മലയാളം മാതൃഭാഷാ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറില്‍ സുകുമാര്‍ അഴിക്കോടിന്റെ ലേഖനം കുറ്റിപ്പുഴയുടേതാക്കി

അന്‍ഷാദ് കൂട്ടുകുന്നം

തിരുവനന്തപുരം. മലയാളം മാതൃഭാഷാ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറില്‍ സുകുമാര്‍ അഴിക്കോടിന്റെ ലേഖനം കുറ്റിപ്പുഴയുടേതാക്കി. എട്ടാം ക്ലാസുകാര്‍ക്ക് മലയാളം ബിരുദ ലെവലില്‍ പോലും ചോദിക്കാത്ത തരത്തിലുള്ള ചോദ്യങ്ങള്‍. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും. സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മലയാളം സ്‌കൂള്‍ തലത്തിലെ വാര്‍ഷിക പരീക്ഷകളിലാണു കുട്ടികളെ വെട്ടിലാക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍.
എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയ്ക്കാണു സുകുമാര്‍ അഴിക്കോടിന്റെ ലേഖനത്തിലെ വരികള്‍ കുറ്റിപ്പുഴയുടേതായി തെറ്റായി കൊടുത്തിരിക്കുന്നത്. 8-ാം ക്ലാസിലെ കേരള പാഠാവലി ചോദ്യങ്ങളിലും തെറ്റ് ആവര്‍ത്തിക്കുന്നു. എട്ടാംക്ലാസിലെ നാലാമത്തെ ചോദ്യത്തില്‍ ശരിയുത്തരം നല്‍കിയിട്ടില്ല. പുഴയെ കഥാപാത്ര നിരൂപണം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ആറാംക്ലാസിലെ കുട്ടികളോടാണ്. മാതൃഭാഷ ലളിതമാക്കി വിദ്യാര്‍ഥികളെ കൂടുതല്‍ താല്പര്യമുള്ളവരാക്കി മാറ്റുന്നതിനേക്കാള്‍ ചോദ്യകര്‍ത്താക്കള്‍ക്കിഷ്ടം മാതൃഭാഷയെ ബാലികേറാമലയാക്കുക എന്നതാണ്.
മലയാളം പ്രയാസം എന്ന ധ്വനിയുണ്ടാക്കുന്നതിനാല്‍ കുട്ടികള്‍ മലയാളം ഒന്നാം ഭാഷയില്‍ നിന്നും അകന്നു അറബിക്, ഉര്‍ദു, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ പഠനത്തിനു തെരഞ്ഞെടുക്കുന്നു.
ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളോടു ചോദിച്ചിരിക്കുന്നതു അനാഥബാല്യങ്ങളെ വളര്‍ത്തിയെടുക്കാന്‍ എന്ത് ചെയ്യണമെന്നാണ്. പത്താംക്ലാസിലെ മോഡല്‍ പരീക്ഷയില്‍ 14-മത്തെ ചോദ്യം ‘പത്രങ്ങള്‍ സൂര്യനു ചുവടെയും മേലെയുമുള്ള എല്ലാറ്റിനെയും പറ്റി വൃത്താന്തങ്ങള്‍ തരുന്നുവെന്നു മാത്രമല്ല, അവയെ വിമര്‍ശിക്കുകയും ചെയ്യുന്നു. പക്ഷേ അത്രത്തോളം പത്രങ്ങള്‍ വിമര്‍ശിക്കപ്പെടുന്നില്ല’ സുകുമാര്‍ അഴിക്കോടിന്റെ പത്രനീതി എന്ന ലേഖനത്തിലെ വരികളാണ് കുറ്റിപ്പുഴയുടേതാക്കി മാറ്റിയിരിക്കുന്നത്. മലയാള ചോദ്യപേപ്പറിനെപ്പറ്റി ഭാഷാധ്യാപകര്‍ക്കിടയിലും അതൃപ്തിയുണ്ടായിട്ടുണ്ട്.