ് എന്ന കഥയില്‍. വി.കെ.എന്നിന്റെ അക്ഷേപഹാസ്യപരതയും എം.ടി സ്വീകരിക്കുന്ന അതിസൂക്ഷ്മ കഥാപാത്ര സഞ്ചാരപഥങ്ങളും പുതുകാലത്തിന്റേതായി പകരംവെക്കുകയാണ് ഈ കഥ.
ഒരു ശരാശരി പ്രവാസിയുടെ അതിദീര്‍ഘമായ പ്രവാസകാലവും അതിനു ശേഷമുള്ള നാട്ടിലേക്കുള്ള പറിച്ചുനടലും തുടര്‍ന്നുള്ള ഒറ്റപ്പെടലുകളേയും ആധാരമാക്കിയാണ് കഥാതന്തു വികസിക്കുന്നത്. മക്കളേയും കൂട്ടുകുടുംബത്തേയും പിരിഞ്ഞ് ഒറ്റപ്പെട്ടു ജീവിക്കുന്ന ഭാര്യയും ഭര്‍ത്താവും ശേഷിക്കുന്ന ജീവിതത്തില്‍ പങ്കുവെക്കുന്ന പൊതുവായ ചില കാര്യങ്ങളെ അതിസൂക്ഷ്മമായി അപഗ്രഥിക്കുന്നുണ്ട്. ‘എഴുന്നേല്ക്കുന്നില്ലേ, ചായകുടിക്കുന്നില്ലേ, കുളിക്കുന്നില്ലേ, കഴിക്കുന്നില്ലേ, ഉറങ്ങുന്നില്ലേ..” ഇതെല്ലാം ഇത്തരം ജീവിതങ്ങളുടെ വിരസതയെ ഓര്‍മിപ്പിക്കുന്നു. ഒപ്പം വീടിനടുത്ത് പരിചയക്കാരാരുമില്ലെന്ന വീട്ടമ്മയുടെ പരിതപം പുതുകാല ജീവിതത്തെ സാമൂഹ്യമല്ലാത്ത ഒറ്റപ്പെടലായും കുറിച്ചുവെക്കുന്നുണ്ട്.
എല്ലാം ‘ആപ്പി’ല്‍ കിട്ടുന്ന പുതുകാലത്ത് ബന്ധങ്ങള്‍ മാത്രം ആപ്പ് വഴി ലഭിക്കുന്നില്ലെന്ന് കഥാകൃത്ത് പരിതപിക്കുന്നുണ്ട്. വിരസമായ വിരമിക്കല്‍ ജീവിതത്തിനിടെ കടന്നുവരുന്ന എലി വരുത്തിവെയ്ക്കുന്ന വിന രാഷ്ട്രീയമാനത്തോടെ നോക്കിക്കാണുകയാണ് കഥാകൃത്ത്.
പ്രവാസി തന്റെ സമ്പാദ്യം ഒരു വലിയ വീടാക്കി കുഴിച്ചിടുന്നതിനെതിരേ ‘ഗ്രാനൈറ്റ് വില സ്ക്വയറിന് മുന്നൂറു രൂപയും ജി.എസ്.ടിയും” എന്ന ആക്ഷേപഹാസ്യ പ്രയോഗത്തിലൂടെ കണ്ണുതുറപ്പിക്കുന്നുമുണ്ട്.
അമ്മദ്ക്ക അമ്മദ് മൊതലാളിയാകുമ്പോഴുണ്ടാകുന്ന മാറ്റമാണ് എലിയെ തച്ചുകൊല്ലണം എന്നു കണ്ടെത്തുന്നതിലെ രാഷ്ട്രീയമാനം. ആശുപത്രി ബില്ലിനൊപ്പം അടയ്ക്കേണ്ടിവന്ന ജി.എസ്.ടി തുകയാണ് എലിയെ പ്രതികാരത്തോടെ അടിച്ചുകൊല്ലണം എന്ന സമരമാര്‍ഗം സ്വീകരിക്കാന്‍ അമ്മദിക്കയെ പ്രേരിപ്പിക്കുന്നത്. എന്തും ഏതും അമേരിക്കന്‍ ഉല്പന്നമാണ് നമ്പര്‍ വണ്‍ എന്ന മിഡില്‍ക്ലാസ് മലയാളിയുടെ പൊങ്ങച്ചത്തെ ‘മെയ്ഡ് ഇന്‍ അമേരിക്കന്‍ ഉലക്കയിലൂടെ” ശിഹാബ് കണക്കറ്റ് കളിയാക്കുന്നുണ്ട്.
പൂച്ചയും എലിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിലെ അഡ്ജസ്റ്റ്മെന്റിനെ ഓര്‍മിപ്പിക്കുന്നു. എലി പോയാല്‍ പൂച്ചയില്ലെന്ന തത്വത്തിലൂടെ അമേരിക്കയും ചൈനയും തമ്മിലുള്ള പോരിനേയും കണക്കറ്റ് പരിഹസിക്കുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വം നിരപരാധികളെ മാത്രമേ ശിക്ഷിക്കൂ എന്ന് ഉലക്കയുടെ താത്വിക ശിക്ഷാവിധിയിലൂടെ കഥാകൃത്ത് കണ്ടെത്തുന്നതും ഏറെ ഹാസ്യം പകരുകയാണ്.
എലി ആണാണെന്നും ട്രംപിന്റെ മുഖമുണ്ടെന്നും ഒളിഞ്ഞുനോട്ടക്കാരനാണെന്നും കണ്ടെത്തുകയും പൂച്ചയ്ക്ക് ചൈനക്കാരുടെ മുഖമാണെന്നും ആദ്യം സൗമ്യമാണെങ്കിലും പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ വിസര്‍ജിച്ചു പ്രശ്നമുണ്ടാക്കുന്ന വര്ഗപരരാഷ്ട്രീയത്തിന്റെ പ്രശ്നങ്ങളായി കോവിഡ് വൈറസ് പ്രചാരണ ചിന്തകളില്‍ കൊണ്ടെത്തിക്കുന്നു. ഏകാധിപതികളായ ഭരണാധികാരികളെല്ലാം പൂച്ചക്കാഷ്ടം പോലെ നാറ്റമാണെന്നും കണ്ടെത്തുന്നുണ്ട്. പൂച്ചക്കാഷ്ടത്തെ ചില രാജ്യങ്ങളുടെ മാപ്പുകളായി കാണിക്കുന്നതിലൂടെ ലോകം കോവിഡിന്റെ പ്രചാരണ മാപ്പായും മാറുന്നു.
ജന്തുക്കള്‍ക്ക് അതിര്‍ത്തികളോ രാജ്യങ്ങളോ ഭാഷകളോ ഇല്ലാത്തതിനാല്‍ അവര്‍ സൗമ്യതയോടെ ഇടപെഴുകുന്നുവെന്നു പറയുന്നതിലൂടെ പരസ്പരം വെട്ടിക്കീറാന്‍ നില്ക്കുന്ന മനുഷ്യകുലത്തിനാകെ നാണക്കേടുണ്ടാക്കുകയും ചെയ്യുന്നു. സംരക്ഷിക്കുവാന്‍ വരുന്നവരുടെ ഉപദ്രവമാണ് പ്രാര്‍ഥിച്ച് ആദ്യം മാറ്റേണ്ടതതെന്ന പ്രയോഗം സ്ത്രീസംരക്ഷകരെന്നു നടിക്കുന്നവര്‍ക്ക് ചിലപ്പോള്‍ കുറിക്കു കൊള്ളും.
ആരെയും വലക്കണ്ണിക്കകത്താക്കാന് കഴിയുന്നവരാണ് അധ്യാപകരെന്നും സോഷ്യല്‍ മീഡിയ മണ്ടന്മാരെ സഹിക്കലാണെന്നും ഹാസ്യരൂപേണ കഥാകൃത്ത് പറഞ്ഞുവെക്കുന്നു. ശാസ്ത്രജ്ഞന്മാരും തന്ത്രമന്ത്രങ്ങള്ക്കു പിന്നാലെയാണെന്നു പരിഹസിക്കുന്നുണ്ട്. ഇന്ത്യന്‍ പീനല്‍കോഡ് കാട്ടി ഭരണാധികാരികള്‍ പൗരന്മാരെ വിരട്ടുന്നതിനെയും കണക്കറ്റ് കളിയാക്കുന്നുണ്ട്.
ദൈവം നമ്മളെ ഉപയോഗിക്കുന്നു. നമ്മള് ദൈവത്തേയും സൂത്രത്തില്‍ ഉപയോഗിക്കണമെന്നു പറയുന്നതിലൂടെ മനുഷ്യന് ദൈവങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി നിലകൊള്ളുന്നതിനേയാണ് പരിഹസിക്കുന്നത്. ഇങ്ങനെ രൂക്ഷമായ പരിഹാസ മുനകളിലൂടെയാണ് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് കഥാതന്തുവിന്റെ പൂര്‍ത്തീകരണം സംഭവ്യമാകുന്നത്.
ചൈനയെപ്പോലെ സൗമ്യനായ പൂച്ചയെ റൂട്ട് മാപ്പിനപ്പുറത്തുള്ള പുഴയ്ക്കപ്പുറത്ത് ഉപേക്ഷിച്ചു മടങ്ങിയെത്തുമ്പോള്‍ കഥാനായകന് സ്വന്തം വീട്ടിലേക്കുള്ള റൂട്ട് മാപ്പ് നഷ്ടപ്പെടുന്നതിലൂടെ കഥാപൂര്ത്തീകരണം സാധ്യമാകുന്നു. വളരെ മഹത്തായ ആശയങ്ങളെ നര്‍മ്മത്തിന്റെയും പരിഹാസത്തിന്റെയും സൂചിമുനകളിലൂടെയാണ് കഥ അവസാനിക്കുന്നത്. ചൈനയുടേയും അമേരിക്കയുടേയും ശാസ്ത്ര ഉപകരണങ്ങളിലൂടെ മാത്രമേ ലോകത്തില്‍ എല്ലാം കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും അവിടെ ഇന്ത്യയുടെ തന്ത്രമന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വഴിതെറ്റുന്നവരായി നാം മാറേണ്ടിവരുമെന്നും കഥ പറയാതെ പറഞ്ഞുവെക്കുന്നു.
ശിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ റൂട്ട് മാപ്പ് എന്ന കഥയെക്കുറിച്ച് അന്‍ഷാദ് കൂട്ടുകുന്നം വിലയിരുത്തുന്നു