ദോഹ: ഖത്തറിൽനിന്ന് കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് ഉടൻ രാജ്യം വിടാൻ അനുമതി. രാജ്യത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ മൂന്നുമാസത്തിനുള്ളിൽ മടങ്ങിയെത്തിയാൽ ക്വാറന്റീൻ വേണ്ടെന്ന ഇളവ് നേരത്തേ പ്രാബല്യത്തിൽ വന്നിരുന്നു. രണ്ടാംഡോസ് സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള മൂന്നുമാസമാണ് ഇതിന് പരിഗണിക്കുക. 14 ദിവസമെന്ന ഈ കാലയളവ് സംബന്ധിച്ച് പലർക്കും ആശയക്കുഴപ്പമുണ്ടായിരുന്നു.
വാക്സിൻ സ്വീകരിച്ചുകഴിഞ്ഞ് 14 ദിവസം ഖത്തറിൽ തന്നെ നിൽക്കണമെന്ന തെറ്റിദ്ധാരണയും ഉണ്ടായിരുന്നു. ഇതിനാലാണ് ആരോഗ്യ മന്ത്രാലയം വിശദീകരണം പുറത്തിറക്കിയത്. രണ്ടാംഡോസ് സ്വീകരിച്ചുകഴിഞ്ഞ് എപ്പോൾ വേണമെങ്കിലും വിദേശത്തേക്ക് പോകാം. ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തുപോയി മൂന്നുമാസത്തിനുള്ളിൽ തിരിച്ചെത്തിയാലാണ് ക്വാറൻറീൻ ആവശ്യമില്ലാത്തത്. കോവിഡ് പോസിറ്റിവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല. ഇവർ ഖത്തറിലെത്തുമ്പോൾ കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മൂന്നുമാസമെന്ന ഈ കാലയളവ് നീട്ടാനും സാധ്യതയുണ്ട്.