റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട 12 പ്രതികളെ വാളുകൊണ്ട് തലവെട്ടി കൊന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് 12പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയത്. ഇവരില്‍ മൂന്ന് പാകിസ്ഥാനികളും നാല് സിറിയക്കാരും രണ്ട് ജോര്‍ദാനികളും മൂന്ന് സൗദികളും ഉള്‍പ്പെടുന്നതായി ചില വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റക്കാരായ 81പേരെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട വധശിക്ഷയായിരുന്നു അത്. കൊലപാതകം, തീവ്രവാദം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരായിരുന്നു ഇവര്‍.
കൊലപാതകം, നരഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ മാത്രമേ വധശിക്ഷയ്ക്ക് വിധേയരാക്കൂ എന്ന് 2018ല്‍ സൗദി ഭരണകൂടം പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതികളെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയരാക്കുന്നത്.