ദുബായ്: ദേശീയ ദിനം ആഘോഷിക്കുന്ന കുവൈറ്റിന് ആശംസയും ആദരവുമായി ദുബായ് നഗരപ്രദേശത്തിന് അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ പേരിട്ട് യുഎഇ.
ദുബായിലെ ഏറ്റവും പഴക്കം ചെന്ന ചരിത്രപ്രാധാന്യമുള്ള പ്രദേശത്തിനാണ് സബാഹിന്റെ പേരു നൽകിയത്. ഡിസംബർ രണ്ട് സ്ട്രീറ്റ് മുതൽ ദുബായ് ക്രീക്ക് വരെ നീളുന്ന അൽ മൻകൂൽ റോഡാണ് ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തത്. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും ഉൾപ്പെടുന്ന ഈ ഭാഗമാണിത്. ദുബായ് റൂളേഴ്സ് കോർട്ടും ഈ മേഖലയിലാണ്. പേരുമാറ്റത്തെത്തുടർന്ന് റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന 55 ബോർഡുകളും സൈൻബോർഡുകളും മാറ്റി സ്ഥാപിച്ചു.
അറബ് ലോകത്തെ ഐക്യത്തിന് ഷെയ്ഖ് സബാഹ് നൽകിയ സംഭാവനകൾക്കുള്ള ആദരമാണിതെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. ദേശീയ ദിനത്തിൽ കുവൈറ്റിന് യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ആശംസാ സന്ദേശം അയച്ചു.
കഴിഞ്ഞയാഴ്ച ഷെയ്ഖ് സബാഹിന്റെ പടുകൂറ്റൻ ചിത്രം ഷെയ്ഖ് മുഹമ്മദ് പ്രകാശനം ചെയ്തിരുന്നു. 15,800 ചതുരശ്ര മീറ്ററിൽ നിർമിച്ച ചിത്രം അൽഖുദ്ര തടാകത്തിന് സമീപത്തെ മരുഭൂമിയിലാണ് പ്രദർശിപ്പിച്ചത്.