റിയാദ്: രേഖകളില്ലാതെ ഹജ്ജിന് പോയി നിയമ കുരുക്കില്‍പ്പെട്ട മലയാളിക്ക് സഹായവുമായി റിയാദ് ഹെല്‍പ്പ് ഡെസ്ക്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രവാസം ജീവിതം നയിക്കുന്ന ആലുവ സ്വദേശി അബ്ദുല്‍ അസീസാണ് ഹജ്ജിന് രേഖകളില്ലാതെ പോയതിനെത്തുടര്‍ന്ന് നീണ്ട കാലത്തെ നിയമക്കുരുക്കില്‍പ്പെട്ടത്.
ബത്ഹയിലെ ഒരു ബൂഫിയയില്‍ ജോലി ചെയ്തു ജീവിതം മുന്നോട്ട് പോകുമ്പോഴാണ് 2015ല്‍ മതിയായ രേഖകളില്ലാതെ ഹജ്ജിന് പോയി പോലീസ് പിടിയിലായത്.
വലിയൊരു തുക പിഴ വിധിക്കുകയും ചെയ്തു. ഇതിനിടെ ഇദ്ദേഹത്തിന് ഇക്കാമ പുതുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ടു.
കഴിഞ്ഞ കുറെ മാസങ്ങളായി പക്ഷാഘാതം വന്ന് ശുമേസി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ശാരീരികമായി ഒരുപാട് അസുഖങ്ങള്‍ ഉള്ള ഇദ്ദേഹത്തിന്റെ വിഷയം റിയാദ് ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തകര്‍ ജീവകാരുണ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ശിഹാബ് കൊട്ടുകാട് അദ്ദേഹത്തിന് യാത്രാനുമതി നല്‍കണമെന്ന് ഇന്ത്യന്‍ എംബസ്സിക്കും റിയാദ് ജവാസത്തിനും അപേക്ഷ നല്‍കുകയും ചെയ്തു.
നാട്ടില്‍ ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അസീസ് എന്ന കാര്യവും രോഗവും പരിഗണിക്കണമെന്നായിരുന്നു അപേക്ഷ. ആഴ്ചകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ നിന്ന് യാത്രാനുമതി ലഭിക്കുകയായിരുന്നു.
വര്‍ഷങ്ങളായി അസീസിന് താമസ സൗകര്യം ഒരുക്കി കൊടുത്ത ദാറുല്‍ ഹുദാ ഉംറ സര്‍വീസ് ഗ്രൂപ്പിനും മാസങ്ങളായി ഇദ്ദേഹത്തിന്റെ ചികിത്സക്ക് വേണ്ടിയും യാത്രാനുമതിക്ക് വേണ്ടിയും സഹായിച്ച ശിഹാബ് കൊട്ടുകാടിനൊപ്പം റിയാദ് ഹെല്‍പ്പ് ഡെസ്കിന്റെ പ്രവര്‍ത്തരായ ഷൈജു നിലമ്പൂര്‍, സലാം പെരുമ്പാവൂര്‍, ഡൊമനിക് സാവിയോ, റിജോ ഡൊമിനിക്കോസ്, സോണിയ റെനില്‍, അനസ് ജരീര്‍ മെഡിക്കല്‍ എന്നിവരും സഹായത്തിന് കൂടെയുണ്ടായിരുന്നു.