ദുബായ്: കാഴ്ച പരിമിതിയുള്ളവർക്ക് മരുന്നുകൾ തിരഞ്ഞെടുത്ത് കഴിക്കാൻ ഇനി അപരരുടെ സഹായം തേടേണ്ടിവരില്ല. ബ്രെയ്ലി ലിപിയിൽ മരുന്ന് പാക്കറ്റുകളിൽ കുറിപ്പടികൾ രേഖപ്പെടുത്തുന്ന നൂതന പദ്ധതിയുമായാണ് യുഎഇ കാഴ്ചപരിമിതിയുള്ളവർക്ക് സഹായവുമായെത്തുന്നത്. സായിദ് ഹയർ ഓർഗനൈസേഷൻ സഹകരണത്തോടെയാണ് വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്. ഇംഗ്ലിഷ്, അറബി ഭാഷകൾക്ക് പുറമെ ഉറുദുവിലും മെഡിസിൻ ലേബലുകളിൽ കുറിപ്പടി അച്ചടിക്കും. നിശ്ചയദാർഢ്യ വിഭാഗക്കാരുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പുവരുത്തുന്നതിനുമുള്ള യുഎഇ സർക്കാരിന്റെ നിർദേശങ്ങളുടെ ഭാഗമായാണ് പദ്ധതി. അവരുടെ കഴിവുകൾ പിന്തുണയ്ക്കുന്നതിനും അവരെ സമൂഹത്തിൽ സമന്വയിപ്പിക്കുന്നതിനും സഹായിക്കുന്ന ഉചിതമായ സേവനങ്ങൾ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയം പ്രതിനിധികൾ വ്യക്തമാക്കി. വിദഗ്ധരുടെ സഹായത്തോടെ മരുന്ന് കുറിപ്പടികളുടെ ബ്രെയ്ലി ലേബലിങ് തയാറാക്കി യുഎഇയിലെ ഏക ബ്രെയ്ലി പ്രസ്സായ സായിദ് ഹയർ ഓർഗനൈസേഷൻ പ്രിന്റിങ് പ്രസ്സിൽ അച്ചടിച്ചാണ് വിപണിയിലെത്തിക്കുന്നത്. സേവന ഉപയോക്താക്കളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും പ്രതികരണം ആരായുന്നതിന് സർവേയും പൂർത്തിയാക്കി. ഈ സംരംഭത്തെക്കുറിച്ചും പങ്കെടുക്കുന്ന ഫാർമസികളുടെ പേരുകളെക്കുറിച്ചും വിശദീകരിക്കുന്നതിന് സോഷ്യൽ മീഡിയ ക്യാംപെയിൻ സംഘടിപ്പിക്കും. ഫാർമസിസ്റ്റുകളുമായും ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായും മന്ത്രാലയം നിരന്തരം സമ്പർക്കം പുലർത്തി വരുന്നുണ്ട്. മരുന്ന് പാക്കേജുകളിൽ ബ്രെയ്ലി പ്രയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് യുഎഇ. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ സുപ്രധാന വികാസമായി ഇതു മാറുമെന്ന കാര്യത്തിൽ സംശയമില്ല. യുഎഇയിൽ താമസിക്കുന്ന വിദേശികളായ കാഴ്ചയില്ലാത്തവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനായി അറബി, ഇംഗ്ലിഷ്, ഉറുദു ഭാഷകളിൽ ബ്രെയ്ലി ലേബലുകൾ ലഭ്യമാണ്.