ദമ്മാം: സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ അധ്യായം രചിച്ച് പ്രതിരോധ സേനയിലെ വിവിധ വകുപ്പുകളിലേക്ക് നിയമനത്തിനായി വനിതകളെ ക്ഷണിച്ച് സൗദി ആഭ്യന്തരമന്ത്രാലയം. പ്രതിരോധ സേനയിലെ ‘ഫസ്റ്റ് സോൾജ്യർ’ തസ്തികയിലേക്കുള്ള നിയമനത്തിന്റെ വിജ്ഞാപനം പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രമുഖ വെബ്പോർട്ടലായ അബ്ഷിർ വഴി ഫെബ്രുവരി 18ന് മുൻപായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
റിയാദിലെ കിങ് ഫഹദ് സെക്യൂരിറ്റി കോളെജ് കേന്ദ്രീകരിച്ചുള്ള പ്രതിരോധ സേനയുടെ പരിശീലന കോഴ്സിന് ശേഷമാവും യോഗ്യതയ്ക്കും പ്രകടനങ്ങൾക്കുമനുസരിച്ചുള്ള വിന്യാസം. ഒട്ടേറെ ഉപവകുപ്പുകളുള്ള സുരക്ഷാസേനയിലെ ഉദ്യോഗാർഥികൾക്കുള്ള സവിശേഷ പരിശീലന-പ്രവർത്തന കോഴ്സ് നടത്തിവരുന്ന സ്ഥാപനമാണിത്. പരിശീലന കാലയളവ് പൂർത്തിയാക്കുന്ന മുറയ്ക്ക്, യോഗ്യതാ മാനദണ്ഡങ്ങളനുസരിച്ച് പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുസുരക്ഷാ വിഭാഗം, സിവിൽ ഡിഫൻസ്, ഡ്രഗ് കൺട്രോൾ, ഇൻറലിജൻസ് ബ്യൂറോകൾ, എമിഗ്രേഷൻ, ജയിലുകൾ തുടങ്ങിയ വിവിധ സുരക്ഷ വകുപ്പുകളിലേക്ക് നിയമിക്കാനാണ് പദ്ധതി.
2019 ഒക്ടോബറിലാണ് മന്ത്രാലയം വനിതകളെ പ്രതിരോധ സേനയിൽ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസങ്ങളിലായി തദ്ദേശീയ വിമാന കമ്പനികളിൽ 23ഓളം സ്വദേശി വനിതകൾ വ്യോമ ഗതാഗത രംഗത്തെ വിവിധ തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചുവെന്നതാണ് മറ്റൊരു മുന്നേറ്റം. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷെൻറ (ജി.എ.സി.എ) ഔദ്യോഗിക വക്താവ് ഇബ്രാഹിം അൽറുസയാണ് ഇതുസംബന്ധിച്ച വിശദാശങ്ങൾ പുറത്തുവിട്ടത്. വ്യോമ ഗതാഗത രംഗത്തെ, സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശികൾക്കായി 10,000ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് ഈ രംഗത്തെ 50 തസ്തികകളിലേക്ക്, വനിതകളെ ക്ഷണിച്ചുകൊണ്ട് ദേശീയ എയർലൈൻ കമ്പനിയായ സൗദി എയർലൈൻസ് വിജ്ഞാപനം ഇറക്കിയത്. ആഴ്ചകൾക്കുമുമ്പ്, വ്യോമ ഗതാഗത രംഗത്തെ 28 തൊഴിലുകളില് സ്വദേശിവത്കരണം മൂന്ന് വർഷത്തിനകം നടപ്പാക്കുമെന്ന് ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. വ്യോമഗതാഗത മേഖലയിലെ പൈലറ്റ്, ഫ്ലൈറ്റ് അറ്റൻഡൻറ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർവൈസർ, ഫ്ലൈറ്റ് യാർഡ് കോഓഡിനേറ്റർ, ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങൾ, കാർഗോ/ ലഗേജ് എന്നിവയുടെ മേൽനോട്ടം, ഫ്ലൈറ്റ് കാറ്ററിങ് തുടങ്ങിയ തൊഴിലുകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക.