അബുദാബി: വിമാനത്താവളത്തിലെത്തുന്ന എല്ലാവർക്കും സൗജന്യ പിസിആർ പരിശോധനാ സൗകര്യം ഒരുക്കി അബുദാബി. എമിറേറ്റിലെ വിമാനത്താവളത്തിൽ എത്തുന്നവർക്ക് കോവിഡ് പരിശോധന നടത്തുന്നതിനൊപ്പം 90 മിനിറ്റിനുള്ളിൽ ഫലം ലഭിക്കാനുള്ള സൗകര്യവുമുണ്ട്.
മേഖലയിൽ ഇതാദ്യമായാണ് ഇത്രയും വേഗത്തിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന സൗകര്യം വിമാനത്താവളത്തിൽ ഒരുക്കുന്നതെന്ന് അബുദാബി എയർപോർട്ട്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പിസിആർ പരിശോധനാ ഫലം എസ്എംഎസ്, വാട്സ്ആപ്പ് സന്ദേശങ്ങളായി അയച്ചു നൽകും. അൽഹോസൻ ആപ്പു വഴിയും പരിശോധനാ ഫലങ്ങൾ ലഭിക്കും.
നെഗറ്റീവ് പരിശോധനാ ഫലമുള്ളവരും ഗ്രീൻ രാജ്യങ്ങളിൽനിന്നുള്ളവരും ക്വാറന്റീനിൽ പ്രവേശിക്കേണ്ടതില്ല. അതേസമയം, ഗ്രീൻ പട്ടികയിൽ പെടാത്തവർ പത്തുദിവസം ക്വാറന്റീനിൽ പ്രവേശിക്കണം. ഇവർക്ക് ക്വാറന്റീൻ റിസ്റ്റ് ബാൻഡ് നൽകുന്നതാണ്.
ദേശീയ വാക്സിനേഷന്റെ ഭാഗമായവർക്കും മൂന്നാംഘട്ടം ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി തിരിച്ചറിയൽ രേഖയുള്ളവർക്കും ക്വാറന്റീൻ ചട്ടത്തിൽ ഇളവുകൾ ഉണ്ടായിരിക്കും.