ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ എത്തി.സഭയിലെത്തിയ രാഹുല്‍ഗാന്ധിയെ മുദ്രാവാക്യം വിളികളോടെയാണ് അനുയായികള്‍ സ്വീകരിച്ചത്.ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് രാഹുല്‍ ലോക്സഭയില്‍ എത്തിയത്.
രാഹുല്‍ ഗാന്ധി ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലായിരുന്നു.എന്നാല്‍ അതിനിടയിലാണ് രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കിക്കൊണ്ട് സഭയില്‍ എത്തിയത്.കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരില്‍ അവസാനിച്ചത്.
കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര 135 ദിവസം പിന്നിട്ട് കശ്മീരിലെത്തുകയായിരുന്നു.അതേസമയം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രത്യേകിച്ചൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയിരുന്നു.
ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
സര്‍ക്കാരിന്റെ സ്ഥിരം അവകാശവാദങ്ങള്‍ എന്നതിനപ്പുറം പ്രസംഗത്തില്‍ ഒന്നുമില്ലെന്നായിരുന്നു ഖാര്‍ഗെയുടെ വാദം.2024 ലെ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രികയുടെ ആമുഖമാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ തുറന്നുവെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്വകാര്യമേഖലയിലാണ്.അവിടെ പാവപ്പെട്ടവര്‍ക്ക് അടുക്കാനാവില്ല. അഴിമതി വിമുക്തമാണെന്ന് അവകാശപ്പെടുന്നവര്‍ പ്രധാനമന്ത്രിയുടെ സുഹൃത്തായ ബിസിനസുകാരന്റെ തട്ടിപ്പിനെക്കുറിച്ച് പറയാത്തതെന്താണെന്നും ഖാര്‍ഗെ ചോദ്യം ഉന്നയിച്ചിരുന്നു.
ബജറ്റിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിയിലെ വിദഗ്ധരായ നേതാക്കളുടെ വിശദീകരണത്തിന് ശേഷം സംസാരിക്കാമെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി.ബജറ്റ് കാണാതെ അതിനെ കുറിച്ച് സംസാരിക്കുന്നത് ഉചിതമല്ലെന്നും ബജറ്റ് അവതരിപ്പിച്ചതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടിയിലെ വിദഗ്ധരായ നേതാക്കള്‍ സംസാരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.